CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 29 Minutes 22 Seconds Ago
Breaking Now

യുകെയിലെ മലയാളി മനസുകളില്‍ ഒരുമയുടെ തിരിതെളിയിച്ച് യുക്മ

ജനകീയ പങ്കാളിത്തം കൊണ്ടും കലാമേന്മ കൊണ്ടും സര്‍വ്വരുടെയും പ്രശംസ പിടിച്ചു പറ്റി പൂര്‍ത്തിയായ റീജിയണല്‍ കലാമേളകള്‍ക്ക് ശേഷം യുകെ മലയാളികളുടെ കലാമാമാങ്കത്തിന് ശനിയാഴ്ച ലെസ്റ്ററില്‍ കൊടിയേറുകയാണ്.

അഞ്ചു വര്‍ഷം മുന്‍പ് ലെസ്റ്ററില്‍ വച്ച് രൂപം കൊണ്ട യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ ദേശീയ കലാമേള സംഘടന പിറവിയെടുത്ത മണ്ണില്‍ അരങ്ങേറുമ്പോള്‍ അതൊരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള മുന്നൊരുക്കത്തിലാണ് ഓരോ യുക്മ അംഗസംഘടനകളും.

കേവലം അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് അംഗബലം കൊണ്ടും നടത്തുന്ന പരിപാടികളിലെ വൈവധ്യത കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനകളില്‍ ഒന്നായി യുക്മ വളര്‍ന്നു കഴിഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ അപേക്ഷിച്ച് സംഘടനാ പ്രവര്‍ത്തനത്തിന് ഏറെ പരിമിതികള്‍ ഉള്ള യുകെയില്‍ യുക്മ എന്ന സംഘടനയ്ക്ക് ലഭിച്ച സ്വീകാര്യത ആരിലും അതിശയം ഉളവാക്കുന്നതാണ്.വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കും ഉപരിയായി നിസ്വാര്‍ത്ഥമായ പൊതുസേവനം മാത്രം ലക്ഷ്യമിടുന്ന സംഘടനാപാടവമുള്ള ഒരു കൂട്ടം സുമനസുകളുടെ കൂട്ടായ പ്രയത്‌നമാണ് യുക്മയെ കൂടുതല്‍ കരുത്തുറ്റതാക്കിയത്. 

മുന്‍ ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡണ്ട് ആയിരുന്ന ജോയി ജേക്കബിന്റെ മനസ്സില്‍ ഉദിച്ച ആശയമാണ് യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ.യുക്മ എന്ന സംഘടനയുടെ രൂപീകരണത്തിന് മലയാളികള്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് യുകെ മലയാളികള്‍ കണ്ട ഏറ്റവും മികച്ച സംഘാടകരില്‍ ഒരാളായിരുന്ന  ജോയി തന്നെയാണെന്ന് നിസംശയം പറയാം.അദ്ദേഹം മുന്‍കൈയെടുത്താണ് 2009 ല്‍ യുക്മയുടെ ആദ്യ യോഗം ലെസ്റ്ററില്‍ ചേര്‍ന്നതും യുക്മ പിറവിയെടുത്തതും. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം യുക്മ കലാമേള ലെസ്റ്ററില്‍ അരങ്ങേറുമ്പോള്‍ രണ്ടുവര്‍ഷം മുന്‍പ് ആസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജോയിയുടെ അസാന്നിധ്യം  തന്നെയാണ് യുക്മയുടെ ഏറ്റവും വലിയ നഷ്ട്ടവും.

പത്തു പേര്‍ മാത്രമുള്ള ഒരു ലോക്കല്‍ സംഘടനയില്‍ പോലും പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ നൂറിനടുത്ത് അംഗ സംഘടനകള്‍ ഉള്ള യുക്മ കൊണ്ട് നടക്കുക എന്നത് എത്രമാത്രം  ശ്രമകരമായ ദൌത്യമാണെന്ന് നമുക്കറിയാം.എന്നാല്‍ ഈ ദൌത്യം വളരെ സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വഹിച്ച് സംഘടനയ്ക്ക് ഊടും പാവും തുന്നിയത് യുക്മയുടെ  ആദ്യ കമ്മിറ്റിയാണ്..ആദ്യ കമ്മിറ്റിയുടെ അര്‍പ്പണബോധവും നിസ്വാര്‍ത്ഥ സേവനവുമാണ് യുക്മ എന്ന സംഘടനയ്ക്ക് കിട്ടിയ ഏറ്റവും ശക്തമായ അടിത്തറ. സ്ഥാപിത താല്‍പ്പര്യക്കാരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതെ അവരുടെ ഭീഷണികള്‍ക്ക് വശംവദരാവാതെ യുക്മയെ ശരിയായ ദിശയില്‍ ജനാധിപത്യപരമായി നയിച്ചതില്‍ ആദ്യ രണ്ടു കമ്മിറ്റികള്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചു.

