CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 10 Seconds Ago
Breaking Now

ഇങ്ങനെയും മനുഷ്യര്‍ ഈ ഭൂമിയിലുണ്ടോ? ട്രെയിന്‍ യാത്രക്കിടെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അമ്മയോട് ഫോണില്‍ പരാതി പറഞ്ഞ് കരഞ്ഞ് ഉറങ്ങി; മയക്കം വിട്ടുണരുമ്പോള്‍ മടിയില്‍ 100 പൗണ്ട്; അപരിചിതന്റെ ദയയ്ക്ക് മുന്നില്‍ അതിശയിച്ച് ഒരു വിദ്യാര്‍ത്ഥിനി

ലീഡ്‌സ് ബെക്കെറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേഷന്‍ നേടിയ യെല്ലാ ട്രെയിനില്‍ വെച്ചുണ്ടായ തന്റെ നല്ല അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചു

പണമാണ് ഇന്ന് ഭൂമിയില്‍ എല്ലാം. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? യഥാര്‍ത്ഥത്തില്‍ പണം കൊണ്ട് വാങ്ങാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ മനുഷ്യന്‍ ആ സത്യത്തില്‍ നിന്നും ഏറെ അകന്ന് കഴിഞ്ഞിരിക്കുന്നു. അവന്റെ നെട്ടോട്ടം ഇന്ന് പണത്തിന് പിന്നാലെയാണ്. സ്വന്തം കൂടപ്പിറപ്പുകള്‍ പോലും പണത്തിന്റെ പേരില്‍ പോരടിക്കുന്ന കലികാലത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കേട്ട് മനസ്സലിഞ്ഞ അപരിചിതന്‍ അവര്‍ അറിയാതെ 100 പൗണ്ട് ദാനം ചെയ്ത് നന്ദി വാക്കിനായി കാത്തുനില്‍ക്കാതെ സ്ഥലംവിട്ടതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

തന്റെ സാമ്പത്തിക സ്ഥിതി വഷളാകുന്നതിനെക്കുറിച്ച് യെല്ലാ ജൊഹാന്‍സണ്‍ ട്രെയിന്‍ യാത്രക്കിടെ അമ്മയോട് സംസാരിക്കുകയായിരുന്നു. പീറ്റര്‍ബറോയില്‍ നിന്നും ലീഡ്‌സിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയായിരുന്നു പരാതി പറച്ചില്‍. ബാങ്ക് ട്രാന്‍സ്ഫര്‍ വഴി അയച്ച 35 പൗണ്ട് അപ്രത്യക്ഷമായത് യുവതിയെ നിരാശപ്പെടുത്തിയിരുന്നു. ഈ പരാതിയെല്ലാം അമ്മയോട് പറഞ്ഞ് ഇടയ്ക്ക് കരഞ്ഞ് ഉറങ്ങിപ്പോയ യെല്ലയുടെ മടിയില്‍ മയക്കം വിട്ടുണരുമ്പോള്‍ ഏതോ ഒരു നല്ല മനുഷ്യന്‍ 100 പൗണ്ട് വെച്ചിരുന്നു.

ലീഡ്‌സ് ബെക്കെറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേഷന്‍ നേടിയ യെല്ലാ ട്രെയിനില്‍ വെച്ചുണ്ടായ തന്റെ നല്ല അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചു. ട്രെയിന്‍ യാത്രയില്‍ സീറ്റ് കിട്ടിയതോടെ അമ്മയെ വിളിച്ച് പരാതികള്‍ പങ്കുവെച്ചു. കൈയില്‍ നിസ്സാര പൈസയാണ് ഉള്ളതെന്നും, എന്ത് ചെയ്യുമെന്ന് അറിയില്ലെന്നുമൊക്കെ അമ്മയോട് പറഞ്ഞു. പരാതി പറഞ്ഞുതീര്‍ത്ത് ഒരു മയക്കത്തിലേക്ക് പോയി. ഉറക്കം വിട്ടുണരുമ്പോള്‍ മടിയില്‍ ഒരു നാപ്കിന്‍ വെച്ചിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടു. നാപ്കിന് കീഴില്‍ 100 പൗണ്ടാണ് ഉണ്ടായിരുന്നത്. ഇത് കണ്ട് കരഞ്ഞ് പോയി. ഈയൊരു ദയാവായ്പിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, യെല്ലാ പറയുന്നു. 

ലോകത്തില്‍ ദയയും, നല്ല മനസ്സുമുള്ളവരും ഇപ്പോഴും അവശേഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തന്റെ അനുഭവമെന്ന് യെല്ലാ കൂട്ടിച്ചേര്‍ക്കുന്നു. ഈ ദയ താന്‍ കൈമാറും. ഇത് തന്ന വ്യക്തി തന്ന സമ്മാനമാണ് ഈ പണം. ഈ സന്ദേശം ഒടുവില്‍ അദ്ദേഹം കാണുമെന്ന പ്രതീക്ഷയും യെല്ലാ പങ്കുവെച്ചു.




കൂടുതല്‍വാര്‍ത്തകള്‍.