CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 54 Seconds Ago
Breaking Now

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനം, പ്രകൃതിവിരുദ്ധ പീഡനം അടക്കം നാല് കുറ്റങ്ങള്‍ ; കുറ്റം ചെയ്തതിന് തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്

കുറ്റം ചെയ്തതായി കണ്ടെത്തിയെന്നും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ള കുറ്റകൃത്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതായും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനം, പ്രകൃതിവിരുദ്ധ പീഡനം അടക്കം നാല് കുറ്റങ്ങള്‍ ബിഷപ്പിനെതിരെ നിലനില്‍ക്കുന്നതായി കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. മൂന്ന് ദിവസങ്ങള്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്തതായി കണ്ടെത്തിയെന്നും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ള കുറ്റകൃത്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതായും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. 

ഇന്ന് ബിഷപ്പിനെ പാലാ കോടതിയില്‍ ഹാജരാക്കും.തുറന്ന കോടതിയിലായിരിക്കും ബിഷപ്പിനെ ഹാജരാക്കുക.ഇതാദ്യമായാണ് രാജ്യത്ത് ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്. ബിഷപ്പിന്റെ അറസ്റ്റിനുവേണ്ടി എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീമാരുടെ നേതൃത്വത്തില്‍ നടത്തി വന്ന സമരം പകുതി വിജയം കണ്ടതായി സമരക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ മൊഴികളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ബിഷപ്പ് കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പോലീസ് സംഘം ശക്തമായ തെളിവുകള്‍ നിരത്തി കുടുക്കുകയായിരുന്നു.തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ നടത്തിയ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 84ാം ദിവസമാണ് അറസ്റ്റ് നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം മൂന്നു ദിവസത്തേക്ക് ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എസ് പി വ്യക്തമാക്കി.

ആരോപണം ബിഷപ്പ് സമ്മതിച്ചോ എന്ന ചോദ്യത്തിന് എസ് പി പ്രതികരിച്ചില്ല. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് പ്രതികരിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.