CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 5 Seconds Ago
Breaking Now

ലെസ്റ്റര്‍ തിരുന്നാള്‍ ആഗസ്ത് 17ന്

ഓരോ ഇടവക പെരുന്നാളും പ്രവാസികളുടെ മനസില്‍ സമ്മിശ്ര വികാരങ്ങളാണ് ഉണര്‍ത്തുന്നത്.തിരുന്നാളിന്റെ ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ് പ്രധാന ഘടകമെങ്കിലും ഓരോ പെരുന്നാളും നല്‍കുന്ന പങ്കുവയ്ക്കലിന്റേയും ഒത്തു ചേരലിന്റേയും ഓര്‍മ്മകള്‍ കൂടിയാണ്.കൂടാതെ വര്‍ണ്ണരാജികള്‍ വാരിവിതറുന്ന പെരുന്നാള്‍ പ്രദക്ഷിണവും ചെണ്ടമേളങ്ങളും ബാന്‍ഡു മേളവും പള്ളി മണി നാദങ്ങളും പ്രാര്‍ത്ഥനാ ഗീതികള്‍ തീര്‍ക്കുന്ന ശബ്ദ പ്രപഞ്ചവും ചിന്തിക്കടകളില്‍ ഒളിപ്പിച്ച കൗതുകവും തട്ടുകടകളിലെ രുചി ഭേദങ്ങളും പള്ളി മൈതാനത്ത് കെട്ടിയുയര്‍ത്തിയ താത്കാലിക വേദിയില്‍ നിറയുന്ന ഭാവരാഗ താള ലയ മേളങ്ങളും തുടര്‍ന്ന് നിശയുടെ വിശാല ക്യാന്‍വാസില്‍ പൊട്ടിവിരിയുന്ന ആകാശ വിസ്മയങ്ങളുമൊക്കെ ഓരോ പ്രവാസികളുടേയും മനസിലെ പെരുന്നാള്‍ സങ്കല്‍പ്പങ്ങളാണ് .നാട്ടില്‍ നഷ്ടപ്പെടുന്ന ഇടവക പെരുന്നാള്‍ കാലത്തെ ചെറിയ അളവില്‍ പുനസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഈ വര്‍ഷത്തെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ സംയുക്ത തിരുന്നാളിലൂടെ

ഒരു തീര്‍ത്ഥാടകയെ പോലെ ദൈവപുത്രന്റെ ജീവിതയാത്രയെ അനുധാവനം ചെയ്ത പരിശുദ്ധ കന്യകാ മറിയത്തിന്റെയും, ഭാരതത്തിന് സുവിശേഷ വെളിച്ചം പകര്‍ന്നു നല്‍കിയ ക്രിസ്തുവിന്റെ ധീര രക്തസാക്ഷി ഭാരതത്തിന്റെ അപ്പോസ്തലന്‍ മാര്‍ തോമാ ശ്ലീഹായുടേയും, സഹനത്തിന്റെ മാതൃകയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ആഗസ്ത് 17 ഞായര്‍ മുതല്‍ ആഗസ്ത് 25 തിങ്കള്‍ വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു

ആഗസ്ത് 17ാം തിയതി രാവിലെ 11.30ന് ഇടവകയിലെ വിശ്വാസികളുടെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം വാല്‍സിംഗ്ഹാം ചാപ്പലില്‍ വി.കുര്‍ബ്ബാന.

ആഗസ്ത് 22 വെള്ളി രണ്ടു മുതല്‍ കുമ്പസാരത്തിനുള്ള അവസരമാണ് .അഞ്ചു മണിക്ക് കൊടിയേറ്റ് .തുടര്‍ന്ന് ഫാ ജിമ്മി പുളിക്ക കുന്നേല്‍ വിശുദ്ധ കുര്‍ബ്ബാനയും വചന പ്രഘോഷണവും നയിക്കുന്നു.

ആഗസ്ത് 23 ശനി ; ഇടവക ദിനമായി ആചരിക്കുന്നു.വൈകുന്നേരം മൂന്നു മണിക്ക് ഫാ ബിജു കുന്നക്കാടിന്റെ നേതൃത്വത്തില്‍ വി കുര്‍ബാന,ദിവ്യ കാരുണ്യ പ്രദക്ഷിണം, ലദീഞ്ഞ്,ഇടവകയിലെ വിശ്വാസികള്‍ ശേഖരിച്ച ഉത്പ്പന്നങ്ങളുടെ സമര്‍പ്പണം. ഇടവകയിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍,തുടര്‍ന്ന് സ്‌നേഹവിരുന്ന്.

ആഗസ്ത് 24 ഞായര്‍ പ്രധാന തിരുന്നാള്‍ ദിനം 2.30 ബഹുമാനപ്പെട്ട വൈദീകര്‍ക്ക് സ്വീകരണം.തുടര്‍ന്ന് ആഘോഷകരമായ തിരുന്നാള്‍ കുര്‍ബ്ബാന.വി കുര്‍ബ്ബാനയ്ക്കും വചന ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കുന്നത് ഫാ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍,ഫാ സാജു പിണക്കാട്. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം.ലദീഞ്ഞ് പ്രദക്ഷിണത്തിന് അകമ്പടിയായി മലയാളി അസോസിയേഷന്‍ യുകെയുടെ നേതൃത്വത്തില്‍ ചെണ്ടമേളം.തുടര്‍ന്ന് പള്ളി പരിസരത്ത് താത്കാലികമായി കെട്ടിയുണര്‍ത്തിയ വേദിയില്‍ ലണ്ടന്‍ നിസരി ഒരുക്കുന്ന ഭാവ രാഗ താള ലയ സമന്വയം,മെഗാഷോ തുടര്‍ന്ന് വാനത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ആകാശ വിസ്മയം.

ആഗസ്ത് 25 തിങ്കള്‍ മരിച്ചവരുടെ ഓര്‍മ്മ ദിനമായി ആചരിക്കുന്നു.അഞ്ചു മണിയ്ക്ക് വിശുദ്ധ കുര്‍ബാന ഓഫീസ് പ്രാര്‍ത്ഥനയിലും വചനത്തിലും വിശുദ്ധിയിലും ആഴപ്പെടുവാന്‍ ദൈവം ഒരുക്കുന്ന ആത്മീയ വിരുന്നില്‍ പങ്കുചേരാനും തീര്‍ത്ഥാടനം അനുതാപ ശുശ്രൂഷ,വചന ശുശ്രൂഷ വി കുര്‍ബാന ആരാധന തുടങ്ങിയ അനുഗ്രഹീത ശുശ്രൂഷകളിലൂടെ യേശുവോടൊത്ത് സഭയോടൊത്ത് മുന്നേറാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും എല്ലാവരേയും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.ലെസ്റ്റര്‍ തിരുനാളിന്റെ വിജയത്തിനായി ഇടവക വികാരി ഫാ പോള്‍ നെല്ലികുളത്തിനും പള്ളി കമ്മറ്റിയംഗങ്ങള്‍ക്കും ഒപ്പം ഈ വര്‍ഷത്തെ പ്രസുദേന്തിമാരായ സെന്റ് ജോസഫ് പ്രയര്‍ ഗ്രൂപ്പും ഇടവക സമൂഹവും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

പള്ളിയുടെ അഡ്രസ്

മദര്‍ ഓഫ് ഗോഡ്

ഗ്രീന്‍ കോട്ട് റോഡ്

ലെസ്റ്റര്‍ LE3 6NZ




കൂടുതല്‍വാര്‍ത്തകള്‍.