ആരോടെങ്കിലും മിണ്ടാതെ നിങ്ങള്‍ക്ക് എത്ര നേരം ഇരിക്കാന്‍ കഴിയും? ഭക്ഷണവും വെള്ളവും കിട്ടിയില്ലെങ്കിലും വായടച്ച് മിണ്ടാതെ ഇരിക്കുന്നത് അസഹനീയമാകും. എന്നാല്‍ ഒരു മാസത്തിലേറെയായി ഒരു സുഹൃത്തിനെയോ, ബന്ധുവിനെയോ കാണാതെ, ഒരക്ഷരം മിണ്ടാതെ ബ്രിട്ടനില്‍ താമസിക്കുന്നത് 2 ലക്ഷത്തിലേറെ പ്രായമായവരാണെന്നാണ് കണക്കുകള്‍. പൊതുജനാരോഗ്യത്തില്‍ ഏറ്റവും വലിയ ഭീഷണിയായി ഒറ്റയ്ക്കുള്ള ജീവിതം മാറുകയാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് പ്രധാനമന്ത്രി തെരേസ മേയ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്.
ഏകാന്തതയെ തോല്‍പ്പിക്കാന്‍ എന്‍എച്ച്എസിന്റെ സഹായം തേടുകയാണ് മേയുടെ ഉദ്ദേശം. പ്രായമായവര്‍ക്ക് നൃത്തവും, കുക്കിംഗ് ക്ലാസുകളും നിര്‍ദ്ദേശിക്കപ്പെടും. വെറുതെ മരുന്നുകള്‍ എഴുതി നല്കുന്ന ഡ്യൂട്ടി മാത്രമല്ല ജിപിമാര്‍ ചെയ്യേണ്ടതെന്ന് പദ്ധതി അടിവരയിടും. ഒറ്റപ്പെട്ട് ജീവിക്കുന്നവരെ കൂടുതല്‍ സാമൂഹ്യമായ പ്രവര്‍ത്തനങ്ങളിലേക്ക് പ്രചോദിപ്പിക്കാന്‍ ഇവര്‍ക്ക് ഉത്തരവാദിത്വം കാണും. വാക്കിംഗ് ക്ലബുകളും, ആര്‍ട്ട് ഗ്രൂപ്പുകളും ഇതിന്റെ ഭാഗമായി രൂപപ്പെടുത്തും. ഏകാന്തതയില്‍ മുഴുകുന്നവര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം കാണിച്ച് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്ട്രാറ്റജിയുടെ ഭാഗമായി പോസ്റ്റല്‍ ജീവനക്കാര്‍ക്കും പുതിയ ഉത്തരവാദിത്വം നല്‍കും. ഡെലിവെറിക്കായി പോകുന്ന പോസ്റ്റല്‍ ജീവനക്കാര്‍ ഇത്തരക്കാരുടെ ക്ഷേമം അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ താല്പര്യം. ഇവരുമായി സംസാരിക്കുകയും, പ്രാദേശിക കമ്മ്യൂണിറ്റി സംഘങ്ങളുടെ ഭാഗമാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ലിവര്‍പൂള്‍ & വിറ്റ്ബിയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് രാജ്യത്ത് ആകമാനം നിലവില്‍ വരും. പുതിയ കമ്മ്യൂണിറ്റി കഫേകളും, പൂന്തോട്ടങ്ങളും നിര്‍മ്മിക്കാന്‍ 1.8 മില്ല്യണ്‍ പൗണ്ട് അധിക ഫണ്ടും ഡൗണിംഗ് സ്ട്രീറ്റ് പ്രഖ്യാപിക്കും.
അമിതവണ്ണവും, പുകവലിയും പോലെ ദോഷകരമാണ് ഏകാന്തതയെന്നതാണ് വസ്തുത. എന്നാല്‍ ഏകാന്തതയില്‍ ജീവിക്കുന്നവരെ സഹായിക്കാന്‍ കുടുംബങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നാണ് പദ്ധതിയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.