CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 35 Seconds Ago
Breaking Now

എം25-ല്‍ കോച്ച് ഇടിച്ചുമറിഞ്ഞ് ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 41 പേര്‍ക്ക് പരുക്ക്; അപകടത്തെത്തുടര്‍ന്ന് രൂപപ്പെട്ട വന്‍ ഗതാഗത തടസ്സത്തില്‍ നടുറോഡില്‍ ആണ്‍കുഞ്ഞ് ഭൂജാതനായി; കെന്റില്‍ നാടകീയ സംഭവങ്ങള്‍; ഏഷ്യന്‍ വംശജരെന്ന് സൂചന

കോച്ച് റോഡിലേക്ക് മറിഞ്ഞ് വീഴാതിരുന്നതാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചതെന്ന് ഫയര്‍ & റെസ്‌ക്യൂ

ഒരു ദുഃഖ വാര്‍ത്ത, ഒപ്പം ഒരു സന്തോഷ വാര്‍ത്ത. കെന്റില്‍ നിന്നുമാണ് ഈ നാടകീയ സംഭവങ്ങളുടെ വരവ്. കോച്ച് ഇടിച്ചു മറിഞ്ഞ് 41 പേര്‍ക്ക് പരുക്കേറ്റ ദുഃഖത്തിനിടെയാണ് എം25ല്‍ രൂപപ്പെട്ട രൂക്ഷമായ ഗതാഗത കുരുക്കില്‍ ഒരു കുഞ്ഞ് പിറന്നത്. വൈകുന്നേരം 4 മണിയോടെയായിരുന്നു സ്വാന്‍ലിയിലെ ജംഗ്ഷന്‍ 3ലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ച് വരുത്തുന്നത്. അപകടം ഉണ്ടായതിന് പിന്നാലെ ആറ് മൈല്‍ നീളത്തില്‍ വാഹനഗതാഗതം നിശ്ചലമായി. ഒരു മണിക്കൂറിലധികം നേരത്തേക്ക് തടസ്സവും നേരിട്ടു. 

ഏഴ് കുട്ടികള്‍ക്ക് പരുക്കേറ്റതായി സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് വ്യക്തമാക്കി. 41 പേര്‍ക്ക് പരുക്കേറ്റതില്‍ 31 പേര്‍ മുതിര്‍ന്നവരും, ഏഴ് കുട്ടികളുമാണ്. പരുക്ക് ഗുരുതരമായ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ കുട്ടികളാണോ, മുതിര്‍ന്നവരാണോ എന്ന് വ്യക്തമല്ല. കോച്ച് റോഡില്‍ നിന്നും തെന്നിമാറി ബാരിയറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. നാടകീയമായ സംഭവങ്ങള്‍ക്കിടെയാണ് റോഡരികില്‍ ഒരു പുതിയ ജനനം നടന്നത്. പ്രദേശം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ആണ്‍കുഞ്ഞ് പിറന്നതെന്ന് കെന്റ് പോലീസ് അറിയിച്ചു. 

കെന്റ് ഓര്‍പിംഗ്ടണിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ആശുപത്രി സംഭവങ്ങളെത്തുടര്‍ന്ന് ജാഗ്രത പാലിക്കുകയാണ്. തങ്ങളുടെ കോച്ചാണ് മറിഞ്ഞതെന്ന് ലണ്ടനിലെ കോച്ച് വാടകയ്ക്ക് നല്‍കുന്ന കമ്പനി ഗ്രീന്‍സ് പ്രതികരിച്ചു. പോര്‍ട്‌സ്മൗത്തിലെ ബീച്ചില്‍ ഒരു കുടുംബം ഔട്ടിംഗ് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. വാഹനത്തില്‍ കുടുങ്ങിയവരെ കെന്റ് ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസാണ് രക്ഷപ്പെടുത്തിയത്. ഏഷ്യന്‍ വംശജരാണ് കോച്ചില്‍ ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വഴിയാത്രക്കാര്‍ നല്‍കുന്ന വിവരം. 

കോച്ച് റോഡിലേക്ക് മറിഞ്ഞ് വീഴാതിരുന്നതാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചതെന്ന് ഫയര്‍ & റെസ്‌ക്യൂ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.