
















ഇന്ത്യന്‍ വംശജരായ ധനിക ദമ്പതികള്‍. ലണ്ടനില്‍ വലിയ തോതില്‍ ബന്ധങ്ങളും, ഉയര്‍ന്ന വരുമാനവും നേടിവരുന്നു. പക്ഷെ അവരുടെ മകനെ ബാധിച്ച ഗുരുതര രോഗത്തിന്റെ ആഘാതം മനസ്സ് തകര്‍ത്തപ്പോള്‍ തങ്ങളുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ 36-ാം നിലയില്‍ നിന്നും കുടുംബം താഴേക്ക് ചാടി മരണം വരിക്കുകയായിരുന്നു.
ഗുരുതരമായി രോഗം ബാധിച്ചിരുന്ന ഒന്‍പത് വയസ്സുള്ള മകനെ മരണത്തിന് വിട്ടുകൊടുക്കാനായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് അയച്ചതിന് ശേഷമാണ് ദാരുണ സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
47-കാരന്‍ രാകേഷ് പൈ, ഭാര്യ 46-കാരി അതിദി പരാല്‍കര്‍, മകന്‍ എന്നിവരാണ് സൗത്ത് ലണ്ടനിലെ എലിഫന്റ് & കാസിലിലുള്ള ഹൈപോയിന്റ് ടവര്‍ ബ്ലോക്കിലെ 36-ാം നിലയില്‍ നിന്നും ചാടിയത്. ഫിനാന്‍സ് സ്‌പെഷ്യലൈസേനുള്ള രാകേഷനും, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സീനിയര്‍ പദവികള്‍ വഹിച്ച അദിതിയും കണ്‍സള്‍ട്ടന്റുമാരായാണ് ജോലി ചെയ്തിരുന്നത്. 
മകന്‍ സിദിന്റെ രോഗാവസ്ഥകള്‍ അമ്മ അദിതിയെ വിഷാദത്തിലേക്കും, മറ്റ് മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്കും തള്ളിവിട്ടിരുന്നവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. യുകെയില്‍ ജനിച്ച സിദിന് സംസാര ശേഷിയില്ലായിരുന്നു. കൂടാതെ മറ്റ് ഭാഗിക വൈകല്യങ്ങളും, കിഡ്‌നി രോഗവും ബാധിച്ചിരുന്നു. ഇതോടെ മകനെ വീട്ടിലിരുത്തി പഠിപ്പിക്കുന്ന ഉത്തരവാദിത്വം അമ്മ ഏറ്റെടുത്തു.
മെഡിക്കല്‍ ചികിത്സ അവസാനിപ്പിച്ച് ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതോടെയാണ് ദുരന്തം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇനിയൊരു ചികിത്സാ സാധ്യതയില്ലെന്നത് രാകേഷിനെയും, അദിതിയെയും മാനസികമായി തകര്‍ത്തിരുന്നു. ആറ് വര്‍ഷം മുന്‍പ് യുകെയില്‍ നിന്നും ഇന്ത്യയിലെത്തി ചികിത്സ നടത്തിയെങ്കിലും മകന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.