CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 7 Seconds Ago
Breaking Now

മഞ്ഞണിഞ്ഞ നവംബർമാസ ദിവസത്തെ ഊഷ്മളമാക്കാൻ യുക്മ നാഷണൽ കലാമേള നവംബർ 30 ന്. പ്രായോജകരായി അലൈഡ് ഫിനാന്‍സ്, മുത്തൂറ്റ്, ജോര്‍ജ്ജ് ക്ലെയിംസ് തുടങ്ങിയവര്‍...

ലിവര്‍പൂള്‍: നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം എത്തുന്ന വിഖ്യാതമായ യുക്മ നാഷണൽ കലാമേളയിൽ അരങ്ങുണർത്താൻ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരും കലാകാരികളും എത്തുമ്പോൾ നവംബർ മാസത്തിലെ തണുപ്പിന്റെ ആലസ്യത്തിലമർന്ന ലിവർപൂളിലെ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ അങ്കണം യുക്മയുടെ നാലാമത് നാഷണൽ കലാമേള വേദിയായ വി.ദക്ഷിണാമൂർത്തി നഗറായി മാറുകയായി. യുക്മ യുടെ എട്ട് റീജിയനുകളിലും നിന്നുള്ള മൽസരാർത്ഥികൽ മാറ്റുരക്കുന്ന നാല്  വേദികളിലും അലയടിക്കുന്ന മത്സരച്ചൂട് നവംബറിലെ കുളിരിനെ അപ്പാടെ മാറ്റി യുക്മ എന്ന ആവേശമായി അലയടിക്കുന്നതിനു സാക്ഷിയാകാൻ എല്ലാ യു കെ മലയാളികളെയും യുക്മ നാഷണൽ കമ്മിറ്റി ലിവർപൂളിലേക്ക് ക്ഷണിക്കുന്നു. റീജിയണൽ കലാമേളകൾ എല്ലാം കഴിഞ്ഞ് നാഷണൽ കലാമേളയിൽ പങ്കെടുക്കാൻ അർഹത നേടിയവർ നേരിടേണ്ടി വരുന്ന കടുത്ത മത്സരത്തെ അതിജീവിക്കാനുള്ള കടുത്ത പരിശീലനത്തിലാണ്.  വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി നാഷണൽ കലാമേള കമ്മിറ്റിയും, നോർത്ത് വെസ്റ്റ്‌ റീജിയനും, ആതിഥെയരായ ലിംകയും അതിഥികളെ സ്വീകരിക്കാൻ കാത്തിരിക്കുന്നു.


