CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 1 Seconds Ago
Breaking Now

ബ്രിട്ടന്‍ അറിഞ്ഞില്ലേ യൂജീന്‍ രാജകുമാരിയുടെ കല്ല്യാണം? രാജകസേരയിലേക്ക് അവകാശമുള്ള 9-ാമത്തെ രാജകുടുംബാംഗത്തിന്റെ വിവാഹം ആഘോഷമാക്കാന്‍ ജനക്കൂട്ടം ഒഴുകിയെത്തിയില്ല; സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാര്‍ തെക്കുവടക്ക് നടന്നു; ഹാരിയുടെ വിവാഹവുമായി താരതമ്യം തുടങ്ങി

യൂജീന്‍ രാജകുമാരിയെക്കുറിച്ച് പലര്‍ക്കും വ്യക്തമായ അറിവില്ല

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു മഹാനായ ബാറ്റ്‌സ്മാനാണ്, അതിലേറെ അത്രയും നല്ലൊരു മനുഷ്യനാണ്. ഇതിസാഹ തുല്യനായ സച്ചിനൊപ്പം പോരാടാന്‍ കഴിയുന്ന താരങ്ങളോന്നും പിറന്നിട്ടില്ലെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. അങ്ങിനെയാകുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ താരതമ്യങ്ങള്‍ സ്വാഭാവികം. അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ എത്രയൊക്കെ മികച്ച പ്രകടനം നടത്തിയാലും അച്ഛനോളം വരില്ലെന്ന് ആരാധകര്‍ വിധിക്കും. അതുപോലെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെയും അവസ്ഥ. രാജ്ഞി, രാജ്ഞിയുടെ ഭര്‍ത്താവ്, യുവരാജാവായി വാഴുന്ന ചാള്‍സ്, അദ്ദേഹത്തിന്റെ മക്കള്‍, ഇതിനപ്പുറം രാജകുടുംബത്തിലെ കാര്യങ്ങള്‍ക്ക് എവിടെയോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ട്. രാജ്ഞിയുടെ പേരക്കുട്ടിയായ യൂജീന്‍ രാജകുമാരിയുടെ വിവാഹത്തിന് അണിനിരന്ന രാജകീയ ആരാധകരുടെ എണ്ണം ഇത് വെളിപ്പെടുത്തുന്നു. 

നല്ല കാറ്റുള്ള ദിനത്തിലാണ് വിന്‍ഡ്‌സര്‍ കാസില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ വിവാഹ മാമാങ്കത്തിന് അരങ്ങായത്. യൂജിന്‍ രാജകുമാരി മിസ്സിസ് ജാക്ക് ബ്രൂക്‌സ്ബാങ്കായി മാറുന്ന ദിനത്തിന് വേണ്ട സുരക്ഷയും സജ്ജീകരണങ്ങളുമെല്ലാം ഒരുക്കുകയും ചെയ്തിരുന്നു. രാജകുടുംബാംഗങ്ങള്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ അതിഥികളായി ചടങ്ങിനെത്തി. എന്നിട്ടും നഗരവീഥികളില്‍ പതിവ് പോലെയുള്ള ജനക്കൂട്ടം ദൃശ്യമായില്ല. മെയ് മാസത്തില്‍ നടന്ന ഹാരി-മെഗാന്‍ വിവാഹത്തിന് എത്തിയ വന്‍ജനക്കൂട്ടവുമായി താരതമ്യം ചെയ്താണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ കുറവ് ചൂണ്ടിക്കാണിക്കുന്നത്. 

ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ റോഡരികിലെ സുരക്ഷാ ബാരിയറുകള്‍ക്ക് അപ്പുറം വലിയ തിരക്കൊന്നും ഉണ്ടായില്ല. സസെക്‌സ് ഡ്യൂക്കും, ഡച്ചസും തമ്മിലുള്ള വിവാഹത്തിന് 1 ലക്ഷം അഭ്യൂദയകാംക്ഷികളാണ് വധൂവരന്‍മാരെ ഒരുനോക്ക് കാണാന്‍ തെരുവില്‍ തടിച്ചുകൂടിയത്. പ്രദേശത്തെ വീടുകളും, കടകളും വരെ ഇതിനായി അലങ്കരിച്ച് ഒരുങ്ങി. എന്നാല്‍ ഇന്നലെ ഈ ചലനങ്ങളൊന്നും കൂടാതെ തെരുവ് അനാഥമായി. രാജകീയ വിവാഹത്തിന്റേതായ ഒരു അന്തരീക്ഷമില്ലെന്ന് തെരുവ് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആളുകളേക്കാള്‍ കൂടുതല്‍ പോലീസാണ് സ്ഥലത്തുള്ളത്. കാര്യമായി കച്ചവടം നടക്കാത്തതിന്റെ നിരാശയാണ് ഇവര്‍ രേഖപ്പെടുത്തുന്നത്. 

യൂജീന്‍ രാജകുമാരിയെക്കുറിച്ച് പലര്‍ക്കും വ്യക്തമായ അറിവില്ല. ഭര്‍ത്താവിനെക്കുറിച്ച് ഒട്ടും അറിവില്ല. പബ്ബുകളിലും കാര്യമായ തിരക്കുണ്ടായില്ല. വൈകുന്നേരത്തോടെ മാത്രമാണ് കുറച്ച് പേരെങ്കിലും തെരുവിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.