CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 56 Seconds Ago
Breaking Now

ഫ്രാന്‍സിന്റെ 'ഡിഷ്യൂമില്‍' ബെല്‍ജിയന്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചു; ഉമിടിയുടെ ഹെഡറിന്റെ ബലത്തില്‍ മൂന്നാം ഫൈനലിലേക്ക് കുതിച്ച് ദിദിയര്‍ ഡിഷാമിന്റെ ഫ്രാന്‍സ്; ഇനി ഇംഗ്ലണ്ടോ, ക്രൊയേഷ്യയോ!

രണ്ടാം പകുതി ആദ്യ ആറ് മിനിറ്റ് പിന്നിടുമ്പോഴാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ പിറന്നത്

കോച്ച് റോബെര്‍ട്ടോ മാര്‍ട്ടിനെസ് അഴിച്ചുവിട്ട അക്രമണാത്മക ഫുട്‌ബോളിന് ഗോള്‍വല കുലുക്കാന്‍ സാധിക്കാതെ പോയതോടെ പ്രായോഗികമായ ഫുട്‌ബോള്‍ കാഴ്ചവെയ്ക്കാന്‍ മുന്നിട്ടിറങ്ങിയ ദിദിയര്‍ ഡിഷാമിന്റെ ഫ്രഞ്ച് പട ഫൈനലിലേക്ക് കുതിച്ചു. സാമുവല്‍ ഉമിടിയുടെ ഹെഡറില്‍ 1-0ന്റെ വിജയം കരസ്ഥമാക്കിയാണ് ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സ് ഇടംപിടിച്ചത്. മികച്ച കളി പുറത്തെടുത്തിട്ടും ഫ്രാന്‍സിന്റെ ഗോളിയെ മറികടക്കാന്‍ ബെല്‍ജിയം തോറ്റതോടെയാണ് ചരിത്രത്തിലെ തങ്ങളുടെ മൂന്നാം ഫൈനലിലേക്ക് ഫ്രാന്‍സ് കുതിച്ചെത്തിയത്. 

ബെല്‍ജിയം കോച്ച് ആരെയും ഞെട്ടിക്കുന്ന ഫോര്‍മേഷനാണ് കളിക്കളത്തില്‍ കാഴ്ചവെച്ചത്. മൂന്ന് സെന്റര്‍ ബാക്കുകളെ കളത്തിലിറക്കിയ മാര്‍ട്ടിനെസ് ഫുള്‍ ബാക്കിനെ വിനിയോഗിച്ചില്ല. ഈ ഫോര്‍മേഷന്റെ ഗുണം ബെല്‍ജിയം കളത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തു. ആര്‍ത്തലച്ചെത്തുന്ന മുന്നേറ്റങ്ങള്‍ അവര്‍ കൃത്യമായി സൃഷ്ടിച്ചു. ആറാം മിനിറ്റില്‍ ആരംഭിച്ച മുന്നേറ്റങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഫ്രഞ്ച് പ്രതിരോധത്തിന് നന്നായി പണിയെടുക്കേണ്ടി വന്നു. 

മിനിറ്റുകള്‍ക്കിടെ തങ്ങളുടെ ഗോള്‍മുഖത്തേക്ക് വന്നെത്തുന്ന അക്രമണങ്ങള്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഫ്രഞ്ച് പ്രതിരോധം. ഗോളി ഹ്യൂഗോ ലോറിസ് കിടിലന്‍ സേവുകള്‍ നടത്തിയതോടെയാണ് കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങിയത്. 34-ാം മിനിറ്റ് എത്തിയപ്പോഴാണ് ഫ്രാന്‍സിന്റെ മത്സരം സ്ഥിരത കൈവരിച്ചത്. ആന്റണ്‍ ഗ്രീസ്മാന്‍ പ്ലേമേക്കറുടെ പണി ഏറ്റെടുത്തപ്പോള്‍ എംബാപ്പെയിലൂടെ ജിറോഡിലേക്ക് പന്തെത്തിത്തുടങ്ങി. കിട്ടിയ അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. 

രണ്ടാം പകുതി ആദ്യ ആറ് മിനിറ്റ് പിന്നിടുമ്പോഴാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ പിറന്നത്. ജിറോഡിന്റെ ഷോട്ട് അവസാനനിമിഷത്തില്‍ തടഞ്ഞ് വിന്‍സെന്റ് കമ്പനി കോര്‍ണര്‍ സമ്മാനിച്ചു. ഗ്രീസ്മാന്‍ ഉയര്‍ത്തിവിട്ട പന്തിലേക്ക് മാര്‍ക്കറെ വെട്ടിച്ച് ഓടിയെത്തിയ സാമുവല്‍ ഉമിടി കിടിലന്‍ ഹെഡര്‍ പാസാക്കി. 51-ാം മിനിറ്റില്‍ ഫ്രാന്‍സ് ആഘോഷം ആരംഭിച്ചു. മറുപടി നല്‍കാന്‍ ബെല്‍ജിയത്തിന് നിരവധി അവസരങ്ങള്‍, ഒന്നും ലക്ഷ്യം കണ്ടില്ല. 

ഇതോടെ മറുപടിയില്ലാത്ത ഒരൊറ്റ ഗോളിന് ഫ്രാന്‍സ് ഫൈനലില്‍ ഇടംനേടി. ഇംഗ്ലണ്ടും, ക്രൊയേഷ്യയും തമ്മിലുള്ള രണ്ടാം സെമി തീരുമാനിക്കും ഫ്രാന്‍സിന്റെ എതിരാളിയെ!




കൂടുതല്‍വാര്‍ത്തകള്‍.