CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 3 Seconds Ago
Breaking Now

സട്ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി

സട്ടന്‍ മലയാളി അസോസിയേഷന്റെ സൗഹൃദ കൂട്ടായ്മ ഒരുക്കിയ ഇക്കൊല്ലത്തെ ഓണാഘോഷം പങ്കെടുത്തവര്‍ക്കെല്ലാം ഓര്‍മ്മയില്‍ കരുതിവയ്ക്കാനൊരു നിറയായ ചിങ്ങപ്പകല്‍ കൂടി നല്‍കി.

സൗണ്‍ സെന്റ് ബെര്‍ണബാസ് റോഡിലെ ചര്‍ച്ച് ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ശനിയാഴ്ച രാവിലെ തന്നെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

മാലോകരെല്ലാം ഒന്നുപോലെ ആമോദത്തോടെ വസിച്ചിരുന്ന നന്മകളാല്‍ സമൃദ്ധമായ ഗതകാല സ്മരണകളുടെ പ്രതീകമായ നിറഞ്ഞ പൂക്കളത്തിന് നടുവിലെ നിലവിളക്കില്‍ തിരിതെളിയിച്ച് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി മാത്യു ആഘോഷങ്ങള്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു.

തുടര്‍ന്ന് സെക്രട്ടറി ഫിലിപ്പ് കെ ജോയി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോബിന്‍ ജോസഫ് കമ്മറ്റി അംഗങ്ങളായ തോമസ് തരകന്‍,റോജിന്‍ കുര്യാക്കോസ് നിലവിളക്കിലെ ബാക്കി തിരികള്‍ക്ക് വെളിച്ചം പകര്‍ന്നു.ഫിലിപ്പ് കെ ജോയി സദസിനു സ്വാഗതം പറഞ്ഞു.

സമ്മേളന ഹാളിലെ പൂക്കളത്തിനും ഇക്കൊല്ലം ഒരു സവിശേഷതയുണ്ടായിരുന്നു.സംഘാടനാംഗങ്ങള്‍ തങ്ങളുടെ തന്നെ വീടിന് സമീപം നട്ടുവളര്‍ത്തിയ പൂച്ചെടിയാല്‍ നിന്നും മാത്രം ഇറുത്തെടുതത്ത വിവിധ വലുപ്പത്തിലും നിറത്തിലുമുള്ള പൂക്കള്‍കൊണ്ട് സട്ടണ്‍ മങ്കമാര്‍ തന്നെ കമനീയമായി തീര്‍ത്തതായിരുന്നു പൂക്കളം.ആര്‍ട്ടിസ്റ്റ് അഭിഷേക് കൃഷ്ണന്റെ ഡിസൈനിങ്ങില്‍ തീര്‍ത്ത പൂക്കളത്തിനായുള്ള പൂക്കള്‍ ശേഖരിക്കലെല്ലാം സതീഷ് കൈപ്ലാക്കലിന്റെ നേതൃത്വത്തിലായിരുന്നു.

ഒരാവണി പകല്‍ മുഴുവന്‍ നീണ്ടുനിന്ന സൗഹൃദ കൂട്ടായ്മയും വിവിധ മത്സര വേദികളെ തികച്ചും വീറും വാശിയും നിറഞ്ഞതാക്കി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോബിന്റെയും ഫിലിപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ ആരംഭിച്ച മത്സരങ്ങള്‍ ഓണസദ്യയുടെ സമയം വരെ തുടര്‍ന്നു.

കുട്ടികളുടെ വിഭാഗത്തില്‍ മിഠായി പെറുക്കലും കസേരകളിയും വനിതകള്‍ക്കായി വടംവലി,കസേരകളി,വാലുപറിക്കല്‍,ദമ്പതികള്‍ക്കായി ബലൂണ്‍ റേയ്‌സ്,പുരുഷന്മാര്‍ക്കായി വടംവലി,കസേരകളി തുടങ്ങിയ മത്സരങ്ങള്‍ ആകര്‍ഷകമായിരുന്നു.

വടംവലി പുരുഷ വിഭാഗത്തില്‍ ജയിംസ് സെബാസ്റ്റ്യന്‍ ടീമും വനിതാ വിഭാഗത്തില്‍ ഷീലാമ്മ ജോര്‍ജ് നയിച്ച ടീമും വിജയികളായി.കലാ പ്രതിഭകളായ കെവിനും ഫെലിക്‌സും കൂട്ടുകാരും അവതരിപ്പിച്ചഡാന്‌സുകള്‍ സദസ്യര്‍ ഹര്‍ഷാരവത്തോടെ ആസ്വദിച്ചു.

വനിതാ വിഭാഗം മത്സരങ്ങളുടെ മേല്‍നോട്ടം നൈസിടിന്റെ ഭംഗിയാക്കി.

സദ്യയുടെ സമയമായപ്പോഴേക്കും  മത്സരങ്ങള്‍ക്ക് താല്‍കാലിക വിരാമമായി.പതിവിലും മേന്‍മയോടെ വിളമ്പിയ ഓണസദ്യയ്ക്ക് ഒടുവില്‍ മൂന്നുതരം പായസവും വിളമ്പി.

ഏറ്റവും ഭംഗിയായി മലയാളത്തനിമയോടെ വസ്ത്രധാരണം ചെയ്‌തെത്തിയവര്‍ക്ക് പ്രത്യേകം സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ലക്കി ഡ്രോ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തില്‍ ജേതാക്കളായവര്‍ക്ക് നല്‍കിയ സമ്മാനങ്ങള്‍ എല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ളവയായിരുന്നു.സഞ്ചു ആന്റോ ആഘോഷങ്ങളുടെ എല്ലാ രംഗങ്ങളും ഉടനീളം വിദഗ്ധമായി ക്യാമറിയില്‍ പകര്‍ത്തിയിരുന്നു,

പരിപാടി വന്‍വിജയമാക്കിയ കമ്മറ്റി അംഗങ്ങള്‍ക്കും ഇതര സംഘാടകര്‍ക്കും പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രസിഡന്റ് ഷാജി മാത്യു നന്ദി പറഞ്ഞു.

അങ്ങനെ സട്ടണ്‍ മലയാളികളുടെ ഓണ ദിനാഘോഷം കലാകായിക മത്സരങ്ങളുടെ വൈവിധ്യം ,ചിട്ടയാര്‍ന്ന അവതരണം,തൂശനിലയില്‍ വിളമ്പിയ സദ്യവട്ടം ഒക്കെ കൊണ്ട് ഹൃദ്യമായ ഒരനുഭവമായി.

 




കൂടുതല്‍വാര്‍ത്തകള്‍.