CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 15 Minutes 6 Seconds Ago
Breaking Now

യുകെയില്‍ ആദ്യമായി സ്വന്തം അവതരണ ഗാനവുമായി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍

ഡോര്‍സെറ്റ് മലയാളി അസോസിയേഷന് സ്വന്തമായ അവതരണ ഗാനവുമായി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷിച്ചു. യുകെ മലയാളികളുടെ ആദ്യകാല അസോസിയേഷനുകളില്‍ ഒന്നായ ഡിഎംഎയുടെ കുറച്ചുനാളുകളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു അവതരണഗാനം.

ഡിഎംഎയിലെ തന്നെ അംഗമായ സുരേഷ് തേനൂരാന്‍ രചിച്ച ഗനത്തിന് പ്രശസ്ത സംഗീതസംവിധായകനായ ശ്യംരമേഷ് സംഗീതം നല്‍കി ആലപിച്ചു. ഈ ഗാനത്തിന് ലഖിത ലാലിച്ചന്റെയും ആന്റിയ റെമിയുടെയും കൊറിയോഗ്രാഫിയില്‍ ഡിഎംഎയുടെ കലാപ്രതിഭകളായ 40ഓളം കുട്ടികള്‍ വര്‍ണ്ണച്ചമയങ്ങള്‍ അണിഞ്ഞ് ഗാനത്തിന്റെ നാദത്തോടൊപ്പം താളമേളാഘോഷത്തോടെ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ അത് ഏവര്‍ക്കും അവിസ്മരണീയ അനുഭവമായി മാറി.

ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രശസ്തനായ ഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്ക് ഡിഎംഎയുടെ അവതരണഗാനം ലൈവ് ആയി ആലപിച്ചപ്പോള്‍ വലിയ ആഘോഷത്തോടെ ഏവരും അത് ഏറ്റുപാടി. 'ഇതുതാളം ഇതുമേളം തേജോഭരിതം, ഡോര്‍സെറ്റ് മലയാളിതന്‍ താളാഘോഷം മേളാഘോഷം' എന്നു തുടങ്ങുന്ന ഗാനം സുന്ദരമാം ഓര്‍മ്മകള്‍ വിവരിക്കുന്നതും ജന്മനാടിന്റെ മഹത്വം ഉയര്‍ത്തുന്നതുമായിരുന്നു. ഡിഎംഎയുടെ വരാനിരിക്കുന്ന ആഘോഷങ്ങളില്‍ മറ്റുഗായകര്‍ക്ക് ആലപിക്കുന്നതിനുവേണ്ടി കരോക്കെയും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

വളരെ കുറച്ച് മലയാളികളുമായി 2002ല്‍ ഡോര്‍സെറ്റില്‍ ആരംഭിച്ച സംഘടനയാണ് ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍. പരസ്പര സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും പ്രവര്‍ത്തിക്കുന്ന ഡിഎംഎ കേരളത്തിന്റെ കലയും സംസ്‌കാരവും നിലനിര്‍ത്തുന്നതിനും ആസ്വദിക്കുന്നതിനും പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും പലപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്.

യുകെയില്‍ ആദ്യമായി ഒരു മലയാളി അസോസിയേഷനുവേണ്ടി ഒരു അവതരണഗാനം ഉണ്ടാക്കുവാനും കുട്ടികളെക്കൊണ്ട് അത് അവതരിപ്പിച്ച് ആഘോഷമാക്കി മാറ്റുവാനും സാധിച്ചതില്‍ ഉള്ള അഭിമാനവും സന്തോഷവും സംഘാടകര്‍ അറിയിച്ചു.

 

ഡിഎംഎയുടെ അവതരണ ഗാനത്തിന്റെ ലിങ്ക് ചുവടെ

 




കൂടുതല്‍വാര്‍ത്തകള്‍.