
















ഇറാഖി മോഡലും, സോഷ്യല്‍ മീഡിയ താരവുമായ യുവതിയെ കാറില്‍ വെച്ച് വെടിവെച്ച് കൊന്നു. രാജ്യത്ത് നിരവധി സ്ത്രീകള്‍ ഈയാഴ്ച കൊല്ലപ്പെട്ട പരമ്പരയിലെ അവസാനത്തെ ഇരയാണ് താരാ ഫാരസ്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്ല്യണ്‍ ഫോളോവേഴ്‌സുള്ള മുന്‍ സൗന്ദര്യ റാണിയാണ് ഫാരസ്. ബാഗ്ദാദ് നഗരത്തിലെ കാം സാറാ പ്രദേശത്ത് വെച്ച് ഇവരുടെ കാറിന് നേരെയാണ് അക്രമികള്‍ നിറയൊഴിച്ചത്.
ഇറാഖിലെ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ താരമായി വോട്ട് ചെയ്ത് വിജയിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് താരാ ഫാരസ് കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇറാഖി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മൂന്ന് ബുള്ളറ്റുകളാണ് 22കാരിയായ മോഡലിന്റെ ദേഹത്ത് ഉണ്ടായിരുന്നതെന്ന് ഷെയ്ഖ് സെയ്ദ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലിലാണ് ഫാരസ് താമസിച്ചിരുന്നത്. ബാഗ്ദാദിലേക്ക് ഇവര്‍ സ്ഥിരമായി യാത്ര ചെയ്ത് വരികയായിരുന്നു.
അതേസമയം ഫാരസിന്റെ കൊലപാതകത്തില്‍ ദുരൂഹതകള്‍ ഉയര്‍ത്തി ഇവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്കിട്ടുണ്ട്. 'ഇവളോട് പൊറുക്കണമെന്ന് ഞങ്ങള്‍ അള്ളായോട് ആവശ്യപ്പെടുന്നു, കരുണ കാണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു', പോസ്റ്റ് പറയുന്നു. സ്ത്രീകളോട് യാഥാസ്ഥിതിക നിലപാട് പങ്കുവെയ്ക്കുന്ന രാജ്യത്ത് സ്വന്തം നിലപാട് തുറന്നുപറയാന്‍ തയ്യാറായ വ്യക്തിയാണ് ഫാരസെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
വിവേചനവും, സ്വാതന്ത്ര്യം ഇല്ലായ്മയും, അവകാശവുമില്ലെന്നാണ് താരയുടെ മരണം വ്യക്തമാക്കുന്നതെന്ന് ആരാധിക കുറിച്ചു. വെറും സഹതാപം കൊണ്ട് മാത്രം കാര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഏതാനും ദിവസം മുന്‍പാണ് മനുശ്യാവകാശ പ്രവര്‍ത്തകയായ സുവാദ് അല്‍ അലിയെ സമാനമായ രീതിയില്‍ കാറില്‍ വെച്ച് വെടിവെച്ച് കൊന്നത്.