CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 17 Minutes 29 Seconds Ago
Breaking Now

യാത്രക്കിറങ്ങിയ ബ്രിട്ടീഷ് മുത്തശ്ശി ആശുപത്രിയില്‍ കുടുങ്ങി; ക്രൂയിസ് ഷിപ്പിലെ യാത്രക്കിടെ രോഗബാധിതയായി എയര്‍ലിഫ്റ്റ് ചെയ്തു; ട്രാവല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ 50000 പൗണ്ട് ബില്‍ അടയ്ക്കാന്‍ ഗതിയില്ല

പണം അടച്ച് തീര്‍ക്കാതെ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ മുത്തശ്ശി

വയസ്സാംകാലത്ത് ഒരു യാത്രക്കിറങ്ങിയതാണ് ജോയ്‌സ് കെറ്റില്‍. ലോകം ഒന്ന് കാണണം അതായിരുന്നു മോഹം. പക്ഷെ ക്രൂയിസ് ഷിപ്പിലെ യാത്രക്കിടെ ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. ഇതോടെ സ്വപ്‌നയാത്ര ദുരന്തയാത്രയായി മാറി. മെക്‌സിക്കോയിലെ ആശുപത്രിയില്‍ 50000 പൗണ്ട് നല്‍കിയാല്‍ മാത്രമാണ് ഇവര്‍ക്ക് തിരികെ നോര്‍ത്തംബര്‍ലാന്‍ഡിലെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയൂവെന്നതാണ് അവസ്ഥ. ക്രൂയിസ് ഷിപ്പില്‍ നിന്നും എയര്‍ലിഫ്റ്റ് ചെയ്തത് മുതലുള്ള തുക നല്‍കിയാല്‍ മാത്രമേ ഇവരെ തിരികെ വിടൂവെന്നാണ് അധികൃതരുടെ നിലപാട്. 

തന്റെ ബാങ്ക് വഴി ഹോളിഡേ ഇന്‍ഷുറന്‍സ് ഉണ്ടെന്നായിരുന്നു ജോയ്‌സ് കെറ്റിലിന്റെ വിശ്വാസം. പക്ഷെ ഈ കവറേജ് യൂറോപ്യന്‍ യാത്രകള്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. കപ്പല്‍ പോര്‍ട്ട് വിട്ടതിന് ശേഷമാണ് കെറ്റിലിന് ശ്വസനപ്രശ്‌നങ്ങള്‍ നേരിട്ടത്. ആശുപത്രിയിലേക്ക് അടിയന്തരമായി എത്തിക്കാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് കപ്പലിലെ ഡോക്ടര്‍മാരും വിധിച്ചു. ഇതോടെ സുഹൃത്തിനും അവരുടെ മകനും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കെറ്റിലിനെ എയര്‍ലിഫ്റ്റ് ചെയ്തു. 

കാന്‍കണിന് സമീപമുള്ള ഹോളിഡേ ഐലന്‍ഡായ കോസുമെലിലെ ആശുപത്രിയിലേക്കാണ് കെറ്റിലിനെ കൊണ്ടുപോയത്. ഇപ്പോള്‍ 51,150 പൗണ്ട് ഹോസ്പിറ്റല്‍ ബില്‍ അടയ്ക്കാനാണ് കുടുംബത്തിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അടയ്ക്കാനുള്ള സമ്പാദ്യം ഈ വൃദ്ധയ്ക്ക് ഇല്ലതാനും. ഓണ്‍ലൈന്‍ ഫണ്ട് റേസിംഗ് പേജിന് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍. മൂന്ന് സ്‌റ്റെന്‍ഡുകള്‍ ഇട്ട് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വിശ്രമത്തിലാണ് കെറ്റില്‍. മൂന്ന് മക്കളും, ആറ് പേരക്കുട്ടികളും, നാല് ചെറുമക്കളുമുണ്ട് കെറ്റിലിന്. ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യുകയും ചെയ്തു. 

അതേസമയം പണം അടച്ച് തീര്‍ക്കാതെ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ മുത്തശ്ശി. അതുകൊണ്ട് ഹോളിഡേ യാത്രക്ക് ഇറങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ മറക്കേണ്ട!




കൂടുതല്‍വാര്‍ത്തകള്‍.