CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 3 Seconds Ago
Breaking Now

യുക്മ നാഷണല്‍ കലാമേള; ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.

ലെസ്റ്റര്‍ മേയര്‍ പീറ്റര്‍ സോള്‍സ്ബി, സിനിമ നിര്‍മ്മാതാവ് ജോയ് തോമസ്‌ തുടങ്ങിയവര്‍ വിശിഷ്ടാതിഥികള്‍.

ലെസ്റ്റര്‍: ആഗോള പ്രവാസി മലയാളി സംഘടനാ കൂട്ടായ്മകളില്‍ ഏറ്റവും വലിയ സംഘടനയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) നടത്തുന്ന നാഷണല്‍ കലാമേളയ്ക്ക്  ഉദ്ഘാടകനായി എത്തുന്നത് ശ്രീ. ആന്റോ ആന്റണി എം.പി. പ്രവാസി മലയാളികള്‍ക്ക് വേണ്ടി ഇന്ത്യന്‍ ​ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ പാര്‍ലമെന്റംഗം എന്ന നിലയില്‍ ശ്രീ. ആന്റോ ആന്റണി എംപിയുടെ വരവ് യുക്മയുടെ നാളിത് വരയുള്ള വളര്‍ച്ചയുടെ പടവുകളില്‍ അഭിമാനകരമായ ഒന്നാണ്. സംസ്ഥാന പ്രവാസികാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫും നോര്‍ക്ക സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജും  യുക്മയുടെ മിഡ്ലാന്റ്സ് റീജണല്‍ കലാമേളയ്ക്ക് വിശിഷ്ടാതിഥികളായി എത്തിയതിനു പിന്നാലെയാണ് നാഷണല്‍  കലാമേളയ്ക്ക് ആന്റോ ആന്റണി എംപി എത്തുന്നത്. യുക്മ ഒരു മാതൃകാപരമായ പ്രവാസ സംഘടന എന്നുള്ള നിലയില്‍ ആഗോള മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കിടയിലും പരിഗണിയ്ക്കപ്പെടുകയാണ്. ആന്റോ ആന്റണിക്ക് പുറമേ ലെസ്റ്റര്‍ ലോര്‍ഡ്‌ മേയര്‍ പീറ്റര്‍ സോള്‍സ്ബി, പ്രശസ്ത മലയാള സിനിമ നിര്‍മ്മാതാവ് ജോയ് തോമസ്‌ (ജൂബിലി പ്രൊഡക്ഷന്‍സ്) തുടങ്ങിയവര്‍ വിശിഷ്ടാതിഥികളും ആകും.  

       യുക്മയുടെ ഏറ്റവും ശക്തമായ റീജിയനായ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയില്‍ പ്രസ്തുത റീജിയനില്‍ നിന്നുള്ള മുന്‍ കലാതിലകങ്ങളായ രേഷ്മ മരിയ എബ്രഹാമും ലിയ ടോമും അവതാരകരാകും. 2011ല്‍ സൗത്തെന്‍ഡ്‌ ഓണ്‍ സീയില്‍ നടന്ന യുക്മ നാഷണല്‍ കലാമേളയിലെ കലാതിലകമാണ് രേഷ്മ മരിയ എബ്രഹാം. കഴിഞ്ഞ വര്‍ഷം ലിവര്‍പൂളില്‍ നടന്ന ദേശീയ കലാമേളയിലെ കലാതിലകം ആണ് ലിയ ടോം.    

 

 

 


