CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 33 Minutes 31 Seconds Ago
Breaking Now

യുക്മ നാഷണല്‍ കലാമേളയില്‍ രക്ത ദാന ബോധവല്‍ക്കരണവുമായി ഡോക്ടര്‍മാരുടെ സംഘവും

രക്താര്‍ബുദ ചികിത്സയ്ക്ക് ആവശ്യമായ സ്റ്റെം സെല്‍ ഡോണേഷന്‍ ബോധവല്‍ക്കരണവുമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ കൂടുതല്‍ അംഗങ്ങളിലേക്ക്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സൗത്ത്‌ എന്‍ഡിലും നോട്ടിംഗ്‌ഹാമിലും നടന്ന കലാമേളയോട് അനുബന്ധിച്ച് ചാരിറ്റി ഫൗണ്ടേഷന്റെ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറോളം പേരാണ് ഈ കൗണ്ടറുകള്‍ വഴി സ്റ്റെം സെല്‍ ദാനം ചെയ്യാന്‍ തയ്യാറായി രജിസ്റ്റര്‍ ചെയ്തത്. ഏതൊരാള്‍ക്കും പിടിപെടാവുന്ന ഈ മാരക രോഗത്തെക്കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും അതില്‍ രക്തദാനത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചും മനസിലായപ്പോള്‍ ഈ സംരഭത്തോട്  സഹകരിക്കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. 

ശനിയാഴ്ച നടക്കുന്ന നാഷണല്‍ കലാമേളയിലും ഇതേ ബോധവത്കരണത്തിനായി  യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. സ്റ്റെം സെല്‍ ദാനം സംബന്ധിച്ച്  മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുന്നതിനായി  ന്യൂകാസിലില്‍ നിന്നുള്ള ഡോക്ടര്‍ ആദിബിന്റെ നേതൃത്വത്തില്‍ മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം ആയിരിക്കും ബോധവത്കരണത്തിനു നേതൃത്വം നല്‍കുക. കലാമേള നടക്കുന്ന പ്രധാന സ്റ്റേജിന്റെ സമീപം തയ്യാറാക്കുന്ന പ്രത്യേക കൗണ്ടറില്‍ തല്‍സമയം സ്റ്റെം സെല്‍ ദാന പട്ടികയില്‍ പേര് ചേര്‍ക്കാനും അവസരം ഉണ്ടായിരിക്കും.



മുപ്പത്തിരണ്ടാം വയസില്‍ രക്താര്‍ബുദം പിടിപെട്ട് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പാലത്തില്‍ കഴിയുന്ന ഇല്‍ഫോര്‍ഡ്‌ സ്വദേശി ജീസനന്‍റെ അവസ്ഥയാണ്  രക്ത ദാന ബോധവല്‍ക്കരണവുമായി  മുന്നോട്ടു വരാന്‍ യുക്മ ചാരിറ്റി ഫൗണ്ടേഷനെ പ്രേരിപ്പിച്ചത്. തനിക്ക് ചേരുന്ന സ്റ്റെം സെല്‍ തേടിയുള്ള പ്രയാണത്തിലാണ് ജീസനും കുടുംബവും .സ്വന്തം കുടുംബത്തിലും കമ്യൂണിറ്റിയിലും നാട്ടിലും ജീസന്റെ ബന്ധുക്കള്‍ ഇതിനായി അന്വേഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും യോജിക്കുന്ന സ്റ്റെം സെല്‍ ലഭിക്കുവാനുള്ള സാധ്യത വളരെ വിരളമാണെന്നതും ഇത് സംബന്ധിച്ച ഡാറ്റാബേസ് ഇല്ലാത്തതും ഈ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നു.

ജനിതകപരമായ കാരണങ്ങളാല്‍ സ്വന്തം വംശജരുടെ സ്റ്റെം സെല്ലാണ് രോഗബാധിരായ ഏഷ്യന്‍ വംശജര്‍ക്ക്  യോജിക്കുക. ഇവിടെയാണ്‌ യു കെ മലയാളികളായ നമുക്ക് നിര്‍ണായക പങ്കു വഹിക്കുവാന്‍ സാധിക്കുക. യു കെയിൽ ഈയിടെ നടന്ന ഒരു സർവേ പ്രകാരം സ്റ്റെം ഡോണേഷൻ രജിസ്ട്രിയിൽ ഏഷ്യക്കാർ തികച്ചും വിരളമാണ്. നൂറു ഏഷ്യക്കാർക്ക് ആറ് പേർ എന്ന അനുപാതത്തിലാണ്  രജിസ്ട്രിയിലെ എഷ്യക്കാരുടെ എണ്ണം. ബാക്കി വരുന്ന 94 പേർക്ക് സ്റ്റെം സെൽ ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അജ്ഞത മൂലമാണ് മലയാളികള്‍ അടക്കമുള്ള ഏഷ്യന്‍ വംശജര്‍ സ്റ്റെം സെല്‍ ദാന രജിസ്റ്ററില്‍ പേര് ചേര്‍ക്കാന്‍ വിമുഖത കാണിക്കുന്നത്.


രക്തദാനത്തിന് സമാനമായതാണ് സ്റ്റെം സെല്‍ ദാനവും.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാന്‍ നാം ദാനം ചെയ്യുന്നത് രക്തം തന്നെയാണ്.നമ്മുടെ ശരീരത്തില്‍ നിന്നെടുക്കുന്ന  രക്തത്തിലെ സ്റ്റെം സെല്ലുകള്‍ വേര്‍തിരിച്ചതിന് ശേഷം രക്തം തിരികെ നമുക്ക് നല്‍കുകയും ചെയ്യും.സാധാരണ രക്തം നല്‍കുന്നത് പോലെയുള്ള ഈ പ്രക്രിയ വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെ മാത്രമെ ചെയ്യുകയുമുള്ളൂ. നാം ദാനം ചെയ്യുന്ന സ്റ്റെം സെല്ലുകള്‍ വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് രോഗബാധിതനായ വ്യക്തിക്ക് നല്‍കുക..ഈ ചികില്‍സ സംബന്ധിച്ച് മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും കൂടുതല്‍ മലയാളികളെ  സ്റ്റെം സെല്‍ ദാന രജിസ്റ്ററില്‍ ചേര്‍ക്കുന്നതിനുമാണ് ഈ  പ്രചാരണത്തിലൂടെ യുക്മ  ചാരിറ്റി ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.