CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 51 Minutes 18 Seconds Ago
Breaking Now

യുക്മ നാഷണൽ കലാമേള കാരൂർ സോമൻ ഉദ്ഘാടനം ചെയ്യും, കലാവസന്തം ഇതള്‍ വിരിയാന്‍ ഇനി മൂന്ന്‍ നാളുകള്‍ കൂടി മാത്രം.

യുകെയില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്ന ഈ കലാമേളയില്‍ പങ്കെടുക്കുവാനും ആസ്വദിക്കാനും എത്തുന്നവര്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

യുകെയിലെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ യുക്മ നാഷണല്‍ കലാമേളയ്ക്ക് തിരി തെളിയാന്‍ ഇനി മൂന്നു നാളുകള്‍ കൂടി മാത്രം. ലിവർപൂളിലെ വി ദക്ഷിണാമൂർത്തി നഗറിൽ അരങ്ങേറുന്ന നാലാമത് യുക്മ നാഷണൽ കലാമേള ഒരു വന്‍ വിജയമാക്കി തീര്‍ക്കാന്‍ ആതിഥേയ അസോസിയേഷനായ ലിംകയും ആതിഥേയ റീജിയനായ നോര്‍ത്ത് വെസ്റ്റും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ്. കലാമേള പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ്കുട്ടി ഫ്രാന്‍സിസ്, ലിംക പ്രസിഡന്റ് തമ്പി ജോസ്, കലാമേള കമ്മറ്റിയംഗങ്ങളായ ബിജു പീറ്റർ, തോമസ്‌ ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബ്രോഡ്ഗ്രീന്‍ സ്കൂളിനെ ദക്ഷിണാമൂര്‍ത്തി നഗറായി മാറ്റി കഴിഞ്ഞു. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ നാല് വേദികള്‍ മത്സരാര്‍ത്ഥികള്‍ക്കായി തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. യുകെയില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്ന ഈ കലാമേളയില്‍ പങ്കെടുക്കുവാനും ആസ്വദിക്കാനും എത്തുന്നവര്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അറുനൂറിലധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം സ്കൂള്‍ അങ്കണത്തില്‍ തന്നെ ഒരുക്കിയിരിക്കുമ്പോള്‍ കോച്ചുകളില്‍ എത്തുന്നവര്‍ക്കായി സ്കൂള്‍ ഗേറ്റിനോടു ചേര്‍ന്നുള്ള റോഡ്സൈഡില്‍ തന്നെയാണ് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 30 ശനിയാഴ്ച കാലത്ത് ഒന്‍പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കുകയും പത്ത് മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കുന്നതും ആയിരിക്കും. യുകെയിലെ പ്രമുഖ സാഹിത്യകാരനായ ശ്രീ. കാരൂര്‍ സോമന്‍ ആണ് യുക്മ കലാമേള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത്. വിവിധ സാഹിത്യ ശാഖകളില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ. കാരൂര്‍ സോമനെ ഈ വേദിയില്‍ വച്ച് പൊന്നാട നല്‍കി ആദരിക്കുന്നതുമായിരിക്കും. യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ. വിജി കെ.പി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ജനറല്‍ സെക്രട്ടറി ശ്രീ. ബിന്‍സു ജോണ്‍ സ്വാഗതവും ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു നന്ദിയും ആശംസിക്കും.

യുക്മ നോര്‍ത്ത് വെസ്റ്റ്‌ റീജിയന്‍ ഒറ്റക്കെട്ടായി കലാമേളയുടെ വിജയത്തിനായി ആതിഥേയ അസോസിയേഷനൊപ്പം കലാമേളയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നു. യുക്മ ജോയിന്‍റ് സെക്രട്ടറി ആന്‍സി ജോയ്, കലാമേളയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററും നാഷണല്‍ കമ്മറ്റി മെമ്പറുമായ അലക്സ് വര്‍ഗീസ്‌, റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യു, സെക്രട്ടറി അഡ്വ. സിജു ജോസഫ്, ആര്‍ട്സ് കോര്‍ഡിനേറ്റര്‍ ജോയ് അഗസ്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാമേള വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റീജിയണല്‍ കമ്മറ്റി.  എട്ടു റീജിയനുകളില്‍ നിന്നും എത്തുന്ന അറുനൂറോളം വരുന്ന കലാകാരന്മാര്‍ക്കും രണ്ടായിരത്തോളം വരുന്ന കാണികള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ദക്ഷിണാമൂര്‍ത്തി നഗറില്‍ ഒരുങ്ങിയിരിക്കുകയാണ്.

കാലത്ത് പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്നു നാല് സ്റ്റേജുകളിലും ഇടതടവില്ലാതെ മത്സരങ്ങള്‍ നടക്കുന്നതായിരിക്കും. കലാമേളയുടെ സമാപനത്തോടനുബന്ധിച്ച് സാംസ്കാരികസമ്മേളനവും ഉണ്ടായിരിക്കും. യുക്മ സാംസ്കാരിക വേദിയുടെ ഔപചാരിക ഉദ്ഘാടനം, യുക്മ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രഖ്യാപനം തുടങ്ങിയവ സാംസ്കാരിക സമ്മേളനത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. യുകെയിലെ പ്രശസ്ത നാടകകൃത്തും നടനുമായ ശ്രീ. ശശി കുളമട സാംസ്കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥി ആയിരിക്കും. നിരവധി യുകെ മലയാളികളുടെ കൂട്ടായ പരിശ്രമ ഫലമായി അരങ്ങേറുന്ന യുക്മ നാഷണൽ കലാമേള ആസ്വദിക്കാനുള്ള അസുലഭാവസരം നഷ്ടമാക്കരുതെന്ന് എല്ലാ യുക്മ സുഹൃത്തുക്കളെയും അനുഭാവികളെയും സവിനയം ഓർമ്മിപ്പിക്കട്ടെ.

പ്രവാസി മലയാളി സമൂഹങ്ങളുടെ ചരിത്രത്തിൽ യുക്മ കലാമേള പോലെ ഒരു കലാവസന്തം ലോകത്തൊരിടത്തും നടക്കുന്നില്ല. 41 ഇനങ്ങളിൽ ആയി 520 ൽ അധികം കലാ മത്സരങ്ങൾ അരങ്ങേറുന്ന വേദി യുക്മയുടെ സ്വകാര്യ അഹങ്കാരമായി നില നിൽക്കും. വ്യക്തമായ മാനദണ്ടം അനുസരിച്ച് യുകെയിൽ ലഭ്യമായവരിൽ മികച്ച വിധികർത്താക്കൾ വിജയികളെ തീരുമാനിക്കുന്ന യുക്മ കലാമേളയുടെ വിശ്വാസ്യത സംഘടനയുടെ കരുത്തായി ഇന്നും നില കൊള്ളുന്നു. ആഘോഷിക്കൂ യുക്മയോടൊപ്പം എന്ന സ്ലോഗനെ അന്വര്‍ഥമാക്കുന്നതിനായി എല്ലാ യുകെ മലയാളികളെയും ഒരിക്കല്‍ കൂടി ലിവര്‍പൂളിലെ ദക്ഷിണാമൂര്‍ത്തി നഗറിലേക്ക് സ്വാഗതം ചെയ്യുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.