Breaking Now

ഡീസല്‍ വിലനിയന്ത്രണം രണ്ട് വര്‍ഷത്തിനകം എടുത്ത് നീക്കും

ഡീസല്‍ വിലനിയന്ത്രണം രണ്ട് വര്‍ഷത്തിനകം പൂര്‍ണ്ണമായും എടുത്ത് നീക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി.

ഇന്ധന വില നിര്‍ണയം സംബന്ധിച്ച് പഠിച്ച ഘേല്‍കര്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതിന് അനുസരിച്ച് വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് സാഹചര്യം ഒരുക്കുന്നതിനാണ് നടപടി. റെയില്‍വേയും കെഎസ്ആര്‍ടിസിയും അടക്കമുള്ള വന്‍കിട ഉപഭോക്താക്കള്‍ വിലവര്‍ദ്ധനയുടെ അധികബാധ്യത ഏറ്റെടുക്കണം. കേന്ദ്രസര്‍ക്കാരിന് ഇതില്‍ പരിമിതകളുണ്ട്. റെയില്‍വേ അടക്കമുള്ള വന്‍കിട ഉപഭോക്താക്കള്‍ സ്വന്തം ബജറ്റില്‍ ഇതിനായി തുക കണ്ടെത്തണമെന്നും വീരപ്പ് മൊയ്‌ലി പറഞ്ഞു

സബ്‌സിഡി നല്‍കിയതിലൂടെ ലിറ്ററിലുണ്ടായ 9 രൂപ 22 പൈസ നഷ്ടം നികത്തുന്നത് വരെയായിരിക്കും ഡീസലിന്റെ വില വര്‍ധിപ്പിക്കുകയെന്നായിരുന്നു നേരത്തെ പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. വില നിയന്ത്രണം പൂര്‍ണമായി എടുത്തുകളയുന്നതോടെ എണ്ണകമ്പനികള്‍ക്ക് യഥേഷ്ടം വില വര്‍ധിപ്പിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

സബ്‌സിഡിനിരക്കില്‍ ഡീസലും പാചകവാതകവും മണ്ണെണ്ണയും വില്‍ക്കുന്നതിനെത്തുടര്‍ന്ന് ദിനംപ്രതി 450 കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

2010ല്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. അതിനുശേഷം 20 തവണ പെട്രോള്‍ വില വര്‍ധിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.