CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 55 Seconds Ago
Breaking Now

ക്രൈസ്തവ സഭയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ ആക്ഷേപിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍- ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

പൊതു സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളും നിസ്വാര്‍ത്ഥ സേവനങ്ങളും വിലപ്പെട്ടതാണെന്നും സഭാസംവിധാനങ്ങളെയും സേവനങ്ങളെയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍ ആണെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന സീറോ മലബാര്‍ സഭ അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിബോധവും ധര്‍മ്മനിഷ്ഠയുമുള്ള അല്മായ സമൂഹത്തിന് നാം നേതൃത്വം നല്‍കണമെന്നും കര്‍ഷകരെ വേദനിപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാന്‍ കഴിയില്ലെന്നും പരിസ്ഥിതിയുമായി അലിഞ്ഞു ചേര്‍ന്നവര്‍ പരിസ്ഥിതി വിരുദ്ധരാവുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസത്തിന്റെ പേരില്‍ നീതി നിഷേധിക്കുന്ന ദളിത് ക്രൈസ്തവ, നാടാര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും രാഷ്ട്രത്തിന്റെ മുഖ്യധാരയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ പൊതു വിഷയങ്ങളില്‍ കൂടുതല്‍ ഐക്യത്തോടു പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ മല്പാന്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ലോകത്ത് ഉടനീളം നിരന്തരം പീഢനങ്ങള്‍ ഏറ്റുകൊണ്ടാണ് ക്രൈസ്തവ സമൂഹം മുന്നോട്ട് നീങ്ങുന്നതെന്നും, പീഢിപ്പിക്കപ്പെടുന്ന നമ്മള്‍ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കണമെന്നും, ആക്ഷേപങ്ങളിലും അവഹേളനങ്ങളിലും തളരുകയോ തകരുയുകയോ ചെയ്യുന്നതല്ല ക്രൈസ്തവ സമൂഹവും വിശ്വാസ സത്യങ്ങളെന്നും, ഭൗതിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം സമുദായത്തിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവും തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കുവാന്‍ അല്മായ സമൂഹത്തിന് ആകണമെന്നും, പശ്ചിമഘട്ടത്തിലെ ജനതയുടെ ജീവിക്കുവാനുള്ള പോരാട്ടത്തിന് ശക്തമായ നേതൃത്വം കൊടുക്കുന്നവരെ അവഹേളിക്കുന്നത് ദുഖഃകരവും ഭരണസംവിധാനങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ സന്ദേശം നല്‍കി. കത്തീഡ്രല്‍ വികാരി ഫാ. തോമസ് തുമ്പയില്‍, നിയുക്ത സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് പനക്കേഴം, അതിരൂപത പ്രസിഡന്റ് ടോമിച്ചന്‍ അയ്യരുകുളങ്ങര, ജനറല്‍ സെക്രട്ടറി സൈബി അക്കര, ജോസുകുട്ടി കുട്ടംപേരൂര്‍, പ്രൊഫ. കെ.കെ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സഭാതാരം ജോണ്‍ കച്ചിറമറ്റത്തെയും, ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യനെയും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പൊന്നാടയണിയിച്ച് ആദരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ചരിത്ര ഏടുകളിലൂടെ, ആധുനിക സമൂഹത്തില്‍ സഭ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകള്‍ നടന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ തോമസുകുട്ടി മണക്കുന്നേല്‍, വിജയന്‍ കരിമ്പന്‍മാക്കല്‍, ടോമി ഇളന്തോട്ടം, ജോസ് മുക്കം, ബാബു വള്ളപ്പുര, ക്യാപ്റ്റന്‍ ജോര്‍ജ് വാതപ്പള്ളി, ഔസേപ്പച്ചന്‍ ചെറുകാട്, പൗലോസ് നെല്ലിക്കാപ്പള്ളി, നൈനാന്‍ തോമസ്, ജെയിംസ് മുതിരപ്പറമ്പില്‍,  തുടങ്ങിവര്‍ പ്രസംഗിച്ചു. ആനുകാലിക കാര്‍ഷിക ദളിത് വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.