CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 44 Seconds Ago
Breaking Now

ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാല ഭക്തിനിറവിൽ നടന്നു.

ന്യുഹാം:  ലണ്ടനിൽ 2014 ലെ (ഏഴാമത്) ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിനിർഭരമായി.  ശ്രീ ഭഗവതിയുടെ നടയില്‍ നിന്നും മേല്‍ശാന്തി  പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച്   മുഖ്യ സംഘാടക ഡോ ഓമന ഗംഗാധരന് നല്‍കിക്കൊണ്ട് ലണ്ടന്‍ പൊങ്കാലക്ക് നാന്ദി കുറിച്ചു.  തുടർന്ന് ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുർഗ്ഗയുടെ നടയിലെ  വിളക്കില്‍ നിന്നും കേരളത്തനിമയിൽ പെൻകുട്ടികൾ പട്ടു പാവാടയും, സ്ത്രീകൾ സെറ്റ് മുണ്ടും അണിഞ്ഞു കേരളത്തനിമയിൽ  എത്തിയ ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു. പിന്നീട് താലപ്പൊലിയുടെയും പഞ്ച വാദ്യമേളത്തിന്റെയും അകമ്പടിയോടെ ഭദ്രദീപം എടുത്തു  ഷേത്രത്തിന്റെ സമുച്ചയത്തിന്റെ ഉള്ളിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ട് യാഗാര്‍പ്പണ പീഡത്തിലെത്തിച്ചു.



ശ്രീ മുരുകൻ ടെമ്പിളിന്റെ സ്വർണ്ണ കൊടിമരത്തിന്റെ ചുവട്ടിൽ ജയ ദുർഗ്ഗ നടയുടെ മുമ്പിലായി   അറുന്നൂറോളം ഭക്ത ജനങ്ങൾ ഒത്തു കൂടിയ ലണ്ടനിലെ ആറ്റുകാൽ പൊങ്കാല ഉത്സവം ചരിത്രത്തിന്റെ ഭാഗമായി.  ദുർഗ്ഗനട മുതൽ ഗണപതി നട വരെ നീണ്ട സ്ത്രീകളുടെയും, പെൻകുട്ടികളുടെയും  താലം പിടിച്ചു കൊണ്ടുള്ള നീണ്ട ലൈനുകൾ ഏറെ ശ്രദ്ധേയമായി. 


ഏഴാമത് പൊങ്കാലയുടെ വൻ വിജയത്തിൽ മുൻ സിവിക് അംബാസഡറും, ബ്രിട്ടീഷ്‌ ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് ചെയർ പേഴ്സണും , കൗണ്‍സിലറുമായ ഡോ.ഓമന ഗംഗാധരന്റെ സംഘാടകത്വം ശ്രദ്ധേയമായി. ഡോ.ഓമനയെ ആദരിക്കുകകും ഉണ്ടായി.  BAWN ഗ്രൂപ്പ്, ആറ്റുകാൽ സിസ്റ്റേഴ്സ് എന്നിവർ  ഓമനയുടെ നേതൃത്വത്തിന് താങ്ങായി ഒപ്പം ഉണ്ടായിരുന്നു.   ഗ്രൂപ്പ് സന്നിഹിതരായ എല്ലാവർക്കും അന്ന ധാനം നടത്തി.  ദൂര സ്ഥലങ്ങളിൽ നിന്നു മുള്ളവർ തലേ ദിവസം തന്നെ ലണ്ടനിൽ എത്തിയിരുന്നു. 



അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നിവേദ്യങ്ങള്‍ പാത്രത്തില്‍ വേവിച്ചു ആറ്റുകാല്‍ അമ്മയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. 

 പൊങ്കാലയിൽ പങ്കു ചേർ ന്ന മുന്‍ ക്യാബിനറ്റ് മന്ത്രിയും ഈസ്റ്റ്‌ഹാം പാര്‍ലിമെന്റ് മെമ്പറുമായ സ്റ്റീഫെന്‍ ടിംസിനെ നേരത്തെ പൂജാരിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.  പൊങ്കാല ആഘോഷം അവിസ്മരണീയ ഓർമ്മകൾ സമ്മാനിച്ചുവെന്നു പറഞ്ഞ ടിംസ് നാടിന്റെ നന്മക്ക് ഈ പുണ്യ യാഗം ഫലവത്താകട്ടെ എന്നും ആശംസിച്ചു.


വിശാലമായ  ശ്രീകോവിലിലെ പ്രത്യേകം തയ്യാറാക്കിയ ഹോമ കുണ്ടത്തിലാണ്  യാഗാര്‍പ്പണം നടത്തിയത്. നിവേദ്യം പാകം ചെയ്തതിനു ശേഷം  ദേവീ ഭക്തര്‍ക്ക് പൊങ്കാല പഞ്ച നൈവേദ്യ വിഭവങ്ങള്‍ വിതരണം ചെയ്തു. പൊങ്കാല പായസ ചോറ്, മണ്ട പുറ്റ് (രോഗ ശാന്തിക്കായുള്ള  നേർച്ച ) വെള്ളച്ചോര്‍,  തെരളി , പാല്‍പ്പായസം എന്നിവയാണ് പഞ്ച നൈവേദ്യ വിഭവങ്ങള്‍ ആയി സമര്‍പ്പിച്ചത്.
പൊങ്കാലയിൽ എത്തിച്ചേര്‍ന്ന എല്ലാ ദേവി ഭക്തര്‍ക്കും കേരള തനിമയില്‍ അന്നദാനമായി ഊണും പഞ്ച നൈവേദ്യ വിഭവങ്ങളും നല്‍കി. 



ചടങ്ങളുടെ ആരംഭത്തില്‍ കൗണ്‍സിലർ ഷാമ അഹമ്മദ്, മുൻ ന്യുഹാം മേയർ, ക്ഷേത്ര സമിതി പ്രസിഡന്റ്  ശ്രീ സമ്പത്ത് കുമാര്‍, സെക്രട്ടറി ദക്ഷിണാമൂർത്തി തുടങ്ങി ട്രസ്റ്റിലെ പ്രമുഖ മെമ്പർമാരും സന്നിഹിതരായിരുന്നു. 

അഭൂതപൂർ വ്വമായി വളര്‍ന്നു വരുന്ന ഈ പൊങ്കാല ആചരണം ഭാവിയില്‍ ബ്രിട്ടനിലെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും ശ്രദ്ദേയമായ ഒരു ചടങ്ങായി മാറും എന്ന് ശ്രീ സമ്പത്ത് കുമാർ അഭിപ്രായപ്പെട്ടു.  തുടര്‍ന്ന് ഡോ ഓമന ഗംഗാധരന് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയുടെ ഉത്ഭവം മുതലുള്ള കാര്യങ്ങൾ വിവരിക്കുകയും ഏവര്‍ക്കും നന്മയും നന്ദിയും നേരുകയും ചെയ്തു.  ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും നേടിയാണ് ഭക്തര്‍ ക്ഷേത്രം വിട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.