CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 18 Seconds Ago
Breaking Now

യൂറോപ്യന്‍ നേതാക്കള്‍ പൊളിച്ചടുക്കി; ഇനി ക്യാബിനറ്റ് യുദ്ധം നേരിടാന്‍ തെരേസ മേയുടെ ജീവിതം വീണ്ടും ബാക്കി; പദ്ധതി മാറ്റിയില്ലെങ്കില്‍ മന്ത്രിമാരുടെ കൂട്ടരാജി; തോല്‍ക്കാന്‍ മനസ്സില്ലാതെ പ്രധാനമന്ത്രി മുന്നോട്ട്

ബഹുമാനം തീരെ ഇല്ലാതെയാണ് ഇയു നേതാക്കളുടെ പ്രതികരണമെന്ന് തെരേസ മേയ്

പ്രതീക്ഷകള്‍ക്ക് വിപരീതമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ നിര്‍ത്തിപ്പൊരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് സ്വന്തം ക്യാബിനറ്റിലെ മന്ത്രിമാരുടെ ഭീഷണി നേരിട്ട് പ്രധാനമന്ത്രി. ബ്രക്‌സിറ്റ് പ്ലാന്‍ ബി അവതരിപ്പിച്ചില്ലെങ്കില്‍ രാജിവെയ്ക്കുമെന്നാണ് ചില മന്ത്രിമാരുടെ ഭീഷണി. ഇയു തള്ളിയ ചെക്കേഴ്‌സ് പ്ലാനിന് പകരം മറ്റൊരു പദ്ധതി സമര്‍പ്പിക്കേണ്ട ഗതികേടിലാണ് മേയ്. ഇതിനിടെയാണ് തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിക്കാന്‍ ക്യാബിനറ്റ് അംഗങ്ങളുടെ ശ്രമം. ബ്രസല്‍സ് അധികൃതര്‍ക്ക് നേരെ ശക്തമായ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്ക് മറുപടി നല്‍കാനുള്ള നിയോഗവും മേയ്ക്ക് മുന്നിലെത്തിയത്. 

ബോറിസ് ജോണ്‍സനും, ഡേവിഡ് ഡേവിസും എടുത്ത ശക്തമായ തീരുമാനത്തിലേക്ക് എത്താന്‍ പല മന്ത്രിമാരും ഒരുങ്ങുന്നതായാണ് വിവരം. തിങ്കളാഴ്ച ക്യാബിനറ്റ് യോഗം ചേരുമ്പോള്‍ പഴയ പദ്ധതിക്ക് പകരം പുതിയത് തുടങ്ങാനാകും തീരുമാനം. അതേസമയം പ്രധാനമന്ത്രി പദത്തില്‍ നിന്നും മേയ് യോഗത്തില്‍ രാജിവെയ്ക്കില്ലെന്നാണ് കരുതുന്നത്. തുടര്‍ന്നും തന്റെ പദ്ധതിയില്‍ കടിച്ചുതൂങ്ങാന്‍ പ്രധാനമന്ത്രി തയ്യാറായാല്‍ മാത്രമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുക. സാല്‍സ്ബര്‍ഗ് സമ്മേളനത്തില്‍ ഒറ്റപ്പെട്ട് നാണംകെട്ടതിന്റെ രോഷത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് മുന്നിലെത്തുന്നത്. 

ഇതിനിടെ ബ്രക്‌സിറ്റ് തന്നെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ നിലപാട് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കും. യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഒപ്പുവെയ്ക്കാതെ ബന്ധം ഉപേക്ഷിക്കാനുള്ള നീക്കങ്ങള്‍ക്കും ഗതിവേഗം കൂടും. കരാറില്ലാതെ പുറത്ത് പോരുന്നത് പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഇതോടൊപ്പം നിലനില്‍ക്കുന്നു. ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ഡൊണാള്‍ഡ് ടസ്‌ക് തുടര്‍ന്നും വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും അതാണ് നല്ലത്, അത് ഇപ്പോഴും നടക്കും, ടസ്‌ക് വിശദീകരിക്കുന്നു. തെരേസ മേയുടെ പദ്ധതി പ്രാവര്‍ത്തികമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് ഇത് തള്ളിയതെന്നും ടസ്‌ക് കൂട്ടിച്ചേര്‍ത്തു. 

ബഹുമാനം തീരെ ഇല്ലാതെയാണ് ഇയു നേതാക്കളുടെ പ്രതികരണമെന്ന് തെരേസ മേയ് ആഞ്ഞടിച്ചതോടെയാണ് ടസ്‌കിന്റെ അഭിപ്രായപ്രകടനങ്ങള്‍. ബഹുമാനത്തോടെയാണ് താന്‍ ഇയു നേതാക്കളെ സമീപിക്കുന്നത്, ഇത് യുകെ തിരിച്ചും പ്രതീക്ഷിക്കുന്നു. നടപടിക്രമങ്ങള്‍ അവസാനിക്കുമ്പോള്‍ നല്ല ബന്ധം നിലനിര്‍ത്താന്‍ ഇത് ആവശ്യമാണ്. ഒരു വിശദീകരണവും ഇല്ലാതെ നിര്‍ദ്ദേശങ്ങള്‍ തള്ളുന്നത് സ്വീകരിക്കാന്‍ കഴിയില്ല, പ്രധാനമന്ത്രി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.