രാജ്യത്തെ ഞെട്ടിച്ച കത്വ കൂട്ടബലാത്സംഗ, കൊലപാതക കേസിന്റെ വിചാരണ ജമ്മു കശ്മീരില്‍ നിന്നും പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് മാറ്റി. ഇതിന് പുറമെ നടപടികള്‍ പൂര്‍ണ്ണമായും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യാനും സുപ്രീംകോടതി ഉത്തരവായി.
'കത്വ കേസ് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റുന്നതായി ഉത്തരവിട്ടതോടൊപ്പം ദിവസവും വിചാരണ നടത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇന്‍ ക്യാമറ നടപടിക്രമങ്ങളാണ് നടക്കുക. ജൂലൈ 9നാണ് വിചാരണയുടെ അടുത്ത തീയതി', എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പത്താന്‍കോട്ട് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് പരമോന്നത കോടതി അനുമതി നല്‍കി. ഇതോടൊപ്പം ഇരയുടെ കുടുംബത്തിനും, അവരുടെ അഭിഭാഷകര്‍ക്കും, ദൃക്‌സാക്ഷികള്‍ക്കും സുരക്ഷ ഒരുക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന തലത്തിലുള്ള അന്വേഷണം തൃപ്തികരമാണ്. സിബിഐ അന്വേഷണമെന്ന ആവശ്യം കോടതി തള്ളി. വിചാരണ സംസ്ഥാനത്ത് സുരക്ഷിതമായി നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നെങ്കിലും കേസ് പഞ്ചാബ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.