CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 14 Seconds Ago
Breaking Now

പുലിക്കളിയും ,ശിങ്കാരി മേളവുമായി സ്വന്തം നാടിന്റെ ഓർമ്മകൾ തൊട്ടുണർത്തിയ ഒരു നവ്യാനുഭവമായി തൃശൂര്‍ ജില്ലാ സംഗമം...

ലണ്ടൻ : യു.കെ യിലെ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ലണ്ടനിലുള്ള ഈസ്റ്റ് ഹാമിൽ വെച്ച് കഴിഞ്ഞ ജൂലായ് അഞ്ചിന് ബിലാത്തിയിലുള്ള തൃശൂര്‍ നിവാസികളെല്ലാം ഒത്തുകൂടി അവരുടെ പ്രഥമ സംഗമം അവിസ്മരണീയമാക്കി .

യു.കെയിൽ നാന്നൂറോള്ളമുള്ള തൃശൂര്‍ ജില്ലയിലെ കുടുംബങ്ങളിൽ 70 കുടുംബാംഗങ്ങളടക്കം 400 ൽ പരം ജില്ലാ നിവാസികൾ ഒത്ത് കൂടി , അവരുടെ സ്വന്തം നാടിന്റെ തനതായ താള മേളങ്ങളോടെ , നാടൻ രുചി ഭേദങ്ങളടങ്ങിയ ഭക്ഷണ വിഭവങ്ങൾ വെച്ച് വിളമ്പി , പാട്ടും ആട്ടവുമൊക്കെയായി പരസ്പരം പരിചയപ്പെട്ടും മറ്റും ആഘോഷാരവങ്ങളാൽ ശരിക്കും ഒരു അത്യുഗ്രൻ പരിപാടിയായിരുന്നു അന്നവിടെ ആഷ്ലി ആഡിറ്റോറിയത്തിൽ അരങ്ങേറിയിരുന്നത്.  ലണ്ടനിലെ ഈസ്റ്റ് ഹാമിനെ ഒരു പൂര നഗരിയാക്കിയ ദിനമായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച്ചയിലെ ആ ദിനം.

യു.കെ യിലെ തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച  ഈ സംഗമത്തിന് മാറ്റ് കൂട്ടുവാൻ നാട്ടിൽ നിന്നും വിശിഷ്ടാതിഥികളായി ഇവിടെ എത്തിച്ചേർന്ന പാട്ടുകാരൻ ഫ്രാങ്കോയും, ബ്രിട്ടന്റെ ബാഡ്മിന്റൺ ചാമ്പ്യൻ രാജീവ് ഔസേപ്പും, യു.കെയിലെ ആദ്യത്തെ മലയാളി മേയറായ മജ്ഞു ഷാഹുൽ ഹമീദുമൊക്കെ എല്ലാ സദസ്യരുടേയും മനം കവർന്നു.

വീടുകളിൽ വെച്ച് പാചകം ചെയ്ത് വിതരണം ചെയ്ത നാടൻ രുചികൾ ഏവരേയും നാടിന്റെ സ്മരണകൾ തൊട്ടുണർത്തിച്ചു. കൂടാതെ അതിഥികളെ വാദ്യമേളങ്ങളോടെ വരവേറ്റ് തൃശൂരിന്റെ തനിമയായ പുലിക്കളിയും, ശിങ്കാരിമേളവും ആയതിന്റെ താളഘോഷത്തോടെ അവതരിപ്പിച്ചുള്ള പരിപാടികളും എല്ലാവരുടേയും പ്രശംസ പിടിച്ച് പറ്റുകയുണ്ടായി.


അഡ്വ: ജെയ്സൺ ഇരിങ്ങാലക്കുടയുടെ അദ്ധ്യക്ഷതയിൽ ബ്രിട്ടന്റെ ബാഡ്മിന്റൺ ചാമ്പ്യൻ , രാജീവ് ഒസേപ്പ് ഭദ്രദീപം കൊളുത്തി യു.കെ യിലെ തൃശൂര്‍ ജില്ലക്കാരുടെ  പ്രഥമ സംഗമത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു. മുരളീ മുകുന്ദൻ സ്വാ‍ഗതവും , ജീസൺ കടവി നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോയും , ടി.ഹരിദാസും, കെ.ജി.നായരും, വിലാസിനി ടീച്ചറും ആശംസകൾ നേർന്നു.



പിന്നീട് ഫ്രാങ്കോവിന്റെ അടി പൊളി ഗാന മേള സദസ്യരുടെ മനം  കുളിരണിയിപ്പിച്ചു .അതിനോടൊപ്പം കുട്ടികളുടേതടക്കം അരങ്ങേറിയ കലാപരിപാടികൾ ഏവർക്കും ഒരു കലാ വിരുന്നൂട്ട് തന്നെയായി മാറി.

ക്രോയിഡോൺ നഗര സഭാ മേയർ മജ്ഞു ഷാഹുൽ ഹമീദ് അന്നവിടെ പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു . ഒപ്പം തന്നെ തൃശൂരിന്റെ തനതായ രീതിയിൽ , പച്ച മലയാളത്തിൽ  പരിപാടികളെല്ലാം അവതരിപ്പിച്ച് ജോൺസൻ പെരിഞ്ചേരിയും, മയൂഖയും കൂടി  , പങ്കെടുത്ത എല്ലാവരേയും കയ്യിലെടുത്തു.


 400 ൽ പരം ആളുകൾ ഒത്തുകൂടി ഈ സ്നേഹ കൂട്ടായ്മയിൽ അണി ചേർന്ന് ഈ സംഗമം ഉജ്ജ്വല വിജയമാകുവാൻ കാരണം തൃശൂര്‍  ജില്ലാ നിവാസികളുടെ നിസ്സീമമായ ആ സഹകരണ , പരിചരണ മനോഭാവം തന്നെയാണെന്ന് സംഘാടകർ എടുത്ത് പറഞ്ഞു. വരും വർഷങ്ങളിലും ഇതിലും വിപുലമായി  തൃശൂര്‍ ജില്ലാ സംഗമത്തിന് വേദി ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.