ബ്രിട്ടനെ വീണ്ടും മഞ്ഞ് പുതപ്പിച്ച് മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്. രാജ്യത്തെ ഗതാഗതം കനത്ത മഞ്ഞുമൂലം താറുമാറാകുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ -7 സെല്‍ഷ്യസിലേക്ക് താഴ്ന്നിരുന്നു. കാറ്റിന്റെ ഗതിവേഗം കൂടിയതോടെ തണുപ്പ് ഏറിവരുന്നതാണ് അവസ്ഥ. സ്കോട്ടിഷ് ഗ്ലെന്സില് -9 സെല്‍ഷ്യസിലേക്ക് ഇന്നുരാത്രി താപനില താഴുമെന്നാണ് സൂചന.
ലണ്ടന്‍, യോര്‍ക്ക്ഷയര്‍, സൗത്ത് ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ് എന്നിവടങ്ങളില്‍ മഞ്ഞും ഐസും പെയ്യുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. കൂടാതെ പല പ്രധാന കേന്ദ്രങ്ങളിലും ഗതാഗത തടസ്സവും, പവര്‍കട്ടും നേരിടും. ഐസ് നിറഞ്ഞ പ്രതലങ്ങളില്‍ തെന്നിവീഴാനുള്ള സാധ്യത കൂടി മെറ്റ് ഓഫീസ് മുന്നോട്ട് വെയ്ക്കുന്നു. ഹീത്രൂവില്‍ നിന്നും 70 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്.
ലൂട്ടണ്, ലണ്ടന്‍ സിറ്റി, ലീഡ്സ് ബ്രാഡ്ഫോര്‍ഡ് എയര്‍പോര്‍ട്ട് എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വൈകി മാത്രമാണ് യാത്ര ആരംഭിക്കാന്‍ സാധിക്കുന്നത്. വൈകുന്നേരം 4 മണിയോടെയാണ് മഞ്ഞുവീഴ്ച കനക്കുക. ഇതുമൂലം യാത്രാ തടസ്സം കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. സൗത്ത് വെസ്റ്റിലെ ഉയര്‍ന്ന പ്രതലങ്ങളില്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത.