CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 8 Minutes 56 Seconds Ago
Breaking Now

ഡോര്‍സെറ്റിലെ മലയാളികളെ തമ്മിലടിപ്പിക്കാന്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് താക്കീതുമായി യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ്

ഡോര്‍സെറ്റിലെ മലയാളികളെ തമ്മില്‍ തല്ലിച്ച് തന്റെ സ്വകാര്യ സംഘടനയുടെ അംഗബലം കൂട്ടാം എന്ന ഓണ്‍ലൈന്‍ ബ്ലോഗറുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. മതവിദ്വേഷം വളര്‍ത്തി യു.കെയിലെ മലയാളികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യത തീരും മുന്‍പാണ് സ്വകാര്യ സംഘടനയ്ക്കും അതിന്റെ മുഖപത്രത്തിനും അടുത്ത തിരിച്ചടി ഡോര്‍സെറ്റില്‍ നിന്നും ലഭിച്ചത്. ഡോര്‍സെറ്റ് മലയാളികളെ മോശമായി ചിത്രീകരിച്ച് എഴുതിയ വാര്‍ത്തയോടുള്ള പ്രതികരണമായി ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയില്‍ നിന്നുള്ള യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ് നല്‍കിയ വിശദീകരണത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു.

     യുക്മ എന്ന സംഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരന്തരം നുണ പ്രചരണം നടത്തുന്ന യു.കെ യിലെ ഒരു ഓണ്‍ലൈന്‍ ബ്ലോഗര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ആം തീയതി തന്റെ ബ്ലോഗില്‍ എഴുതിയ ഒരു വാര്‍ത്ത ചിലര്‍ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. അതില്‍ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും വസ്തുതാ വിരുദ്ധങ്ങള്‍ ആണെങ്കിലും സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്‍ വിഭജനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതിലെ വാസ്തവ വിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് മാത്രം ആ റീജിയനില്‍ നിന്നുള്ള യുക്മ ഭാരവാഹി എന്ന നിലയില്‍ യു.കെ മലയാളികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

    യുക്മയുടെ പൊതുയോഗത്തില്‍ എടുത്ത തീരുമാനം ആയിരുന്നു സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ വിഭജനം. യുക്മ റീജിയനുകളില്‍ അംഗബലത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയനില്‍ 25 അസോസിയേഷനുകളില്‍ കൂടുതല്‍ ആവുകയും തന്മൂലം കലാമേള പോലുള്ള പരിപാടികള്‍ നടത്താന്‍ പ്രയാസമായി തീരുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഭൂമിശാസ്ത്രപരമായും റീജിയന്റെ വലിപ്പം അംഗ അസോസിയേഷനുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതും ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കാരണമായി. അതിന്റെ തെളിവായിരുന്നു കഴിഞ്ഞ റീജിയണല്‍ കലാമേള നടന്നപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍. ഇരുപത്തിയഞ്ച് അസോസിയേഷനുകളില്‍ പതിനഞ്ച് അസോസിയേഷനുകള്‍ എങ്കിലും പൂര്‍ണ്ണമായി പങ്കെടുത്താല്‍ നാല്പത്തിയൊന്നു മത്സരയിനങ്ങളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ ഓരോയിനത്തിലും പതിനഞ്ച് പേരെങ്കിലും പങ്കെടുക്കും. നാല് സ്‌റ്റേജുകളില്‍ മത്സരങ്ങള്‍ നടത്തിയിട്ട് പോലും മത്സരാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ രാത്രിയേറെയായിട്ടും കഴിഞ്ഞ തവണ മത്സരങ്ങള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടുകയുണ്ടായി. ഇത്രയേറെ ആളുകളെ വിവിധ വേദികളിലായി ഇരുത്താന്‍ പോലും ബുദ്ധിമുട്ട് ഉണ്ടാവുക കൂടി ചെയ്തപ്പോള്‍ റീജിയന്റെ വിഭജനം അനിവാര്യമായിരുന്നു എന്നതാണ് സത്യം.

