
















പതഞ്ജലി ഗ്രൂപ്പിന്റെ 6000 കോടി രൂപയുടെ ഫുഡ് പാര്‍ക്ക് പദ്ധതി ഉത്തര്‍പ്രദേശിന് നഷ്ടമായെന്ന വാര്‍ത്ത മറ്റ് സംസ്ഥാനങ്ങള്‍ പ്രതീക്ഷയോടെയാണ് ശ്രവിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം പദ്ധതി റദ്ദാക്കുകയാണെന്ന് നേരത്തെ പതഞ്ജലി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ യമുന എക്‌സ്പ്രസ്‌വേയ്ക്ക് സമീപം നിര്‍മ്മിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതി മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് നീക്കാന്‍ ആലോചിക്കുകയാണെന്ന് ആചാര്യ ബാലകൃഷ്ണ വെളിപ്പെടുത്തിയിരുന്നു.
ഇതോടെയാണ് പദ്ധതി നഷ്ടമാകാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 25000 കോടി ഉത്പന്നങ്ങള്‍ പ്രതിവര്‍ഷം ഈ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്.
പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി നഷ്ടമാകുന്നത് യുപി സര്‍ക്കാര്‍ അതിവേഗ ഇടപെടലിലൂടെ ഒഴിവാക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരും, ആസാമിലെ തേസ്പൂരുമാണ് പതഞ്ജലിയുടെ മറ്റ് മെഗാ ഫുഡ് പാര്‍ക്ക് പദ്ധതികള്‍ വരുന്നത്.