മുൻ വർഷങ്ങളിലെ വിജയ സങ്കൽപ്പങ്ങൾ മാറിമറിഞ്ഞ റീജിയണൽ കലാമേളയാണ് ഇക്കുറി നടന്നത്. മുൻ വർഷങ്ങളിലെ റീജിയണൽ ചാമ്പ്യൻമാരായിരുന്ന അസോസിയേഷനുകൾ പല റീജിയനുകളിലും അട്ടിമറിക്കപ്പെട്ടു. ഉന്നത നിലവാരത്തിലുള്ള പ്രകടനങ്ങളുമായി പുതിയ അസ്സോസിയേഷനുകൾ കടുത്ത പരിശീലനം നൽകി മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതും  കൂടുതൽ അസ്സോസിയേഷനുകൾ യുക്മയിൽ അംഗത്വമെടുത്ത് കലാമേളയിൽ പങ്കെടുക്കുകയും ചെയ്തതാണ് പല സമവാക്യങ്ങളും പൊളിച്ചെഴുതപ്പെടാൻ കാരണം. എറ്റവും കൂടുതൽ പോയന്റു നേടി യുക്മയുടെ പ്രഥമ റീജിയനായ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റിൽ നിന്നും ഗ്ലൊസ്റ്റർഷെയർ മലയാളി അസ്സോസിയേഷൻ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ ഈസ്റ്റ്‌ ആൻഡ്‌  വെസ്റ്റ്  മിഡ്ലാൻ ഡ്സിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും റെഡ്ഡിച്ചും മികച്ചു നിന്നു. ഈസ്റ്റ്‌ ആംഗ്ലിയയിൽ ഇപ്സ്വിച് മലയാളി അസ്സോസിയേഷനും കെ സി എ ഇപ്സ്വിച്ചും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. നോർത്ത് വെസ്റ്റിൽ എം എം സി എ യും, യോർക്ക്‌ ഷെയർ ആന്റ് ഹംബറിൽ കീത്ത്ലി മലയാളി അസ്സോസിയേഷനും വെയിൽസിൽ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയും റീജിയണൽ ചാമ്പ്യൻമാരായപ്പോള്‍ സ്വാന്‍സി മലയാളി അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഈ വർഷത്തെ നാഷണൽ ചാമ്പ്യൻഷിപ്പിന് വെല്ലുവിളിയുയർത്തി കലയുടെ വസന്തം വിരിയുന്ന പ്രകടനങ്ങളുമായി നാഷണൽ കലാമേളക്ക് എത്തുന്ന ഈ സംഘടനകളെ മറ്റു സംഘടനകളോടൊപ്പം യുക്മ നാഷണൽ കമ്മിറ്റി അഭിനന്ദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്യുന്നു.കലാമേളക്കായി കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കുന്ന മാതാപിതാക്കളെയും അവരുടെ അദ്ധ്യാപകരേയും മത്സരത്തിനായി പരിശീലനം മുറ തെറ്റാതെ പൂർത്തിയാക്കി വിസ്മയജനകമായ പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാർത്ഥികളെയും അഭിനന്ദിക്കാൻ എല്ലാ യു കെ മലയാളികളെയും ലിവർപൂളിലെ വി ദക്ഷിണാമൂർത്തി നഗറിലേക്ക് യുക്മ നാഷണൽ കമ്മിറ്റി വിനയ പുരസ്സരം സ്വാഗതം ചെയ്യുന്നു.


യൂണിയൻ ഓഫ്‌ യു കെ മലയാളി അസ്സോസിയേഷൻസ്‌ (യുക്മ)യുടെ നാലാമത് നാഷണൽ കലാമേളയുടെ മെഗാ സ്പോൺസറായി തിരഞ്ഞെടുക്കപ്പെട്ടത്‌ യു കെ യിൽ  ഇൻഷുറൻസ് രംഗത്ത് പ്രശസ്ത സേവനം കാഴ്ച വയ്ക്കുന്ന അലൈഡ് ഫിനാൻഷ്യൽ സർവീസസ് ആണ്. ആക്സിഡന്റു  ഇന്ഷുറൻസ്, ലൈഫ് ആന്റ് ക്രിട്ടിക്കൽ ഇൽനെസ്  ഇൻഷുറൻസ് എൽ ഐ സി യു കെ പോളിസികൾ എന്നിവ നൽകുന്ന അലൈഡ് ഗ്രൂപ്പിന്റെ സേവനം ഇൻഷുറൻസ് രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. യു കെ മലയാളി സമൂഹത്തിന്റെ പ്രധാന എല്ലാ പരിപാടികളെയും സ്പോൻസർ ചെയ്യുന്ന അലൈഡ് ഗ്രൂപ്പ് യുക്മയുടെ ആദ്യ കലാമേള മുതൽ യുക്മയെ അതിന്റെ വിവിധ പ്രവർത്തനങ്ങളിൽ താൽപ്പര്യത്തോടെ സഹായിക്കുന്നതിൽ മുൻപന്തിയിലാണ്. ലോകമെമ്പാടും ശാഖകളുള്ള മുത്തൂറ്റ് ഫിനാൻസ് കോർപ്പറേഷൻ ആണ് യുക്മ നാഷണൽ കലാമേളയുടെ മറ്റൊരു പ്രായോജകർ. യു കെ മലയാളികൾക്ക് മിതമായ നിരക്കിൽ നാട്ടിലേക്കും  മറ്റു വിദേശ രാജ്യങ്ങളിലേക്കും പണം അയക്കുന്നതിനുള്ള സൗകര്യം ഇവരുടെ വിവിധ സേവനങ്ങളിൽ ഒന്ന് മാത്രമാണ്. യു കെ യിൽ ആക്സിഡന്റ്‌ ആന്റ്‌ പേഴ്സണൽ ഇഞ്ചുറി ക്ലയിം രംഗത്ത്‌ അതിവിശിഷ്ട സേവനം ലഭ്യമാക്കുന്ന ജോർജ്ജ്‌ ക്ലെയിമും യുക്മയെ അതിന്റെ പ്രവർത്തനങ്ങളിൽ ആദ്യ കാലം മുതൽ പ്രോത്സാഹിപ്പിച്ചു വരുന്നത് ഇത്തവണയും മുടക്കമില്ലാതെ തുടരുന്നു,  ഇവരെ കൂടാതെ കേരളത്തില്‍ റിട്ടയര്‍മെന്റ് ഹോമുകള്‍ നല്ല രീതിയില്‍ നടത്തുന്ന ബ്ലെസ് ഹോംസ്, യു.കെ യിലെ മികച്ച സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍സ് & കമ്പനി സോളിസിറ്റഴ്സ് എന്നിവരും യു.കെ മലയാളികളുടെ ഈ മഹോത്സവത്തിന്റെ പ്രയോജകരായി രംഗത്തുണ്ട്. യു കെ യിലെ ഭൂരിഭാഗം  പ്രമുഖ മലയാളി അസ്സോസിയേഷനുകളുടെ പിൻബലത്തോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും സർഗ്ഗ വാസനക്കളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി  കലാമേള വേദികൾ അരങ്ങാക്കുകയും ചെയ്യുന്ന യുക്മ എന്ന മഹാസംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഈ സംരംഭകരുടെ നിലപാട് അഭിനന്ദനീയമാണ്.

