CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 42 Seconds Ago
Breaking Now

യു.കെ മലയാളികള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പിന്തുണയ്ക്കണം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍ ജയപ്രകാശ്

രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ ഭാരതത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജനാധിപത്യ മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതിനു വേണ്ടി യു.കെ  മലയാളികള്‍ ഒറ്റക്കെട്ടായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെയും പിന്തുണയ്ക്കാന്‍ തയ്യാറാവണമെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍ ജയപ്രകാശ് അഭ്യര്‍ത്ഥിച്ചു. ഒ.ഐ.സി.സി യു.കെ  നോര്‍ത്താംപ്ടണ്‍ സിറ്റി കൗണ്‍സില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വോട്ടവകാശം നടപ്പിലാക്കിയത് കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ പ്രവാസികള്‍  തുല്യതയുള്ള പൗരന്മാരായി മാറിയിരിക്കുകയാണ്. പ്രവാസി വോട്ടവകാശം നടപ്പിലാക്കിയതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള ദേശീയ നേതാക്കളുടെയും എം.പിമാരുടേയും പങ്ക് വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്ങ്  നടപ്പിലാക്കുന്നതിനു വേണ്ടി സര്‍ക്കാരിനു മുന്നില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കെ.പി.സി.സി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.



വിദേശ രാജ്യങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ഓരോ പരിപാടികളും നാട്ടില്‍ പാര്‍ട്ടിയ്ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണെന്നും അഡ്വ. സി.ആര്‍ ജയപ്രകാശ് സൂചിപ്പിച്ചു. കേരളത്തിന്റെ പുരോഗതിയ്ക്ക് വിദേശമലയാളികള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും അതിനനുസരിച്ചുള്ള പരിഗണ പ്രവാസികള്‍ക്ക് നല്‍കുന്നതിനു ഏറ്റവുമധികം നടപടികള്‍ സ്വീകരിച്ചിട്ടുള്ള സര്‍ക്കാരാണ്  മുഖ്യമന്ത്രി  ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേവല ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദങ്ങളായ നടപടികളാണ് സര്‍ക്കാരിന്റെ സ്ഥിരത വര്‍ദ്ധിപ്പിക്കുന്ന  തരത്തിലേയ്ക്ക് രാഷ്ട്രീയ സംഭവവികാസങ്ങള്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ .എസ്.പിയുടെ വരവ് ഈ ലോക്​സഭാ തെരഞ്ഞെടുപ്പില്‍ വളരെയേറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഈ ലോക്​സഭാ തെരഞ്ഞെടുപ്പില്‍ നാട്ടില്‍ വോട്ടവകാശമുള്ള എല്ലാ യു.കെ മലയാളികളും അത് വിനയോഗിക്കണമെന്നും അല്ലാത്ത മുഴുവന്‍ ആളുകളും ​ നാട്ടിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോണില്‍ ബന്ധപ്പെട്ട് കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂലമായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.



നോര്‍ത്താംപ്ടണ്‍ കിങ്സ്ലി പാര്‍ക്ക് മെതഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് കൗണ്‍സില്‍ കമ്മറ്റി കണ്‍വന്‍ഷന്‍  സംഘടിപ്പിച്ചിരുന്നത്.ഉദ്ഘാടകനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ മുന്‍ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സി.ആര്‍ ജയപ്രകാശിനെ ഒ.ഐ.സി.സി യു.കെ ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജും ഈസ്റ്റ് മിഡ്ലാന്റ്സ് റീജണല്‍ കമ്മറ്റി പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുടയും ചേര്‍ന്നു  ബൊക്കെ നല്‍കി സ്വീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ , വൈസ് പ്രസിഡന്റ് തോമസ് പുളിക്കല്‍ , നോര്‍ത്താംപ്ടണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വേണ്ടി ഒ.ജി സുരേഷ്കുമാര്‍ എന്നിവര്‍ ത്രിവര്‍ണ്ണ ഷാളുകള്‍ അണിയിച്ചു.


അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജെയ്സണ്‍ ജോര്‍ജ് യു.കെയിലെ ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആമുഖ പ്രഭാഷണത്തില്‍ വിശദമാക്കി. അഡ്വ. സി.ആര്‍ ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.


