CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 28 Seconds Ago
Breaking Now

ലിവര്‍പൂളില്‍ സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുന്നാളും വിശുദ്ധ സെബാസ്റ്റിയനോസിന്റെ അമ്പ് തിരുന്നാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ തിരുന്നാളും സംയുക്തമായി ആഘോഷിച്ചു.ഹോളി നെയിം ചര്‍ച്ചില്‍ നടന്ന ഭക്തി സാന്ദ്രമായ തിരു കര്‍മ്മങ്ങള്‍ക്ക് ഫാ ഫിലിപ്പ് കുഴിപറമ്പിലും ഫാ ജോഷ് കുരീതടവും മുഖ്യകാര്‍മികത്വം വഹിച്ചു.

തണുപ്പും മഴയും മാറി നിന്ന അന്തരീക്ഷത്തില്‍ താലങ്ങളില്‍ പൂക്കളും ദീപങ്ങളും അകമ്പടിയോടെ കാര്‍മ്മികരെ അള്‍ത്താരയിലേക്ക് ആനയിക്കപ്പെട്ടു.തുടര്‍ന്ന് ഭക്തി നിര്‍ഭരമായ ഗാനങ്ങളുടെ അകമ്പടിയോടെ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വെഞ്ചരിപ്പും പ്രസുദേന്തി വാഴ്ചയ്ക്കും നടന്നു.ആഘോഷമായി നടന്ന തിരുന്നാള്‍ പാട്ടുകുര്‍ബാന ലിവര്‍പൂളിന്റെ എല്ലാ ഭാഗത്തുനിന്നും ഏന്തിയ വിശ്വാസികളെ ഭക്തിയുടെ ആത്മീയ തലത്തിലേക്ക് ഉയര്‍ത്തി.

ഫാ ജോഷ് കുരീത്തടം തിരുന്നാള്‍ സന്ദേശം നല്‍കി.ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം വിശ്വാസമാണെന്നും വിശുദ്ധന്മാരുടെ ജീവിതം ഈ കാലഘട്ടത്തിലും നമുക്ക് പ്രത്യാശയും വഴികാട്ടിയും ആണെന്നും ഫാ ജോഷ് കുരീത്തടം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.കാഴ്ചവെയ്പിനും വിശുദ്ധ കുര്‍ബാനയുടെ സ്വീകരണത്തിനും ശേഷം പ്രദക്ഷിണം ആരംഭിച്ചു.

പ്രദക്ഷിണത്തിന് മുമ്പില്‍ കൊടികളും പതാകകളുമായി സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ നടന്നു നീങ്ങി.പൊന്‍കുരിശിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി വിശ്വാസികളും.തോമാശ്ലീഹായുടേയും വിശുദ്ധ സെബാസ്റ്റിയനോസിന്റേയും അല്‍ഫോന്‍സാമ്മയുടേയും രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കേരളത്തിന്റെ സ്മരണ ഉണര്‍ത്തി.തുടര്‍ന്ന് എല്ലാ വിശ്വാസികള്‍ക്കും തിരുന്നാളിന്റെ നേര്‍ച്ച വിതരണം നടത്തി.നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കാനും വിശുദ്ധ സെബാസ്റ്റ്യനോസിന്റെ അമ്പെടുക്കാനും അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും എല്ലാ ഭക്തരും സമയം കണ്ടെത്തി.വിശുദ്ധരുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവാന്‍ കൈക്കുഞ്ഞുങ്ങളുമായി ആയിരുന്നു പലരും എത്തിയത്.

തിരുന്നാളിന് സഹകരിച്ച എല്ലാവര്‍ക്കും ടോം തോമസ് നന്ദി പറഞ്ഞു.ഭംഗിയായി അടുക്കും ചിട്ടയോടും തിരുന്നാളിന് വേണ്ടി പ്രവര്‍ത്തിച്ച കമ്മറ്റി അംഗങ്ങളുടെ പ്രവര്‍ത്തനം എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.




കൂടുതല്‍വാര്‍ത്തകള്‍.