സ്വന്തം പിതാവാണ് ആ 19 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. എന്നാല്‍ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയ ശേഷം ആ പെണ്‍കുട്ടി ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്തത്. മകള്‍ നല്‍കിയ തെളിവുകള്‍ കുരുക്കായപ്പോള്‍ കോടതി പിതാവ് വിധിച്ചത് 9 വര്‍ഷത്തെ ജയില്‍ശിക്ഷയും! ഗ്ലാസ്‌ഗോയിലെ പാര്‍ക്ക്‌ഹെഡിലുള്ള ഫ് ളാറ്റില്‍ വെച്ചാണ് ജെയിംസ് എല്‍ഡര്‍ മകള്‍ ജാമി ലേ ക്രെയ്ഗിനെ പീഡനത്തിന് ഇരയാക്കിയത്.
2016 സെപ്റ്റംബറില്‍ നടന്ന സംഭവങ്ങള്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ ജാമിയുടെ ജീവനറ്റ ശരീരമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പിതാവ് തന്നോട് കാണിച്ച ക്രൂരതയെക്കുറിച്ച് മകള്‍ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. കൂടാതെ പോലീസിലും ജാമി സധൈര്യം ഈ വിവരങ്ങള്‍ നല്‍കിയിരുന്നു. മരണത്തിന് മുന്‍പ് നല്‍കിയ മൊഴിയില്‍ നിന്നുമുള്ള വിവരങ്ങള്‍ ഗ്ലാസ്‌ഗോ ഹൈക്കോടതിയില്‍ വായിക്കപ്പെട്ടു.
പിതാവ് എല്‍ഡറാണ് തന്നെ അക്രമിച്ചതെന്ന് ജാമിയുടെ മൊഴി വ്യക്തമാക്കി. ഒരു മാസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ എല്‍ഡറെ ശിക്ഷിക്കുന്നതിലേക്ക് ഈ മൊഴി തെളിവായി മാറി. എന്നാല്‍ കുറ്റം ഇപ്പോഴും ഇയാള്‍ നിഷേധിക്കുകയാണ്. ഇതിനിടെയാണ് ഒന്‍പത് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് ജഡ്ജ് ജയിലിലേക്ക് അയച്ചത്. 'നിങ്ങളുടെ സ്വന്തം മകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ ശിക്ഷിക്കുകയാണ്. ഇതുപോലെ ഒരു പിതാവ് ചെയ്യുന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്', ജഡ്ജ് പ്രസ്താവിച്ചു.
വിശ്വാസലംഘനം കൂടിയാണ് എല്‍ഡര്‍ നടത്തിയതെന്ന് കോടതി വ്യക്തമാക്കി. വിധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ രണ്ട് വര്‍ഷത്തെ നിരീക്ഷണവും, ജീവിതകാലം മുഴുവന്‍ സെക്‌സ് കുറ്റവാളി പട്ടികയിലും ഇടംനേടും. മകളുടെ ശവക്കല്ലറയ്ക്ക് സമീപം നിന്ന് അമ്മ ലിസ് പറഞ്ഞ വാക്കുകള്‍ ഒടുവില്‍ സത്യമാകുകയാണ്, നിനക്ക് നീതി ലഭിക്കും!