CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 14 Seconds Ago
Breaking Now

ഒരു ലോകകപ്പ് വെങ്കലമെങ്കിലും പ്രതീക്ഷിച്ചു, അതുമില്ല! മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ബെല്‍ജിയത്തോട് 2-0ന് തോറ്റ് ഇംഗ്ലണ്ട്; ഗോള്‍ഡന്‍ ബൂട്ടുമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ മടങ്ങിയേക്കും!

തോറ്റാണ് മടക്കമെങ്കിലും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് അരികിലാണ്

അങ്ങനെ അതൊരു തീരുമാനമായി. സെമിയില്‍ തോറ്റ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തിലുള്ള പോരാട്ടത്തില്‍ ബെല്‍ജിയത്തോടും തോറ്റ് ലോകകപ്പ് ഫുട്‌ബോളില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിയടഞ്ഞു. തോമസ് മുനിയര്‍, ഈഡന്‍ ഹസാര്‍ഡ് എന്നിവരുടെ ഗോളുകള്‍ക്ക് മറുപടി പറയാന്‍ ത്രീ ലയണ്‍സിന് സാധിച്ചില്ല. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെങ്കലം കൊതിച്ചെത്തിയ ഇംഗ്ലീഷ് പടയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം മൂന്നാം സ്ഥാനം പിടിച്ചത്. സെമിയില്‍ ക്രൊയേഷ്യക്ക് എതിരെ തോറ്റാണ് ചരിത്രമായേക്കാവുന്ന ഫൈനല്‍ ഇംഗ്ലീഷ് ടീമിന്റെ കൈയില്‍ നിന്നും വഴുതിയത്. 

നാലാം മിനിറ്റിലാണ് തോമസ് മുനിയര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. തിരിച്ചടിക്കാന്‍ കിട്ടിയ അവസരങ്ങള്‍ തുലയ്ക്കുകയും മറ്റുള്ളത് ബെല്‍ജിയന്‍ പ്രതിരോധം തടയുകയും ചെയ്തതോടെ ഇംഗ്ലീഷ് മറുപടി അകന്ന് പോയി. ആദ്യ പകുതിയില്‍ കനത്ത സമ്മര്‍ദത്തിലായിരുന്നു ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ ടീം. ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലീഷ് പതനം ഇതിലും കനത്തതാകുമായിരുന്നു. ക്യാപ്റ്റന്‍ ഹാരി കെയിന്‍ കിട്ടിയ അവസരം തുലച്ച് ടീമിനെ ഞെട്ടിക്കുകയും ചെയ്തു. 

രണ്ടാം പകുതിക്ക് ശേഷമാണ് ഇംഗ്ലണ്ട് അല്‍പ്പമെങ്കിലും ഉണര്‍ന്ന് കളിച്ചത്. എറിക് ഡയറുടെ ചിപ്പ് ഗോളിയില്ലാത്ത ബെല്‍ജിയന്‍ പോസ്റ്റിലേക്ക് ഉരുണ്ടെങ്കിലും പ്രതിരോധക്കാരന്‍ ഈ പന്ത് തട്ടിയകറ്റി. ഇതിനിടെ ആഘാതം ഒന്ന് കൂടി വര്‍ദ്ധിപ്പിച്ച് ചെല്‍സി താരം ഹസാര്‍ഡ് ഇംഗ്ലീഷ് ഗോളിയെ കബളിപ്പിച്ച് പന്ത് അകത്തേക്ക് എത്തിച്ചതോടെ പരാജയം ഉറപ്പായി. മത്സരം 2-0ന് തോറ്റ് 2018 ഫിഫ ലോകകപ്പില്‍ നാലാം സ്ഥാനവുമായാണ് ഇംഗ്ലീഷ് പടയുടെ മടക്കം. ഒരു സാധ്യതയും കല്‍പ്പിക്കപ്പെടാതിരുന്ന യുവനിര ഈ ദൂരം വരെ സഞ്ചരിച്ചെത്തിയത് അഭിമാനകരമായ നേട്ടം തന്നെയാണ്. 

തോറ്റാണ് മടക്കമെങ്കിലും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് അരികിലാണ്. ബെല്‍ജിയം താരം ലുകാകു മാത്രമായിരുന്നു കെയിന് ഭീഷണിയായിരുന്നത്. ലുകാകു ഗോളൊന്നും നേടിയതുമില്ല. ആറ് ഗോളുമായി മുന്നിലുള്ള കെയിന് പിന്നില്‍ മൂന്ന് ഗോളുമായി ഫ്രാന്‍സിന്റെ എംബാപെയും, ഗ്രീസ്മാനും മാത്രമാണ് മത്സരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.