CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Minutes 20 Seconds Ago
Breaking Now

ലിവര്‍പൂളില്‍ ത്യാഗത്തിന്റെ സ്മരണ ഉണര്‍ത്തി ഉയിര്‍പ്പിന്റെ പ്രത്യാശയില്‍ ഈസ്റ്റര്‍ ആഘോഷം

പ്രത്യാശയുടെയും ത്യാഗത്തിന്റെയും നന്മയുടെയും സ്മരണയുണര്‍ത്തി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ലിവര്‍പൂളിലെ മലയാളികളും ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലിവര്‍പൂള്‍ കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി നെയിം ചര്‍ച്ചില്‍ ഇന്നലെ രാത്രി നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങൾക്കും പ്രാർത്ഥനകൾക്കും വലിയ ഒരു വിശ്വാസി സമൂഹം ഭക്തിപ്പൂർവ്വം പങ്കെടുത്തു.

ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ക്കും വി.കുര്‍ബ്ബാനയ്ക്കും ഫാ.ഡെര്‍ബിന്‍ ജോസഫ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈസ്റ്റര്‍ നമ്മെ മരണത്തില്‍ നിന്നും ജീവിതത്തിലേക്കും ജീവന്റെ ഉയര്‍പ്പിലേക്കും നയിക്കുന്ന ദിവസമാണെന്ന് ഈസ്റ്റർ സന്ദേശത്തിൽ കാർമ്മികൻ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. അന്ധകാര പ്രവർത്തികളെ ഉപേക്ഷിക്കുവാനും തിന്മക്കു എതിരായി ശക്തമായ പട വെട്ടുവാനും ദൈവത്തിനു കുടുംബത്തിൽ ഒന്നാം സ്ഥാനം നൽകുവാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

 

"ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു, എന്നെ അനുഗമിക്കുന്നവർ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. ഈ തിരുവചനത്തിലൂടെ കാർമ്മികൻ പ്രവാസ ജീവിതത്തിന്റെ പച്ചയായ സത്യങ്ങൾ വിശ്വാസികളെ ഓർമപ്പെടുത്തി. തിരുക്കർമങ്ങളിൽ പങ്കെടുത്തവർക്ക് ആത്മീയ ജീവിതത്തിന് ഒരു പുത്തൻ ഉണർവുംഒരു പുതിയ കാഴ്ചപ്പാടും നല്കുവാൻ ഈസ്റ്റർ സന്ദേശത്തിലൂടെ കാർമ്മികന് കഴിഞ്ഞു.


സിസ്റ്റർ. ടെസ്സി ജോസഫിന്റെ സഹകരണവും ഗായക സംഘത്തിന്റെ ഗാനങ്ങളും തിരുക്കർമങ്ങളെ കൂടുതൽ ഭക്തി സാന്ദ്രമാക്കി. ഫാ. ഡെര്‍ബിന്‍ ജോസഫും സിസ്റ്റർ ടെസ്സി ജോസഫും കുട്ടികൾക്ക് ഈസ്റ്റർ മുട്ട വിതരണം നടത്തി. ടോം തോമസിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനം തിരുക്കർമങ്ങളെ കൂടുതൽ ഭംഗിയാക്കി നടത്തുവാൻ സഹായിച്ചു.



കേക്കും കഴിച്ചു ഈസ്റ്റർ ആശംസകൾ പരസ്പരം നേർന്ന് അമ്പത് നോയമ്പിന്റെ പുണ്യത്തിൽ എല്ലാവരും ഭവനങ്ങളിലെക്ക് മടങ്ങുമ്പോൾ ലിവർപൂളിൽ സമയം പാതിരാത്രി കഴിഞ്ഞിരുന്നു.    




കൂടുതല്‍വാര്‍ത്തകള്‍.