CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 8 Seconds Ago
Breaking Now

ബുര്‍ഖ വിവാദത്തില്‍ പ്രതികരണവുമായി പാകിസ്ഥാനില്‍ നിന്നുമുള്ള മുതിര്‍ന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ്; ആശുപത്രിയും, സ്‌കൂളും ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കണം; പിന്തുണ അറിയിച്ച് മുന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പും

ബുര്‍ഖ വിവാദത്തില്‍ മുതിര്‍ന്ന പുരോഹിതന്‍മാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നത് ഇതാദ്യമാണ്

പൊതുസ്ഥലത്ത് ബുര്‍ഖയ്ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ പിന്തുണച്ച് മുതിര്‍ന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ്. റോച്ചസ്റ്റര്‍ മുന്‍ ബിഷപ്പായ മൈക്കിള്‍ നാസിര്‍ അലിയാണ് ആളുകളുമായി സംവദിക്കുന്ന ഇടങ്ങളില്‍ ബുര്‍ഖയും, നിഖാബും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ആശുപത്രികള്‍, ജിപി സര്‍ജറികള്‍, യൂണിവേഴ്‌സിറ്റികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മുഖം മറയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങളുള്ള എയര്‍പോര്‍ട്ട്, കാര്‍ ഡ്രൈവ് ചെയ്യുന്ന സമയം തുടങ്ങിയ സ്ഥലങ്ങളിലും നിരോധനം നടപ്പാക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെടുന്നു. 

വീട്ടിലും, തെരുവിലും, പ്രാര്‍ത്ഥന നടത്തുന്ന സമയങ്ങളിലും മുഖാവരണം ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാമെന്നുമാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 1994 മുതല്‍ 2009 വരെയുള്ള കാലത്ത് റോച്ചസ്റ്റര്‍ അതിരൂപതയെ നയിച്ച വ്യക്തിയാണ് പാകിസ്ഥാനില്‍ ജനിച്ച ബിഷപ്പ്. മുന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്  ലോര്‍ഡ് കാരി ഈ വിഷയത്തില്‍ ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തി. മുഖാവരണം വെറും സാധാരണ കാര്യമായി മാറാന്‍ അനുവദിക്കരുതെന്നാണ് ലോര്‍ഡ് കാരി ആവശ്യപ്പെടുന്നത്. 

ബുര്‍ഖ വിവാദത്തില്‍ മുതിര്‍ന്ന പുരോഹിതന്‍മാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നത് ഇതാദ്യമാണ്. മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ഒരു പത്രത്തില്‍ എഴുതിയ കോളത്തില്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണം അണിയുന്ന സ്ത്രീകളെ ലെറ്റര്‍ ബോക്‌സുമായും, ബാങ്ക് കൊള്ളക്കാരുമായാണ് താരതമ്യം ചെയ്തത്. പരാമര്‍ശം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബോറിസിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബുര്‍ഖ അണിഞ്ഞ് പുരുഷ തീവ്രവാദികള്‍ പോലും രക്ഷപ്പെ്ട സംഭവങ്ങള്‍ ഓര്‍മ്മിക്കണമെന്ന് ബിഷപ്പ് നാസിര്‍ അലി ചൂണ്ടിക്കാണിച്ചു. ദേശീയ സുരക്ഷ മാനിച്ച് ഇത് നിരോധിക്കാനുള്ള ചില സ്ഥലങ്ങളെങ്കിലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യഥാര്‍ത്ഥ മുസ്ലീങ്ങളാകണമെങ്കില്‍ ഇത് ധരിക്കണമെന്ന് കരുതുന്നവരുണ്ട്. ഇത് ഇസ്ലാമിക തീവ്രവാദികള്‍ ആയുധമാക്കുന്നതും മറക്കരുത്, ബിഷപ്പ് പറഞ്ഞു. എന്നാല്‍ ചര്‍ച്ച് നേതാക്കളുടെ പ്രസ്താവനയില്‍ നിരാശയുണ്ടെന്ന് ബ്രിട്ടന്‍ മുസ്ലീം കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി സര്‍ ഇഖ്ബാല്‍ സക്രാനി പ്രതികരിച്ചു. എന്തായാലും ബോറിസ് ജോണ്‍സണ് പിന്തുണ നല്‍കുന്ന ഇടപെടല്‍ സഭാ അധികാരികളില്‍ നിന്നും എത്തിയത് അദ്ദേഹത്തിന് ആശ്വാസകരമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.