CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 26 Seconds Ago
Breaking Now

ഒരു കൈപ്പത്തിയുടെ വലുപ്പം; ഭാരം വെറും 375 ഗ്രാം; 25-ാം ആഴ്ചയില്‍ ഭൂമുഖത്തെത്തിയ ഇന്ത്യയിലെ ഏറ്റവും ചെറിയ കുഞ്ഞ് ജീവിതം തിരിച്ചുപിടിക്കുന്നു; ഡോക്ടര്‍മാരുടെയും, മാതാപിതാക്കളുടെയും നെഞ്ചിടിപ്പാണ് ഇവള്‍

128 ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞ് 1.980 കിലോ ഭാരം നേടി

ചങ്കല്ല ചങ്കിടിപ്പാണ് ഇവള്‍. രക്ഷിതാക്കള്‍ക്ക് മാത്രമല്ല ഡോക്ടര്‍മാര്‍ക്കും നാടകീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചവള്‍. 25 ആഴ്ചയില്‍ എത്തിയപ്പോഴാണ് മാസം തികയാതെ അവള്‍ ഈ ഭൂമുഖത്ത് ഭൂജാതയായത്. കേവലം 375 ഗ്രാം ഭാരവും, ഒരു കൈപ്പത്തിയുടെ മാത്രം വലുപ്പവുമായി പിറന്നുവീണവളെ ബേബി ചെറി എന്നാണ് വിളിക്കുന്നത്. നാല് മാസങ്ങള്‍ നേരത്തെ എത്തിയ അവള്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ കുഞ്ഞാണ്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ 26 വയസ്സുകാരി നിതിക അജ്വാനി അഞ്ച് മാസം ഗര്‍ഭിണിയായത് മുതലാണ് കഥയുടെ ആരംഭം. നേരത്തെ നാല് അബോര്‍ഷനുകള്‍ ഉണ്ടായ ശേഷം നിതികയുടെ അഞ്ചാമത്തെ ഗര്‍ഭമായിരുന്നു ഇത്. ചത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവോണില്‍ നിന്നുമുള്ള നിതികയ്ക്കും ഭര്‍ത്താവ് സൗരഭ് അജ്വാനിയ്ക്കും ശുഭകരമായ വാര്‍ത്തയല്ല ഡോക്ടര്‍മാര്‍ക്ക് കൈമാറിയത്.

അമ്മയില്‍ നിന്നും കുട്ടിയിലേക്കുള്ള രക്തമൊഴുക്ക് വളരെ പ്രതിസന്ധി നേരിടുന്നതിനാലും, അള്‍ട്രാസൗണ്ടില്‍ കുഞ്ഞിന് ചുറ്റുമുള്ള അമ്‌നിയോട്ടിക് ഫ് ളൂയിഡ് ഒട്ടുമില്ലെന്ന് കണ്ടെത്തിയതും പരിഗണിച്ചാണ് കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നതിനുള്ള സാധ്യത കുറവാണെന്ന് പ്രാദേശിക ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഒരു സുഹൃത്താണ് ഹൈദരാബാദിലെ ചികിത്സയെക്കുറിച്ച് ഇവരോട് പറയുന്നത്. അങ്ങിനെ ഇവര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തി.

മാസം തികയും മുന്‍പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിച്ചെടുത്ത ചരിത്രമുള്ള ആശുപത്രിയില്‍ ഇതിന് മുന്‍പ് 449 ഗ്രാമുള്ള കുഞ്ഞിനെ ലഭിച്ചിരുന്നു. പരിശോധനകള്‍ക്കൊടുവില്‍ ഫെബ്രുവരി 27ന് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. തന്റെ മുന്‍കാല അനുഭവങ്ങള്‍ മൂലം ഏറെ ഭയന്നിരുന്നതായി നിതിക പറയുന്നു. ഡോക്ടര്‍മാര്‍ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ നീണ്ട നിരയായിരുന്നു.

ഉയര്‍ന്ന അപകടങ്ങളായ പൂര്‍ണ്ണവളര്‍ച്ചയെത്താത്ത ശ്വാസകോശം, തലച്ചോറിലെ രക്തസ്രാവം, ഇന്‍ഫെക്ഷന്‍, പോഷകങ്ങളുടെ കുറവ്, ബുദ്ധിമുട്ടേറിയ സര്‍ജറി എന്നിവയെല്ലാം ഡോക്ടര്‍മാരെ കാത്തിരുന്നു. ഇതിന് ശേഷം പുറത്തെടുത്ത ബേബി ചെറി 105 ദിവസക്കാലം ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. 38 ദിവസമെടുത്താണ് 500 ഗ്രാം ഭാരത്തിലെത്തിയത്.

128 ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞ് 1.980 കിലോ ഭാരം നേടി. ബേബി ചെറിയ്ക്ക് ഔദ്യോഗികമായി റിഥിമ എന്ന പേര് നല്‍കി. ഇപ്പോള്‍ കുഞ്ഞ് മകളില്‍ നിന്നും കണ്ണെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നിതികയും, സൗരഭും, കുടുംബാംഗങ്ങളും.




കൂടുതല്‍വാര്‍ത്തകള്‍.