CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 1 Seconds Ago
Breaking Now

ലെസ്റ്റര്‍ഷെയറിലെ സ്‌ഫോടനത്തില്‍ മരണം അഞ്ചായി; കൊല്ലപ്പെട്ടവരില്‍ അമ്മയും രണ്ട് മക്കളും; ഷോപ്പിലെ ജീവനക്കാരിയെ കണ്ടുകിട്ടിയില്ല; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്ന് സംശയം; ചികിത്സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരം; തകര്‍ന്നത് ഇന്ത്യന്‍ വംശജന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം

പോളിഷ് സ്‌റ്റോര്‍ ഉടമ അറാം കുര്‍ദ് ബിയര്‍ എടുക്കാനായി സ്‌റ്റോര്‍ റൂമില്‍ പോയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്

ലെസ്റ്റര്‍ഷെയറില്‍ സ്‌ഫോടനമുണ്ടായ കെട്ടിടം ഇന്ത്യന്‍ വംശജന്റെ ഉടമസ്ഥതയിലുള്ളത്. വന്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന കുടുംബത്തിലെ അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഷോപ്പും, മുകളിലെ താമസസ്ഥവും അപ്പാടെ തകര്‍ന്നിരുന്നു. 46-കാരി മേരി രഗൂബാര്‍, മക്കളായ ഷെയിന്‍, 18, സീന്‍, 17 എന്നിവര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. 

ഗ്യാസ് മൂലം നടന്നതെന്ന് കരുതുന്ന സ്‌ഫോടനത്തിന് ശേഷം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതാണ് മരണസാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. നാല് വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ജോസ് രഗൂബീറിനൊപ്പം കുടുംബം ലെസ്റ്റര്‍ഷയറിലെ ഈ രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസിക്കാന്‍ എത്തുന്നത്. 15 വയസ്സുള്ള ഇവരുടെ ഇളയ മകന്‍ സ്‌കൂട്ടിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്‌ക്കൊപ്പം പിതാവുമുണ്ട്. ഷോപ്പില്‍ ജോലി ചെയ്തിരുന്ന വിക്ടോറിയയാണ് കൊല്ലപ്പെട്ട നാലാമത്തെ വ്യക്തിയെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രി സ്‌ഫോടനം നടക്കുമ്പോള്‍ വിക്ടോറിയ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. 

പോളിഷ് സ്‌റ്റോര്‍ ഉടമ അറാം കുര്‍ദ് ബിയര്‍ എടുക്കാനായി സ്‌റ്റോര്‍ റൂമില്‍ പോയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സ്‌ഫോടനത്തില്‍ തെറിച്ച് പോയ കുര്‍ദ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സ്വയം എഴുന്നേറ്റ് വരികയായിരുന്നു. ഒപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിക്ടോറിയയെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം മുകളിലെ വീട്ടില്‍ രഗൂബാര്‍ കുടുംബത്തില്‍ പുറത്ത് നിന്നും ഒരു അതിഥി കൂടി എത്തിയിരുന്നതായാണ് വിവരം. ഷെയിനിന്റെ ഗേള്‍ഫ്രണ്ട് 18-കാരി ലേ റീക്കാണ് ഈ സമയത്ത് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഇവരെക്കുറിച്ചും പിന്നീട് അറിവില്ലാത്തതിനാല്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ആശങ്ക. 

സന്തോഷത്തോടെ ഇരിക്കുകയായിരുന്ന വീട്ടിലേക്ക് പൊടുന്നനെയാണ് ഇരുട്ട് പരന്നതെന്ന് സ്‌കൂട്ടി വെളിപ്പെടുത്തി, ഇഷ്ടികകള്‍ പറന്നു. പിന്നീട് ഒന്നും ഓര്‍മ്മയില്ല. ഒരു കൈ തന്നെ എടുത്തുയര്‍ത്തുന്നത് മാത്രമാണ് 15-കാരന് ഓര്‍മ്മയുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള അഞ്ച് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. തകര്‍ന്നുവീണ കെട്ടിടം 45-കാരന്‍ ഹര്‍ദീപ് സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ്. വീട്ടില്‍ മാത്രമാണ് ഗ്യാസ് ബോയ്‌ലര്‍ ഉണ്ടായിരുന്നതെന്ന് സിംഗ് വ്യക്തമാക്കി. അപകടത്തിന്റെ കാരണം ഇപ്പോഴും അന്വേഷിച്ച് വരികയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.