CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 43 Seconds Ago
Breaking Now

മൂന്ന് ജീവന്‍ കവര്‍ന്ന് കാലം കൊടുങ്കാറ്റ്; ബ്രൈറ്റണില്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം കണ്ടെടുത്തു; വെയില്‍സില്‍ മണ്ണിടിച്ചില്‍ ഒരു മരണം; ബ്രിട്ടനില്‍ 70എംപിഎച്ച് വേഗതയില്‍ കനത്ത കാറ്റ്; ഒരു മാസത്തില്‍ പെയ്യേണ്ട മഴ 48 മണിക്കൂറില്‍ പെയ്തിറങ്ങി

വെയില്‍സിന് പുറമെ, സ്‌കോട്ട്‌ലണ്ടിന്റെ ചില ഭാഗങ്ങളും, നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങില്‍ യെല്ലോ മുന്നറിയിപ്പ്

മണ്ണിടിച്ചില്‍ ഒരാളുടെ ജീവന്‍ കൂടി പൊലിഞ്ഞതോടെ കാലം കൊടുങ്കാറ്റ് കവര്‍ന്ന ജീവനുകളുടെ എണ്ണം മൂന്നായി. വെയില്‍സ് പെനാര്‍ത്ത് മറീനയില്‍ വെള്ളത്തില്‍ വീണ് ഒരാള്‍ മരിച്ചു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടും മുന്‍പ് ബ്രൈറ്റണ്‍ പാലസ് പിയറിന് സമീപം വെള്ളത്തില്‍ നിന്നും ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയെന്ന് മാരിടൈം & കോസ്റ്റ്ഗാര്‍ഡ് ഏജന്‍സി സ്ഥിരീകരിച്ചു. 

ഈസ്റ്റ് സസെക്‌സില്‍ തിരയില്‍ പെട്ടാണ് ഇദ്ദേഹം മരിച്ചത്. ഇതേ ദിവസം വെയില്‍സില്‍ മണ്ണിടിച്ചിലില്‍ മറ്റൊരാളും കൊല്ലപ്പെട്ടു. കാര്‍മാര്‍തെന്‍ & കാര്‍ഡിഗാനില്‍  എ484ല്‍ വെച്ചാണ് മൂന്നാമന്‍ മരിച്ചതെന്നാണ് പോലീസ് സ്ഥിരീകരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലം കൊടുങ്കാറ്റ് വന്‍ മഴയ്ക്ക് കാരണമാകുന്നതിനിടെയാണ് ജീവനുകള്‍ പൊലിയുന്നത്. മണ്ണിടിച്ചില്‍ നേരിടാന്‍ പോലീസ് ശ്രമങ്ങള്‍ നടത്തവെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇവിടെ റോഡ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. കാര്‍മാര്‍തന്‍ഷയറാണ് കാലം കൊടുങ്കാറ്റ് കനത്ത നാശം വിതച്ച പ്രദേശം. വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. 

ഒരു ചെറിയ പട്ടണം കനത്ത മഴയില്‍ മുങ്ങിയതോടെ ദ്വീപായി മാറിയ കാഴ്ചയും കണ്ടു. നദി കരകവിഞ്ഞൊഴുകിയതോടെ പല തെരുവുകളും വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കാറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ക്രിക്ക്‌ഹോവെല്ലിലെ പ്രദേശവാസികള്‍ വീട് മണ്ണ് ചാക്കുകള്‍ വെച്ച് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. പ്രാദേശിക പബ്ബില്‍ നിന്നും വെള്ളം അടിച്ച് കളയാനും ഫയര്‍ഫൈറ്റര്‍മാര്‍ ശ്രമിക്കുകയാണ്. സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും ജീവനാശത്തിന് സാധ്യതയുള്ള ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയത്. ഒരു മാസത്തില്‍ പെയ്യേണ്ട മഴ 48 മണിക്കൂറില്‍ പെയ്തിറങ്ങിയതോടെ വീടുവിട്ട് പോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

വെയില്‍സിന് പുറമെ, സ്‌കോട്ട്‌ലണ്ടിന്റെ ചില ഭാഗങ്ങളും, നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കാനും, യാത്രാ തടസ്സങ്ങളും പ്രതീക്ഷിക്കാം.




കൂടുതല്‍വാര്‍ത്തകള്‍.