നവംബര്‍ 8 ശനിയാഴ്ച്ച യു.കെയിലെ പ്രമുഖ പട്ടണങ്ങളിലൊന്നായ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ നടക്കുന്ന കലാമേളയ്ക്ക് യു.കെയിലെ ഏറ്റവും സജീവമായ മലയാളി സംഘടനകളിലൊന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയാണ് ആതിഥേയരാവുന്നത്. ഏകദേശം അയ്യായിരത്തോളും ആളുകള്‍ അന്നേ ദിവസം ഈ പരിപാടിയ്ക്ക് വന്നു ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരളത്തിന് പുറത്ത് നടക്കുന്ന മലയാളത്തനിമയുള്ള ഏറ്റവും വലിയ കലോത്സവവും യുക്മ നടത്തുന്ന നാഷണല്‍ കലാമേളയാണ്. ഒന്‍പത് റീജിയനുകളില്‍ നിന്നായി 41 ഇനങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളാവുന്നവരാണ്  നാഷണല്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തുന്നത് എന്നുള്ളത് കലോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു. റീജണല്‍ തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയിക്കുന്നവരാണ് നാഷണല്‍ കലാമേളയ്ക്ക് എത്തുന്നത്. ഒന്‍പത് റീജണുകളില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയികളായ 500ല്പരം കലാകാരന്മാരും കലാകാരികളുമാണ് ലെസ്റ്ററിലെ നാഷണല്‍ കലാമേളയില്‍ മത്സരിക്കുന്നത്. അഞ്ച് വേദികളിലായി രാവിലെ 11 മുതല്‍ ഇടതടവില്ലാതെ നടക്കുന്ന മത്സരങ്ങള്‍ അവസാനിക്കുന്നതിനു തൊട്ട് പിന്നാലെ തന്നെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനു സാധിക്കുമെന്നുള്ളത് യുക്മയുടെ സംഘാടക മികവ് തെളിയിക്കുന്നതാണ്.   

 

കേരളത്തില്‍ നിന്നും യു.കെലേയ്ക്കുള്ള കുടിയേറ്റത്തില്‍ ഏറ്റവുമധികം പ്രവാസി മലയാളികള്‍ ഉള്‍പ്പെടുന്നത് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ്. ഈ രണ്ട് ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന എംപി,  യു.കെയിലെ  മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷത്തില്‍ പങ്കുചേരാനായി എത്തുന്നത് യു.കെ മലയാളികളുടെ ആവേശത്തെ ഇരട്ടിയാക്കുമെന്നുള്ളതിനു സംശയമില്ല. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ വളരെ ശ്രദ്ധേയവും മാതൃകാപരവുമായ പ്രകടനമാണ് ശ്രീ. ആന്റോ ആന്റണി എംപി കാഴ്ച്ച വച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായുള്ള പ്രവാസി ഇന്ത്യാക്കാരുടെ ആവശ്യമായിരുന്ന വോട്ടവകാശത്തെപ്പറ്റി പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ ആന്റോ ആന്റണി ഉന്നയിച്ച ചോദ്യമാണ് പ്രവാസി വോട്ടവകാശം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെയുള്ള നടപടി ക്രമങ്ങളിലേയ്ക്ക് നയിച്ചത്. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍​ക്ക് എതിരേ നടക്കുന്ന ചൂഷണത്തിനെതിരേ സമരവുമായി നഴ്സുമാര്‍ രംഗത്ത് വന്നപ്പോള്‍ ഉറച്ച പിന്തുണയുമായി സമരരംഗത്ത് എത്തുകയും പാര്‍ലമെന്റില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്തത് ശ്രീ. ആന്റോ ആന്റണിയാണ്. ഇന്ത്യയിലെ നഴ്സിങ് മേഖലയിലെ ബോണ്ട് സമ്പ്രദായവും സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കലും തടയാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗമെന്ന നിലയ്ക്ക് ഫലപ്രദമായി ഇടപെടുന്നതിനും അദ്ദേഹത്തിനു സാധിച്ചു. ഇന്ത്യ, നഴ്‌സുമാരുടെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസില്‍ (ഐ.സി.എന്‍.) അംഗമായതും ആന്റോ ആന്റണിയുടെ ശ്രമഫലമായിട്ടാണ്. പ്രവാസി മലയാളികളുടെ ആവശ്യങ്ങള്‍ക്ക്  വേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ആന്റോ ആന്റണി എംപി യുക്മ നാഷണല്‍ കലോത്സവത്തിനു എത്തുമ്പോള്‍ യു.കെ മലയാളികള്‍ വീണ്ടും ആഗോള മലയാളി സമൂഹത്തിനു മുന്നില്‍ അംഗീകരിക്കപ്പെടുകയാണെന്ന സന്തോഷവും യുക്മയെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ ഉണ്ടാവുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.