    2014 ഏപ്രില്‍ 5നു ബര്‍മിംഗ്ഹാമില്‍ വച്ച് ചേര്‍ന്ന യുക്മ നാഷണല്‍ കമ്മിറ്റി സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്‍ വിഭജനത്തിനായി ഒരു സബ്കമ്മറ്റി രൂപീകരിക്കുകയും ഈ കമ്മറ്റി ഏതാണ്ട് ഭൂമിശാസ്ത്രപരമായി റീജിയന്‍ വിഭജിക്കുകയും തീരുമാന പ്രഖ്യാപനത്തിന് മുന്‍പ് എല്ലാ അംഗ അസോസിയേഷനുകളുടെയും ഭാരവാഹികളുമായി ബന്ധപ്പെടുകയും അവരുടെ അഭിപ്രായം കൂടി മാനിച്ചു കൊണ്ട് അന്തിമ തീരുമാനം എടുക്കുകയും ആയിരുന്നു. എന്നാല്‍ ഡോര്‍സെറ്റില്‍ ഉള്ള രണ്ടു വലിയ മലയാളി അസോസിയേഷനുകളും സൗത്ത് വെസ്റ്റിലുള്ള മറ്റ് അസോസിയേഷനുകളും കൂടി ഒറ്റ റീജിയന് കീഴില്‍ വരുമ്പോള്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകളുടെ എണ്ണം കുറവായി വരും എന്നതും കണക്കിലെടുത്തപ്പോള്‍ റീജിയനുകളുടെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷനോ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയോ സൗത്ത് ഈസ്റ്റ് റീജിയനില്‍ നില്ക്കാന്‍ കമ്മറ്റി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഡി.കെ.സി. സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാഗമായി നില്‍ക്കാനുള്ള തീരുമാനം എടുത്തത്. ഈയൊരു തീരുമാനത്തിലൂടെ ഡോര്‍സെറ്റിലെ രണ്ട് അസോസിയേഷനുകളും തമ്മിലുള്ള ബന്ധവും സൗഹാര്‍ദ്ദവും പഴയതിലും വര്‍ദ്ധിക്കുകയാണ് ഉണ്ടായത് എന്നതിന് പില്‍ക്കാല സംഭവങ്ങള്‍ സാക്ഷിയാണ്. ഉദാഹരണമായി സൗത്ത് വെസ്റ്റ് റീജിയണിലെ കലാമേള നടന്നപ്പോള്‍ ഡി.എം.എയിലെ കുട്ടികളെ ഒരുക്കുന്നതിലും നൃത്തസാമഗ്രികള്‍ എത്തിച്ചു കൊടുക്കുന്നതിലും സഹായിച്ചത്. ഒക്ടോബര്‍ 26നു സൗത്ത് ഈസ്റ്റ് റീജിയന്‍ കലാമേളകള്‍ നടക്കുമ്പോള്‍ ഡി.കെ.സിയിലെ അംഗങ്ങള്‍ക്ക് ഡി.എം.എയുടെ ഭാഗത്ത് നിന്നും സഹായഹസ്തം ലഭിക്കുന്നു എന്നതും ഇതിനു തെളിവാണ്. ഏതാനും ചില വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അസോസിയേഷനുകള്‍ തമ്മിലുള്ള പ്രശ്‌നമായി പെരുപ്പിച്ചു കാട്ടി ഒന്നിനെ തന്റെ സ്വകാര്യ സംഘടനയിലേക്ക് തട്ടിയെടുക്കാം എന്ന ദുഷ്ടലാക്കായിരുന്നു ഡോര്‍സെറ്റിനെക്കുറിച്ചുണ്ടായ വാര്ത്തയ്ക്കാധാരം എന്നത് ഏത് കൊച്ചു കുഞ്ഞിനും മനസ്സിലാകും. ഡോര്‍സെറ്റ് മലയാളികള്‍ രണ്ടസോസിയേഷനുകള്‍ക്ക് കീഴില്‍ പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുകയാണെന്നും മക്കളിലേക്ക് ഈ പക പകരുകയാണെന്നും ഒക്കെ ആവേശപൂര്‍വ്വം എഴുതി വിട്ട ലേഖകന്‍ ഈ കുറിപ്പിനോടൊപ്പം നല്‍കിയിരിക്കുന്ന ഫോട്ടോ ഒന്ന് ശ്രദ്ധിച്ച് കാണുന്നത് നല്ലതായിരിക്കും. ഡി.കെ.സി. പ്രസിഡന്റ് സന്തോഷ് ജോസഫിന്റെയും ഡി.എം.എ പ്രസിഡന്റ് സാജന്‍ ജോസിന്റെയും മക്കള്‍ ഒരുമിച്ചു മധുരം പങ്കിടുന്ന ചിത്രമാണ് ഇതോടൊപ്പം ഉള്ളത്. ഇതേ സൗഹാര്‍ദ്ദത്തോടെ ഇരു സംഘടനകളും യുക്മയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും തമ്മിലടിപ്പിച്ച് ഒന്നിനെ കയ്പ്പിടിയില്‍ ഒതുക്കാം എന്നത് വെറും വ്യാമോഹം ആയിരിക്കും എന്നും വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ.

 

 

ഡോര്‍സെറ്റില്‍ നിന്നും,

ഷാജി തോമസ് (യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ്)




കൂടുതല്‍വാര്‍ത്തകള്‍.