CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 33 Seconds Ago
Breaking Now

ഗ്രെന്‍ഫെല്‍ ദുരന്തത്തില്‍ മരിച്ച വ്യക്തിയുടെ എല്ലിന്‍കഷ്ണം വാഷിംഗ് മെഷീനില്‍; രണ്ടാം സംസ്‌കാരച്ചടങ്ങ് കൂടി നടത്താന്‍ വിധിക്കപ്പെട്ട് ബന്ധുക്കള്‍; രണ്ട് തവണ ദുഃഖം സമ്മാനിച്ചതില്‍ മാപ്പ് പറഞ്ഞ് പോലീസ്

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഈ എല്ലിന്‍കഷ്ണം ശരീരത്തില്‍ നിന്നും നഷ്ടമായെന്ന കാര്യം കണ്ടെത്തിയിരുന്നില്ല.

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറയുന്നത് വെറുതെയല്ല. ഏത് സമയത്ത് അത് കയറി വരുമെന്നും ആരുടെ ജീവന്‍ കവരുമെന്നും പറയാന്‍ കഴിയില്ല. ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത വസ്തുത ആയത് കൊണ്ട് തന്നെ പ്രിയപ്പെട്ടവരുടെ മരണം അതെത്ര ദുഃഖകരമായാലും പതിയെ അതില്‍ നിന്നും മുക്തി നേടി മുന്നോട്ട് നീങ്ങും. പക്ഷെ ഒരു മരണത്തില്‍ രണ്ട് തവണ സംസ്‌കാര ചടങ്ങുകള്‍ നടത്തേണ്ടി വരുന്ന ബന്ധുക്കളുടെ അവസ്ഥ ആലോചിച്ച് നോക്കൂ. ഗ്രെന്‍ഫെല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് സബെര്‍ നെദയുടെ കുടുംബത്തിനാണ് രണ്ട് തവണ ദുഃഖത്തിന്റെ കയങ്ങള്‍ താണ്ടാന്‍ യോഗമുണ്ടായത്. 

വെസ്റ്റ് ലണ്ടനിലെ ടവര്‍ ബ്ലോക്ക് തീയില്‍ അമര്‍ന്നപ്പോള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടാതെ മുഹമ്മദിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. മരണത്തിലേക്കാണ് താന്‍ ചാടുന്നതെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞ് വോയ്‌സ്‌മെയില്‍ അയച്ചിരുന്നു. മുഹമ്മദിന്റെ മൃതദേഹം ബന്ധുക്കള്‍ അടക്കം ചെയ്ത് ആറ് മാസം കഴിഞ്ഞപ്പോഴാണ് പോലീസ് വീണ്ടും ഇവരെ സമീപിക്കുന്നത്. തങ്ങള്‍ക്ക് സംഭവിച്ച വലിയൊരു പിഴവ് പോലീസ് സമ്മതിക്കുകയും ചെയ്തു. മുഹമ്മദിന്റെ വസ്ത്രങ്ങള്‍ പോലീസ് വൃത്തിയാക്കാന്‍ നല്‍കിയപ്പോഴാണ് ഇതിനുള്ളില്‍ ഉണ്ടായിരുന്ന എല്ലിന്‍ കഷ്ണങ്ങള്‍ വാഷിംഗ് മെഷീനില്‍ കുടുങ്ങുന്നത്. 

ഇതോടെയാണ് സംസ്‌കരിച്ച പ്രിയപ്പെട്ട ആളുടെ മൃതദേഹം പൂര്‍ണ്ണമായി സംസ്‌കരിക്കാന്‍ കഴിഞ്ഞില്ലെന്ന് കുടുംബം തിരിച്ചറിയുന്നത്. എന്ത് കൊണ്ടാണ് പോലീസ് ഇത്രയും കാലം കഴിഞ്ഞ് ഇക്കാര്യങ്ങള്‍ കണ്ടെത്തുന്നതെന്ന് ഭാര്യ ഫ്‌ളോറ ചോദിക്കുന്നു. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് പോലീസിന് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. വീണ്ടും സംസ്‌കാരച്ചടങ്ങുകള്‍ നടത്തേണ്ടി വന്നത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ ദുഃഖം കൊണ്ടുവരുന്ന കാര്യമാണെന്ന് ഭാര്യ വ്യക്തമാക്കി. ഗ്രെന്‍ഫെല്‍ ദുരന്തം കൈകാര്യം ചെയ്ത പോലീസ് നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ഘട്ടത്തിലാണ് ഈ വീഴ്ച പുറത്തുവരുന്നത്. 

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഈ എല്ലിന്‍കഷ്ണം ശരീരത്തില്‍ നിന്നും നഷ്ടമായെന്ന കാര്യം കണ്ടെത്തിയിരുന്നില്ല. എന്തായാലും മാപ്പ് പറഞ്ഞ് തലയൂരുകയാണ് പോലീസ് ചെയ്യുന്നത്. ഈ കുടുംബം രണ്ട് തവണ ദുഃഖം അനുഭവിക്കേണ്ടി വന്നതിന് ആരാണ് സമാധാനം പറയുക?




കൂടുതല്‍വാര്‍ത്തകള്‍.