തുടര്‍ന്നിങ്ങോട്ട് യുക്മയെ നയിച്ച നേതാക്കന്മാരുടെ ദീര്‍ഘവീഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ബാല്യചാപല്യങ്ങള്‍ കടന്ന് പ്രവാസി ലോകത്തിന് മാതൃകയായി സംഘടനയെ വളര്‍ത്തിയത്. യുക്മയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ നിലവിലുള്ള ഭരണ സമിതി വഹിച്ച പങ്ക്  പ്രത്യേകം എടുത്ത് പറയേണ്ടതാണ്.ഈ ജനകീയതയുടെ സ്വീകാര്യത മൂലമാണ് കുപ്രചാരണങ്ങളില്‍  വീഴാതെ പ്രലോഭനങ്ങളില്‍ വശംവദരാകാതെ  അംഗ സംഘടനകള്‍ യുക്മയ്ക്കൊപ്പം  ഉറച്ചു നില്‍ക്കുന്നത് .

പൊതുപ്രവര്‍ത്തനത്തിന് പരിമിതികള്‍ ഏറെയുള്ള യുകെയില്‍ യുക്മയെ നയിച്ച ഓരോ നേതാവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. നാഷണല്‍ മുതല്‍ അസോസിയേഷന്‍ വരെയുള്ള ഓരോ കമ്മിറ്റികളിലെയും സേവനതല്‍പ്പരരായ നല്ല മനസുകളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് യുക്മയുടെ ഇന്നീ കാണുന്ന വളര്‍ച്ച. 

കാലാകാലങ്ങളില്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ നടത്തിയ പ്രചരണങ്ങളില്‍ സംഘടനയും നേതൃത്വവും  അംഗ സംഘടനകളും വീണില്ല എന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ വിജയം.പിറവിയെടുത്തത്  അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് നൂറോളം  സംഘടനകള്‍ യുക്മയില്‍ അംഗത്വം സ്വീകരിച്ചു കഴിഞ്ഞു.പ്രാദേശിക അസ്സോസ്സിയേഷന്‍റെ പരിമിതികള്‍ക്കും അപ്പുറം അംഗങ്ങളുടെ കലാ കായിക സാമൂഹിക ഉന്നമനത്തിനായി  യുക്മയെന്ന കൂട്ടായ്മ നല്‍കുന്ന സാധ്യതകള്‍ തിരിച്ചറിയുമ്പോള്‍ അംഗ സംഘടനകളുടെ എണ്ണം ഇനിയും കൂടിക്കൊണ്ടേയിരിക്കും.

നാഷണല്‍  കലാമേളയ്ക്ക് ശനിയാഴ്ച ലെസ്റ്ററില്‍ തിരി തെളിയുമ്പോള്‍ യുക്മയിലെ അംഗ സംഘടനകള്‍ തികഞ്ഞ ആവേശത്തില്‍ ആണെന്നത് അംഗീകരിക്കാതെ വയ്യ.മുന്‍പൊരിക്കലും കാണാത്ത മുന്നൊരുക്കങ്ങള്‍ ആണ് ഇത്തവണത്തെ കലാമേളയ്ക്ക് അംഗ സംഘടനകള്‍ നടത്തിയിരിക്കുന്നത്.നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശങ്ങള്‍ ഒന്നുമില്ലാതെയാണ് അംഗങ്ങള്‍ കാണിക്കുന്ന ഈ ആവേശം എന്നത് ഏറെ ശ്രദ്ധേയമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയാണ് ഇത്തവണത്തെ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് എന്നത് സന്ഘാടകര്‍ക്ക് ഇരട്ടി ആത്മവിശ്വാസം നല്‍കുന്നു.

അതേ...യു കെയിലെ മലയാളി മനസുകളില്‍ ഒരുമയുടെ തിരി തെളിയിച്ച് യുക്മ മുന്നേറുകയാണ്..ഒപ്പം ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാന്‍ അംഗ സംഘടനകളും.തിരിച്ചറിവിന്റെ ഈ ധന്യമുഹൂര്‍ത്തങ്ങളില്‍ വരുംതലമുറയ്ക്ക് മാതൃകയായി ഒരുമയുടെ സന്ദേശവുമായി യുക്മയുടെ കീഴില്‍ നമുക്കും അണിനിരക്കാം.. ആഘോഷിക്കാം..




കൂടുതല്‍വാര്‍ത്തകള്‍.