CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 6 Seconds Ago
Breaking Now

ഒരു ബിലാത്തി പ്രണയവുമായി യുകെ മലയാളികൾ മലയാള സിനിമ രംഗത്തേക്ക്

യുകെയുടെ പശ്ചാത്തലത്തിൽ വീണ്ടും ഒരു മലയാള സിനിമകൂടി തയ്യാറെടുക്കുന്നു . യുകെ മുന്‍പും നിരവധി തവണ മലയാള സിനിമയ്ക്ക് വേദിയായിട്ടുണ്ടെങ്കിലും ഇത്തവണ പൂര്‍ണ്ണമായും യുകെ മലയാളികൾ തന്നെ നേതൃത്വം കൊടുക്കുന്ന സിനിമയായിരിക്കും എന്ന പ്രത്യേകതയോടെയാണ്  ഈ ചിത്രം അണിഞൊരുങ്ങുന്നത് ."ഒരു ബിലാത്തി പ്രണയം" എന്ന് പേരിട്ടിരിക്കുന്ന  ഈ  ചലച്ചിത്രത്തിലൂടെ യുകെ മലയാളികൾക്ക് ഏറെ സുപരിചിതനായ സൌത്ത് എൻഡിൽ താമസിക്കുന്ന പ്രമുഖ കലാകാരൻ ശ്രീ കനേഷ്യസ് അത്തിപ്പൊഴി സംവിധായകന്റെ കുപ്പായമണിയുകയാണ് . തന്റെ കന്നി സംവിധായക സംരംഭത്തിലൂടെ ഒട്ടേറെ പ്രത്യേകതകൾ ഉള്ള ,വിക്ടോറിയൻ കാലഘട്ടത്തെ ഗ്രാമ വിശുദ്ധിയിൽ ഇതൾ വിരിയുന്ന ഈ പ്രേമ കാവ്യത്തിലൂടെ മലയാള സിനിമയുടെ ഭാഗമാകുകയാണ് മികച്ച അഭിനേതാവ് കൂടിയായ ഈ അനുഗ്രഹീത കലാകാരൻ. ചിത്രത്തിന്റെ കഥയും,തിരകഥയും രചിച്ചിരിക്കുന്നത്‌ യുകെയിലെ ക്രോയിടോണില്‍ താമസിക്കുന്ന  പ്രവാസ സാഹിത്യകാരനായ ശ്രീ ജിന്‍സന്‍ ഇരിട്ടിയാണ് . അടുത്തിടെ ശ്രീ ജിന്‍സന്‍ ഇരിട്ടിയുടെ "തിരിച്ചറിവുകൾ എന്ന നോവൽ കേരളത്തിൽ വച്ച് പ്രകാശനം ചെയ്തിരുന്നു. "ഒരു ബിലാത്തി പ്രണയം"   പേരു പോലെ തന്നെ  ബിലാത്തിയിലെ ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും കഥയാണ് .ലണ്ടന്‍ നഗരത്തിന്‍റെ മായകാഴ്ചകളും  , ഗ്രാമത്തിന്‍റെ ദൃശ്യ ചാരുതയും പശ്ചാത്തലത്തിൽ ചിത്രികരിക്കാൻ ഒരുങ്ങുന്ന ഈ സിനിമയുടെ ഏതാനും ഭാഗങ്ങൾ  കേരളത്തിലും ചിത്രികരിക്കും .

യുവ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിൽ, യുകെയിലെ പ്രമുഖ തിയേറ്റര്‍ അഭിനേതാക്കളായ ഏതാനും ഇംഗ്ലിഷുകാരും അഭിനയിക്കുന്നുണ്ട് . അതോടൊപ്പം യുകെയിലെ ഒരു പറ്റം മികച്ച കലാകാരന്മാരാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്  .

യുകെ മലയാളികൾക്കിടയിലെ നാടക രംഗത്തെ അതികായനായ  ശശി എസ് കുളമട നാടക അരങ്ങിൽ നിന്നും വെള്ളിത്തിരയിലേക്ക് ആദ്യ ചുവടു വയ്ക്കുമ്പോൾ, ഇംഗ്ലീഷ് എന്ന സിനിമയിലെയും, അടുത്തിടെ യുകെയിൽ ചിത്രീകരിച്ച ഈ എം എസ്സും പെണ്‍കുട്ടിയും എന്ന ചിത്രത്തിലെയും അഭിനയ പരിചയവുമായി സംഗീത നാടക മേഖലകളിലൊക്കെ സുപരിചിതമായ നാമം , മനോജ്‌ ശിവയും ബിലാത്തി പ്രണയത്തിന്റെ ഭാഗമാകുന്നു. പ്രവാസി മലയാളികൾക്കിടയിൽ ഏറെ അറിയപ്പെടുന്ന എഴുത്തുകാരിയും അടുത്തിടെ ഏറെ ചർച്ചാ വിഷയമായ" ദി  എഡ്ജ് ഓഫ് സാനിറ്റി" എന്ന ചിത്രത്തിന്റെ കഥാകൃത്തും സിനിമയിലെ മുഖ്യ കഥാപാത്രത്തെ തന്മയത്തത്തോടെ അവതരിപ്പിച്ച സിന്ധു എൽദൊയ്ക്കും  ,അമ്മു എന്ന ഹൃസ്വ ചിത്രത്തിലെ അഭിനയത്തിലൂടെ ഏറെ പ്രശംസ നേടിയ അറിയപ്പെടുന്ന ഗായിക കൂടിയായ ദീപാ സന്തോഷിനും മികച്ച വേഷമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത് . മറ്റു കഥാപാത്രങ്ങളിൽ വളരെ പ്രധാനപെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നത് ,സമ്മർ ഇൻ ബ്രിട്ടണ്‍, ഓർമ്മകളിൽ സെലിൻ , തുടങ്ങിയ ചിത്രങ്ങളുടെ ജീവനാടിയായി പ്രവർത്തിച്ച മികച്ച അഭിനേതാവും , യുകെയിലെ കലാ  സാംസ്ക്കാരീക മേഖലയിലെ നിറസാന്നിധ്യവുമായ ശ്രീ സീ എ ജോസഫ്‌ ആണ്.  കൂടാതെ അമ്മുവിലൂടെയും, ദി എഡ്ജ് ഓഫ് സാനിറ്റിയിലൂടെയും അഭിനയ രംഗത്തെക്ക് കടന്നു വന്ന ബിനോയ്‌ മാത്യു, പ്രവീണ്‍ ആന്റണി, ജോജി ജോയ് , ആന്റണി മിലെൻ , കിംഗ്‌സണ്‍ ജോസഫ്‌ തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാകും . ചിത്രത്തിന്റെ വസ്ത്രാലങ്കാരം കിംഗ്‌സണ്‍ ജോസഫും, മെയ്ക്കപ്പ് സതീഷ്‌ കുമാർ, ഫ്രെടിൻ എന്നിവരുമാണ്  നിർവഹിക്കുന്നത്.

യുകെ മലയാളി പ്രൊഡക്ഷൻസ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഒരു ബിലാത്തി പ്രണയത്തിന്റെ പൂജ, ജൂണ്‍ പകുതിയോടു കൂടി ഈസ്റ്റ്‌ഹാമിൽ വച്ച് നടക്കും .

ഈ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും മറ്റു മേഖലകളിലും ബന്ധപെട്ടു പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ കനെഷ്യസ് അത്തിപ്പോഴിയെയോ 07737061687 ,സിന്ധു എൽദൊയെയോ 07718998353 ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു




കൂടുതല്‍വാര്‍ത്തകള്‍.