ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ മഹത്തായ രക്ഷാദൗത്യത്തിന് പര്യവസാനമായി. 12 കുട്ടികളും, കോച്ചും അടങ്ങുന്ന ഫുട്ബോള്‍ ടീമിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയപ്പോള്‍ ലോകം ആശ്വാസം കൊണ്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തകരാണ് ഈ ദൗത്യത്തില്‍ പങ്കാളികളായത്. അതില്‍ ഇന്ത്യയില്‍ നിന്നുമുള്ള കമ്പനിയുടെ ടെക്നിക്കല്‍ വിഭാഗവും ഉള്‍പ്പെടുന്നു.
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്ലോസ്കര് ബ്രതേഴ്സ് ലിമിറ്റഡിന്റെ വിദഗ്ധരാണ് തായ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നേരിട്ട പ്രധാന വെല്ലുവിളി ഗുഹയിലെ വെള്ളവും ചെളിയുമായിരുന്നു. ഈ വെല്ലുവിളിയെ നേരിടാനാണ് കിര്‍ലോസ്കറിന്റെ ഡീവാട്ടറിംഗ് വിദഗ്ധര്‍ രംഗത്തിറങ്ങിയത്.
ഇന്ത്യന്‍ എംബസിയാണ് തായ് അധികൃതര്‍ക്ക് മുന്നില്‍ ഈ സഹായവാഗ്ദാനം നല്‍കിയത്. ഇത് സ്വീകരിക്കപ്പെട്ടതോടെ കിര്‍ലോസ്കറിന്റെ ഇന്ത്യ, തായ്ലാന്ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഓഫീസിലെ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. ജൂലൈ 5ന് ആരംഭിച്ച ഡീവാട്ടറിംഗ് പ്രവര്‍ത്തനങ്ങളില്‍ ടെക്നിക്കല്‍ പിന്തുണയും, ആവശ്യമായ പമ്പുകളുടെ ഉപയോഗവും ഈ സംഘമാണ് നിര്‍ദ്ദേശിച്ചത്.
ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ ഓട്ടോപ്രൈം ഡീവാട്ടറിംഗ് ഹൈ കപ്പാസിറ്റി പമ്പ് കെബിഎല്‍ മഹാരാഷ്ട്ര ഘടകം തയ്യാറാക്കി നിര്‍ത്തി. അവശ്യഘട്ടത്തില്‍ വിമാനമാര്‍ഗ്ഗം എത്തിക്കാനായിരുന്നു പദ്ധതി. 18 ദിവസങ്ങള്‍ക്ക് ഒടുവിലാണ് ഗുഹയില്‍ കുടുങ്ങിയവരിലെ അവസാന അഞ്ച് പേരെ പുറത്തെത്തിച്ചത്.