CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 5 Seconds Ago
Breaking Now

യുക്മ ചലഞ്ചേഴ്സ് കപ്പ്‌ ലെനിൻ - അനി സഖ്യത്തിന്

ചെൽട്ടൻഹാമിലെ ക്ലീവ് സ്പോര്ട്സ് സെന്ററിൽ ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷൻ ആതിഥ്യം നൽകി, യുക്മ സംഘടിപ്പിച്ച നാഷണൽ ഡബിൾസ് ബാറ്റ്മിന്ടൻ ചാമ്പ്യഷിപ്പിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി യുക്മ ചലഞ്ചേഴ്സ് കപ്പും, വിജയികൾക്കുള്ള ട്രോഫിയും, ക്യാഷ അവാർഡ് 250 പൌണ്ടും നേടിയത് ലെനിൻ-അനി സഖ്യമാണ്. ലണ്ടൻ-മാഞ്ചെസ്റ്റർ സ്വദേശികളായ ഈ സഖ്യം ഫൈനലിൽ നേരിട്ടത് കഴിഞ്ഞ വർഷത്തെ യുക്മ ചലഞ്ചേഴ്സ് കപ്പ്‌ വിജയികളിൽ ഒരാളായ ഹാരോയിൽ നിന്നുള്ള ജിജുവും ജയമുരളിയും ചേർന്നുള്ള ടീമിനെയാണ്. രണ്ടാം സ്ഥാനം നേടിയ ജിജു ജയമുരളി സഖ്യത്തിന് ട്രോഫിയും 150 പൌണ്ട് ക്യാഷ് അവാർഡും ലഭിച്ചു. ലൂസേഴ്സ് ഫൈനലിൽ കേംബ്രിഡ്ജിൽ നിന്നും എത്തിയ ടീമിനെ പരാജയപ്പെടുത്തി ജിനു-ബിജു സഖ്യം ട്രോഫിയും, 75  പൌണ്ട് ക്യാഷ് അവാർഡും കരസ്ഥമാക്കി.

ആദ്യാവസാനം ആവേശമുണർതതിയ മത്സരങ്ങൾക്ക് 11 മണിക്ക് യുക്മ നാഷണൽ വൈസ് പ്രസിഡന്റ്റ് ബീന സെൻസ് ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷൻ പ്രസിടന്റ്റ് മാത്യു അമ്മായിക്കുന്നേൽ അദ്ധ്യക്ഷനായിരുന്നു. ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷനിൽ നിന്നുള്ള യുക്മ പ്രതിനിധി ഡോക്ടർ ബിജു  സ്വാഗതം ആശംസിക്കുകയും യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ്‌ ആശംസകൾ അർപ്പിക്കുകയും ചെയ്തു. 

യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ മാത്രം മാറ്റുരച്ച മത്സരങ്ങൾ ചീഫ് റഫറിയും സംഘാടകനുമായ റോബി മേക്കരയുടെ മേൽനോട്ടത്തിൽ നാല് കോർട്ടുകളിലായി അവിരാമം തുടരുകയും കാണികൾ ടീമുകൾക്ക് അകമഴിഞ്ഞ പ്രോത്സാഹനം നൽകുകയും ചെയ്തു. പ്രാരംഭ മത്സരങ്ങൾക്ക് ശേഷം ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മൽസരങ്ങളിൽ പുറത്തായ ടീമുകളും കളിക്കാർക്ക് ആവേശം പകരുന്നുണ്ടായിരുന്നു. മത്സരങ്ങളിൽ നിന്നും പുറത്തായി എന്ന വികാരത്തേക്കാൾ ഉപരിയായി യഥാർത്ഥ സ്പോര്ട്സ്മാൻ സ്പിരിറ്റ് ഉളവാക്കാൻ യുക്മ ചലഞ്ചേഴ്സ് കപ്പ്‌ മത്സരങ്ങൾക്ക് കഴിഞ്ഞു എന്നതിൽ യുക്മക്ക് അഭിമാനിക്കാം. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരേ വികാരമുള്ള ഒരു പറ്റം ആൾക്കാരെ ഒന്നുചേർക്കാനും, മത്സരങ്ങൾ നന്നായി കോർഡിനേറ്റ് ചെയ്ത് നടത്താനും, മത്സരങ്ങൾക്ക് സ്പോണ്‍സേഴ്സ് ആയി സെന്റ്‌ മേരീസ് ഇന്റർനാഷണൽ,ട്രിനിറ്റി ഇന്റീരിയെഴ്സ് ബാത്ത് റൂംസ് ആന്റ് കിച്ചൻ, പാഷൻ ഹെൽത്ത് കെയർ എന്നിവരെ ഒന്ന് ചേർക്കാനും ഈ മത്സരങ്ങളിലൂടെ അവസരമുണ്ടായി.