എബി സെബാസ്റ്റ്യന്‍ , തോമസ് പുളിക്കല്‍ , അനു കെ ജോസഫ്, ജോണ്‍സണ്‍ യോഹന്നാന്‍ , ഒ.ജി സുരേഷ്കുമാര്‍ , തോമസ് കോശി, അബ്രാഹം ജോസ് എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് നോര്‍ത്താംപ്ടണ്‍ സിറ്റി കൗണ്‍സില്‍ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. റീജണല്‍ വൈസ് പ്രസിഡന്റ് മനു സഖറിയ സ്വാഗതവും അഡ്വ. വിന്‍സ് പുലിക്കോട്ടില്‍ നന്ദിയും രേഖപ്പെടുത്തി.



യോഗത്തിനു ശേഷം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയര്‍ന്നു വന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി എംബസിയിലെത്തുന്നവര്‍ പ്രതികൂലമായ കാലാവസ്ഥയില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വരുന്നതും പ്രാഥമിക ആവശ്യങ്ങള്‍  നിര്‍വഹിക്കാന്‍ പോലും അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമല്ലാത്തതും ഉദ്യോഗസ്ഥരുടെ നിഷേധാത്മകമായ പെരുമാറ്റ രീതികളുമെല്ലാം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടെ മുമ്പാകെ അംഗങ്ങള്‍ ഉന്നയിച്ചു. ഈ വിഷയത്തില്‍  വിശദമായ പരാതി  തയ്യാറാക്കി കെ.പി.സി.സിയ്ക്ക് നല്‍കുന്നതിനു അഡ്വ. സി. ആര്‍ ജയപ്രകാശ് ഒ.ഐ.സി.സി ദേശീയ കമ്മറ്റിയ്ക്ക് നിര്‍ദേശം നല്‍കി. കെ.പി.സി.സി പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു കേന്ദ്രമന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി തയ്യാറാക്കി  സമര്‍പ്പിക്കുവാന്‍  കെ.പി.സി.സി-ഒ.ഐ.സി.സി കോര്‍ഡിനേഷന്‍ ചുമതലയുള്ള   അനു.കെ ജോസഫിനെ ദേശീയ കമ്മറ്റി ചുമതലപ്പെടുത്തി.

യുക്മ നഴ്സസ് ഫോറം സെക്രട്ടറി കൂടിയായ അബ്രാഹം ജോസ് കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനു കുടിയേറിയിട്ടുള്ള നഴ്സുമാരുടെയും നിലവില്‍ ജോലി തേടുന്നവരും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും  അതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കെ.പി.സി.സി തയ്യാറാവണമെന്നും ഉള്ള ആവശ്യം ഉന്നയിച്ചു. കാലാകാലങ്ങളില്‍ വിദേശരാജ്യങ്ങളില്‍ മാറിവരുന്ന തൊഴില്‍നിയമങ്ങളും  ചട്ടങ്ങളും മനസ്സിലാക്കുന്നതിനു കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ലെന്നും അത് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും അബ്രാഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ വിശദമായ ഒരു റിപ്പോര്‍ട്ട് നല്‍കിയാല്‍ കെ.പി.സി.സി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അഡ്വ. സി.ആര്‍ ജയപ്രകാശ് വ്യക്തമാക്കി.

ഇരട്ടപൗരത്വം  ഇന്ത്യ അനുവദിക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍  കെ.പി.സി.സിയുടെ പൂര്‍ണ്ണമായ പിന്തുണ ഉറപ്പാക്കണമെന്ന അഭ്യര്‍ത്ഥന മനു സഖറിയ ഉന്നയിച്ചു. ആറന്മുള എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാവണമെന്നും പത്തനംതിട്ട ജില്ലയിലേയും സമീപപ്രദേശങ്ങളിലേയും പ്രവാസിമലയാളികളുടെ ദുരിതം കുറയ്ക്കുവാന്‍ ഇത് സഹായകരമാവുമെന്നും റീജണല്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ യോഹന്നാന്‍ ചൂണ്ടിക്കാട്ടി. എയര്‍പോര്‍ട്ട് നിലവില്‍ വരുവാന്‍ കെ.പി.സി.സിയുടെ പിന്തുണ ഉണ്ടാവണമെന്നും ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചു.  ചര്‍ച്ചകള്‍ക്ക് ശേഷം ഒ.ഐ.സി.സി യു.കെയുടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അഡ്വ. സി. ആര്‍ ജയപ്രകാശിനോട് ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജും ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യനും ചേര്‍ന്ന് വിശദീകരിച്ചു. ഇതുവരെയുള്ള ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും യു.കെയില്‍ വന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റിനോടും ചുമതലയുള്ള ഭാരവാഹികളോടും അറിയുക്കുമെന്നും അദ്ദേഹം പറഞ്ഞു.


 




കൂടുതല്‍വാര്‍ത്തകള്‍.