CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 54 Minutes 34 Seconds Ago
Breaking Now

ഇതാദ്യമായി മലയാളി നേഴ്‌സ് യു.കെ.യില്‍ തെരഞ്ഞെടുപ്പ് രംഗത്ത് - ട്രാഫോര്‍ഡില്‍ ആശ തോമസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി

യു.കെ. രാഷ്ട്രീയ രംഗത്തെ ആദ്യ മലയാളി നേഴ്‌സ് എന്ന അപൂര്‍വ നേട്ടത്തിന് ആശ അര്‍ഹയാകുന്നു.

സാബു കുര്യന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നേതാവായതോടെ  മലയാളികള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും പാര്‍ട്ടിയില്‍ അംഗീകാരവും വന്‍ പരിഗണനയും ലഭിച്ചു തുടങ്ങി.  മേയില്‍ നടക്കുന്ന  കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളാണ് പാര്‍ട്ടി മലയാളികള്‍ക്കായി ഓഫര്‍  നല്‍കിയത്. ഇതില്‍ ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റുനാലുപേരെ കൂടി പരിഗണിക്കുന്നുണ്ട്. 

ട്രാഫോര്‍ഡ് കൗണ്‍സിലിന്റെ ഏഴാം വാര്‍ഡായ ക്ലിപ്ടണില്‍ മലയാളി നേഴ്‌സും ആലപ്പുഴയിലെ കണ്ണങ്കര സ്വദേശിനിയുമായ ആശാ തോമസിന്റെ സ്ഥാനാര്‍ഥിത്വമാണ് പാര്‍ട്ടി അംഗീകരിച്ചത്. യു.കെ.യില്‍ കുടിയേറിയ മലയാളി നേഴ്‌സുമാര്‍ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി മല്‍സരിക്കുന്നു എന്നതാണ്  ആശയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.  യു.കെ. രാഷ്ട്രീയ രംഗത്തെ ആദ്യ മലയാളി നേഴ്‌സ് എന്ന അപൂര്‍വ നേട്ടത്തിന് ആശ അര്‍ഹയാകുന്നു.

മാഞ്ചസ്റ്റര്‍ എം.ആര്‍.ഐ ഹോസ്പിറ്റലിലെ നേഴ്‌സാണ് ആശ തോമസ്. തൊഴില്‍ രംഗത്ത് തങ്ങളുടെ കഴിവും മികവും തെളിയിച്ചുകഴിഞ്ഞ മലയാളി നേഴ്‌സുമാര്‍  യു.കെ.യിലെ രാഷ്ട്രീയ രംഗത്തേക്കും കടന്നുവരുന്നു എന്നതാണ് ആശയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ സംജാതമാമയിരിക്കുന്നത്. ഇന്ത്യന്‍ സമൂഹം കൂടുതലുള്ള ക്ലപ്ടണ്‍ വാര്‍ഡില്‍ ഭാഗ്യം തുണച്ചാല്‍ ആശ കൗണ്‍സിലറാകും. മുഴുവന്‍ മലയാളി നേഴ്‌സുമാരുടെയും പ്രതിനിധിയും അഭിമാനവുമായി ആശ മാറുകയും ചെയ്യും. 

2001 ല്‍ യു.കെ.യില്‍ വന്ന ആശ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ട്രാഫോര്‍ഡിലെ മലയാളികളുടെ നാടകവേദിയിലെ അംഗം എന്ന നിലയിലും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്. ഷിജു ജോസ് ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു മക്കള്‍. 