യുക്മ നാഷണൽ പ്രസിഡന്റ്‌ ശ്രീ വിജി കെ പി യുടെയും, സെക്രട്ടറി ബിൻസു ജോണിന്റെയും, ട്രഷറര്‍ അഡ്വ ഫ്രാൻസീസ് മാത്യു കവളക്കാട്ടിലിന്റെയും നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയുടെ കൂട്ടായ പരിശ്രമമാണ്‌ കലാമേള നടത്തിപ്പിനാവശ്യമായ ഫണ്ട്  കണ്ടെത്തുന്നുതിന്‌ യുക്മക്ക്‌ തുണയായത്‌. തങ്ങളുടെ കഴിവും പരിചയസമ്പത്തും ഉപയോഗിച്ച്‌ സന്നദ്ധ സേവന മനസ്ഥിതിയോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായ്യുള്ള ഇവരുടെ പ്രവർത്തനങ്ങളെ സ്മരിക്കാതെയും ശ്ലാഖിക്കാതെയും വയ്യ! യുക്മ റിജിയണൽ കലാമേളകൾ ഭംഗിയായി നടത്തി വിജയിപ്പിച്ച റിജിയണൽ കമ്മിറ്റികളെയും, ഭാരവാഹികളെയും പ്രത്യേകം സ്മരിക്കുന്നതായും അവർക്ക്‌ നാഷണൽ കമ്മിറ്റിക്കു വേണ്ടി  കൃതജ്ഞത പ്രകാശിപ്പിക്കുന്നതായും ശ്രീ വിജി കെ പി അറിയിച്ചു. യുകെയിലുള്ള മുഴുവൻ മലയാളികളെയും പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ വി ദക്ഷിണാമൂർത്തി സ്വാമികളുടെ അനുസ്മരണാർത്ഥമുള്ള ലിവർപൂളിലെ യുക്മയുടെ നാലാമത്  നാഷണൽ കലാമേള  വേദിയിലേക്ക്  ക്ഷണിക്കുന്നതായും യു കെ യിലെ കലാ സ്നേഹികളായ മുഴുവൻ മലയാളികളും ഈ പരിപാടിയിൽ പങ്കെടുത്ത്‌ ഈ മഹാമേളയെ പ്രോൽസാഹിപ്പിക്കണമെന്നും യുക്മ നാഷണൽ കലാമേള കമ്മിറ്റിക്ക് വേണ്ടി ഭാരവാഹികൾ അഭ്യർത്ഥിച്ചു. നവംബർ 30ന് ലിവർപൂളിലെ ദക്ഷിണാമൂർത്തി സ്വാമികൾ നഗർ എന്ന് നാമകരണം ചെയ്തിട്ടുള്ള യുക്മ നാഷണൽ കലാമേള വേദിയിലേക്ക്‌ എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.