
















പ്രഭാത നടത്തത്തിനിടെ 18 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സംഘം. അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് സംഭവം. മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയെ ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ ഉപേക്ഷിച്ചു.
ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎന്‍ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. അജ്ഞാതരായ പ്രതികള്‍ സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പരിഭ്രാന്തരായ കുടുംബം ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനിലെ ഒരു യാത്രക്കാരന്‍ സംശയാസ്പദമായ നിലയില്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ചാക്ക് കണ്ടതോടെ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
പ്രതികളെ കണ്ടെത്തുന്നതിനായി ദിബ്രുഗഡ് പൊലീസ് വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലെ നിരീക്ഷണ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.