സമാപന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ്റ് ബീന സെൻസ് വിജയികളായ ലെനിൻ-അനി സഖ്യത്തിന്  യുക്മ ചലഞ്ചേഴ്സ് കപ്പ്‌ സമ്മാനിച്ചു.  ആതിഥ്യമരുളിയ ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷൻ പ്രസിടന്റ്റ് മാത്യു അമ്മായിക്കുന്നേൽ വിജയികൾക്കുള്ള ട്രോഫിയും, വൈസ് പ്രസിടന്റ്റ് സണ്ണി ലൂക്കോസ് ക്യാഷ് അവാർഡും സമ്മാനിക്കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. റണ്ണർ അപ്പായ ജയമുരളി-ജിജു സഖ്യത്തിന് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചത് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസും, യുക്മ നാഷണൽ കമ്മിറ്റി അംഗവും ഗെയിംസ് കോർഡിനേറ്ററും ആയ അലക്സ് വർഗീസും ചേർന്നാണ്. ലൂസേഴ്സ് ഫൈനലിലെ വിജയികൾക്ക് ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷനിൽ നിന്നുള്ള യുക്മ പ്രതിനിധികളായ ഡോക്ടർ ബിജു പെരിങ്ങത്തറയും,എബിൻ ജോസും ചേർന്ന് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. 

മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും, ക്രമമായി നടത്തുന്നതിനും മുൻ കൈ എടുത്ത മത്സരങ്ങളുടെ ചീഫ് റഫറി ആയ റോബി മേക്കരയെ യുക്മയുടെ പേരിൽ മൊമെന്റൊ കൊടുത്ത് അനുമോദിക്കുന്നതിനും ഈ വേദി ഉപകരിച്ചു. ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും പി ആർ ഓ-യുമായ വിനോദ് മാണിയാണ് റോബി മേക്കരക്ക് യുക്മയുടെ ഉപഹാരം സമ്മാനിച്ചത്. യുക്മ നാഷണൽ കമ്മിറ്റി അംഗവും ഗെയിംസ് കോർഡിനേറ്ററും ആയ അലക്സ് വർഗീസിന്റെ നന്ദി പ്രകാശനത്തോടെ ഈ വർഷത്തെ യുക്മ ചലഞ്ചേഴ്സ് കപ്പ്‌ മെൻസ് നാഷണൽ ഡബിൾസ് ബാറ്റ്മിന്ടൻ മത്സരങ്ങൾക്ക് തിരശ്ശീല വീണു.

യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പി, വൈസ് പ്രസിടന്റ്റ് ഷാജി തോമസ്‌, ജെനറൽ സെക്രട്ടറി ബിൻസു ജോണ്‍, നാഷണൽ ട്രഷറർ അഡ്വ ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ തുടങ്ങിയവർ വിജയികൾക്കും സംഘാടകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. യുക്മ ചലഞ്ചേഴ്സ് കപ്പ്‌ മത്സരങ്ങൾക്ക് ആതിഥ്യം നൽകിയ ഗ്ലോസ്ടർഷെയർ മലയാളി അസ്സോസിയെഷനെയും, മത്സരങ്ങളിൽ പങ്കെടുത്ത് ഈ സംരംഭത്തിൽ സഹകരിച്ച എല്ലാ കായിക പ്രേമികളെയും, ഈ മത്സരങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ സെന്റ്‌ മേരീസ് ഇന്റർനാഷണൽ, ട്രിനിറ്റി ഇന്റീരിയെഴ്സ് ബാത്ത് റൂംസ് ആന്റ് കിച്ചൻ, പാഷൻ ഹെൽത്ത് കെയർ എന്നീ സംരംഭകരെയും, യുക്മ ചലഞ്ചേഴ്സ് കപ്പ്‌ സ്പോണ്സർ ചെയ്ത യൂറോപ്പ് മലയാളി ഡോട്ട് കോമിനെയും നന്ദിയോടെ സ്മരിക്കുന്നതായി വിജി കെ പി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.