രാഷ്ട്രീയ രംഗത്തേക്ക് നേഴ്‌സുമാര്‍ കടന്നുവരുന്നത് തൊഴില്‍ മേഖലയില്‍  മലയാളി നേഴ്‌സുമാരുടെ അന്തസും അംഗീകാരവും ഉയര്‍ത്തും എന്നതില്‍ തര്‍ക്കമില്ല. മുഴുവന്‍ മലയാളി നേഴ്‌സുമാരുമാണ് ആശയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.  കൂടുതല്‍ മലയാളി നേഴ്‌സുമാര്‍ക്ക് രാഷ്ട്രീയ രംഗത്ത് കടന്നുവരുന്നതിനുള്ള പ്രചോദനമാണ് ആശയുടെ സ്ഥാനാര്‍ഥിത്വം. തൊഴില്‍ രംഗത്ത് മലയാളി നേഴ്‌സുമാര്‍  നേരിടുന്ന അവഗണനയും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും രാഷ്ട്രീയ രംഗത്തെ സാന്നിധ്യത്തിലൂടെ സാധിക്കും. 

സാബു കുര്യന്‍ ഫ്രണ്ട്‌സ് ഓഫ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പേട്രണായതോടെ മലയാളി നേഴ്‌സുമാര്‍ ആരോഗ്യമേഖലയില്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളോട് വിശദീകരിക്കുകയും അവ പാര്‍ട്ടിയുടെ വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെണ്‍ ഡൗണിങ് സ്ട്രീറ്റില്‍ നടന്ന ചടങ്ങിലാണ് സാബു കുര്യന്‍െ ഫ്രണ്ടസ് ഓഫ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പേട്രണായി പ്രഖ്യാപിച്ചത്. പാര്‍ട്ടി ചെയര്‍മാന്‍ ആന്‍ഡ്രു ഫീല്‍ഡ്മാന്‍, മുതിര്‍ന്ന മന്ത്രിമാര്‍, എം.പി മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

എന്‍.എച്ച്.എസിലും നേഴ്‌സിങ് ഹോമുകളിലും മലയാളി നേഴ്‌സുമാര്‍ അവിഭാജ്യ ഘടകമാണെന്നും സേവന സന്നദ്ധരും മികച്ച പ്രഫഷണലുകളുമായ മലയാളി നേഴ്‌സുമാരെ കൂടുതല്‍ റിക്രൂട്ട് ചെയ്ത് ഈ മേഖലയിലെ നേഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കണമെന്നും ശക്തിയായി വാദിക്കുന്നുണ്ട്. . ഐ.എല്‍.ടി.എസിന് ഉയര്‍ന്ന സ്‌കോര്‍ എന്ന മാനദണ്ഡം പുനപരിശോക്കണമെന്നും സാബു ആവശ്യപ്പെട്ടിരിക്കുകയാണ്.

മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തിന് അഞ്ച് കൗണ്‍സില്‍ സീറ്റുകള്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത പാര്‍ട്ടി ഒരു നേഴ്‌സിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം സാബു മാഞ്ചസ്റ്ററിലെ പാര്‍ട്ടി നേതാക്കളോട്  നിര്‍ദേശിക്കുകയായിരുന്നു. അതിന് പച്ചക്കൊടി ലഭിച്ചതോടെ  സ്ഥാനാര്‍ഥിയെ കണ്ടെത്താനായി കൂടിയാലോചന. ആശയോട് സ്ഥാനാര്‍ഥിയാകുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ആശ മടികൂടാതെ സമ്മതിച്ചു. ഭര്‍ത്താവ് ഷിജുവിന്റെ പ്രോല്‍സാഹനംകൂടിയായതോടെ മല്‍സരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.  

പത്തുപേരുടെ പിന്തുണയോ ആശയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. വെള്ളക്കാരിയായ ക്രിസ്റ്റീനയാണ് ആശയുടെ ഇലക്ഷന്‍ ഏജന്റ്. വരും ദിവസങ്ങളില്‍ പ്രചാരണത്തിന് തുടക്കം കുറിക്കും. 

ന്യൂഹാം കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓമന ഗംഗാധരനാണ് മലയാളി വനിതകള്‍ക്കിടയിലെ ആദ്യ കൗണ്‍സിലര്‍. 




കൂടുതല്‍വാര്‍ത്തകള്‍.