
















ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തില്ലെന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇന്ത്യ നവംബര്‍ മുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നിവ ഒക്ടോബര്‍ വരെയുള്ള ഓര്‍ഡറുകളാണ് ഇറാന്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. നവംബറിലേക്ക് അന്വേഷണങ്ങള്‍ നടത്തിയിട്ടില്ല. ഇതിനാലാണ് എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ശ്രമം നടത്തുന്നുവെന്ന വാര്‍ത്ത വന്നത്.
ചൈനയും ഇന്ത്യയും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നേരത്തെ യുഎസ് അതൃപ്തി അറിയിച്ചിരുന്നു. താല്‍ക്കാലികമെങ്കിലും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ അത് രാജ്യത്തിന് തിരിച്ചടിയാകും. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തിയിരിക്കുകയാണ്.
ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നവംബറോടെ നിലവില്‍ വരും. ഇന്ത്യ മറ്റ് ഒപെക് രാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ ആഗോള വിപണയില്‍ എണ്ണ വില കുത്തനെ കൂടാന്‍ സാധ്യതയുണ്ട്. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിപണിയിലെത്തിയില്ലെങ്കില്‍ ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് നൂറു ഡോളറിന് മുകളിലെത്തിയേക്കുമൈന്നാണ് വിദഗ്ധര്‍ പറയുന്നത്. എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്നുള്ള അമേരിക്കയുടെ ആവശ്യവും ഒപെക് തള്ളി കളഞ്ഞിരിക്കുകയാണ്.
ഇന്ത്യ നേരത്തെയുള്ള നിലപാട് മാറ്റില്ലെന്ന പ്രതീക്ഷയിലാണ് ഇറാന്‍. ഡോളര്‍ ഒഴിവാക്കി രൂപയില്‍ വിനിമയം നടത്താന്‍ ആലോചനയുണ്ടായെങ്കിലും ഇക്കാര്യത്തിലും തീരുമാനം ആയിട്ടില്ല .