റെഡ്ഫോര്‍ഡ്: പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന യു.കെ മലയാളി വിജയകുമാറിന്റെ ആകസ്മിക നിര്യാണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും യു.കെ മലയാളികള്‍ ഇനിയും പൂര്‍ണ്ണമുക്തി നേടിയിട്ടില്ല. എങ്കിലും ആദ്യ അമ്പരപ്പ് മാറ്റി വച്ച് വിജയകുമാറിന്റെ മരണത്തോടെ അനാഥമായി തീര്‍ന്ന കുടുംബത്തെ സഹായിക്കാന്‍ യുക്മയും അതുപോലെയുള്ള സന്നദ്ധ സംഘടനകളും റെഡ്ഫോര്‍ഡ് മലയാളികളോടൊപ്പം ശ്രമം ആരംഭിച്ചു. സംഭവം അറിഞ്ഞയുടന്‍ വിജയകുമാറിന്റെ വീട്ടിലെത്തിയ റെഡ്ഫോര്‍ഡ് മലയാളി ജോസിലൂടെയായിരുന്നു വിജയകുമാറിന്റെ മരണവാര്‍ത്ത മറ്റ് മലയാളികള്‍ അറിഞ്ഞത്. ജോസ് വിളിച്ചു പറഞ്ഞതനുസരിച്ച് വിവരം അറിഞ്ഞ യുക്മ പ്രസിഡന്റ് വിജി കെ.പി, ജോയിന്റ് സെക്രട്ടറി ബിന്‍സു ജോണ്‍ എന്നിവര്‍ വിജയകുമാറിന്റെ ഭാര്യ ഇന്ദുവിനെ വിളിച്ചാശ്വസിപ്പിക്കുകയും യു.കെ മലയാളികളുടെ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് യുക്മ പ്രതിനിധികളായ മധു എബ്രഹാം, ലിജോ ജോണ്‍, വിജയന് കുമാര്‍, സ്റ്റീഫന്‍ തോമസ്, ബിനോയ് വര്‍ഗീസ് എന്നിവര്‍ വിജയകുമാറിന്റെ ഭവനം സന്ദര്‍ശിക്കുകയും ചെയ്തു.
യു.കെയില്‍ വന്നിട്ടധികം കാലമാകാത്ത വിജയകുമാറും ഇന്ദുവും ജീവിതം കരുപ്പിടിപ്പിച്ചു കൊണ്ട് വരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി വിജയകുമാറിനെ മരണം തട്ടിയെടുത്തിരിക്കുന്നത്. ഉറ്റവരെയും ഉടയവരെയും മാത്രമല്ല ആകെയുള്ള ഒരു പിഞ്ചോമനയെപോലും പിരിഞ്ഞ് യു.കെ യിലേക്ക് വരുമ്പോള്‍ നമ്മളോരോരുത്തരെയും പോലെ ഈ കുടുംബത്തിനും ഉണ്ടായിരുന്നു ഒരു പാട് സ്വപ്നങ്ങള്‍. പക്ഷെ ക്രൂരമായ വിധി ആ സ്വപ്നങ്ങള്‍ പൂവണിയാന്‍ അനുവദിച്ചില്ല. നാട്ടിലുള്ള മകളെ കൊണ്ടുവന്നു കൂടെ താമസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ആണ് ഈ ദുരന്തം സംഭവിച്ചത്. യു.കെ യിലെത്തി അധിക കാലം ആകാത്ത ഈ കുടുംബത്തിനു വിജയകുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ധനസ്ഥിതിയോ ഇവിടെ ബന്ധുബലമോ ഇല്ല. ഇന്ന് അവര്ക്കാകെയുള്ള ബന്ധുക്കള്‍ നമ്മള് മാത്രമാണ്. ആയതിനാല്‍ ഈ കുടുംബത്തെ സഹായിക്കാനും നാട്ടിലുള്ള കുഞ്ഞുമകള്‍ക്ക് അച്ഛന്റെ മുഖം അവസാനമായി കാണാനും ഉള്ള അവസരം ഒരുക്കേണ്ട ബാധ്യത നമുക്കോരോരുത്തര്‍ക്കും ഉണ്ട്. ഒരു നിമിഷം ഈ കുടുംബത്തിന്റെ സ്ഥാനത്ത് നിങ്ങളുടെ തന്നെ കുടുംബത്തെ ഒന്ന് കാണുക, അതോടൊപ്പം നിങ്ങളാല്‍ കഴിയുന്ന തുക അതെത്ര ചെറുതോ വലുതോ ആകട്ടെ താഴെക്കൊടുത്തിരിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിച്ച് ഈ കുടുംബത്തെ സഹായിക്കുക. വിധിയെ നമുക്ക് തോല്‍പ്പിക്കാന്‍ ആവില്ലെങ്കിലും അതേല്പ്പിക്കുന്ന ആഘാതം കുറയ്ക്കാന്‍ നമ്മുടെ നല്ല മനസ്സിന് കഴിയും എന്നത് ഓര്‍ക്കുക. മരണമടഞ്ഞ വിജയകുമാറിന്റെ ഭാര്യ ഇന്ദു ഗോപിനാഥിന്റെ അക്കൗണ്ട് ഡീറ്റയില്‍സ് ആണ് കൊടുത്തിരിക്കുന്നത്. യുക്മ ചാരിറ്റി ഫൗണ്ടേഷന് രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന ഈ ദുരന്തത്തിനിരയായ ഈ കുടുംബത്തെ സഹായിക്കാന്‍ എല്ലാ യു.കെ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നതായി ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഷാജി തോമസും ട്രഷറര്‍ രഞ്ജിത്കുമാറും അറിയിച്ചു.
ഇന്ദുവിന്റെ അക്കൗണ്ട് ഡീറ്റയില്‍സ്:
Name: Indu Gopinath
Account Number: 10060170
Sort Code: 60-10-26
Bank: Natwest