CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 51 Seconds Ago
Breaking Now

അക്ബറിന് എതിരെ ആരോപണവുമായി യുകെയിലെ മാധ്യമപ്രവര്‍ത്തകയും; മസാജ് ഓഫര്‍ ചെയ്തു; ചുംബിക്കാന്‍ ശ്രമിച്ചു; കരിയര്‍ വളര്‍ത്താനുള്ള അവസരം പാഴാക്കരുതെന്ന് ഉപദേശവും

എംജെ അക്ബര്‍ എഡിറ്ററായിരുന്ന ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രത്തില്‍ ട്രെയിനി ജേണലിസ്റ്റായി റൂത്ത് പ്രവര്‍ത്തിച്ചിരുന്നു

വിവിധ കോണുകളില്‍ നിന്നുമുള്ള സ്ത്രീകള്‍ തനിക്കെതിരെ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളെ പ്രതിരോധിക്കാനാണ് പത്രപ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ ഇറങ്ങിയ എംജെ അക്ബറിന്റെ ശ്രമം. കേന്ദ്ര സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രി പദം വഹിക്കുന്ന അക്ബറിന് നേരെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകരാണ് ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പംക്തി എഴുതുന്ന പ്രിയ രമണിയാണ് മന്ത്രിക്കെതിരെ ആദ്യത്തെ ആരോപണം ഉന്നയിച്ചത്.

അക്ബറിന്റെ പേരെടുത്ത് പറയാതെ 2017 ഒക്ടോബറിലാണ് ഇവര്‍ ലേഖനം എഴുതിയത്. തന്റെ 23-ാം വയസ്സില്‍ 20 വര്‍ഷം കൂടുതല്‍ പ്രായമുള്ള അക്ബറില്‍ നിന്നും നേരിട്ട അനുഭവങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ എട്ടോളം മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റ് റൂത്ത് ഡേവിഡാണ് ഒടുവിലായി തന്റെ ദുരനുഭവം വിവരിക്കുന്നത്.

എംജെ അക്ബര്‍ എഡിറ്ററായിരുന്ന ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രത്തില്‍ ട്രെയിനി ജേണലിസ്റ്റായി റൂത്ത് പ്രവര്‍ത്തിച്ചിരുന്നു. 1999-ലായിരുന്നു സംഭവം. ഓഫീസിനകത്ത് എന്ത് നടക്കുന്നുവെന്ന് പുറത്ത് കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത തരത്തിലുള്ളതായിരുന്നു അക്ബറിന്റെ ഓഫീസ്. ഇവിടേക്ക് വിളിച്ചുവരുത്തി തന്റെ നെഞ്ചിലേക്ക് നോക്കിയാണ് അയാള്‍ സംസാരിച്ചിരുന്നത്.

ഇതിനിടയില്‍ ചോദിച്ചിരുന്ന പല ചോദ്യങ്ങളും ലൈംഗിക ചുവയുള്ളതായിരുന്നു. അക്ബറിന്റെ പുസ്തകത്തിന്റെ പ്രൂഫ് റീഡിംഗ് നടത്തുന്നതിനിടെ സമ്മര്‍ദം കാണിച്ചപ്പോള്‍ വേണമെങ്കില്‍ മസാജ് ചെയ്ത് തരാമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് വിസമ്മതിച്ചപ്പോള്‍ ചുംബിക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്നും വളഞ്ഞുപുളഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

മറ്റൊരു ബ്യൂറോയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് അവിടെ അപ്പാര്‍ട്ട്‌മെന്റ് ശരിയാക്കി തരാമെന്നും ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ വരാമെന്നുമായിരുന്നു അക്ബറിന്റെ ഉപദേശം. എന്നാല്‍ ഭക്ഷണം പാകം ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ സാന്‍ഡ്‌വിച്ചും, നൂഡില്‍സും കുഴപ്പമില്ലെന്നായിരുന്നു മറുപടി. ഒടുവില്‍ രാജിവെച്ച് ഇറങ്ങുകയാണ് ചെയ്തത്. ഓഫീസില്‍ നന്നായി തിളങ്ങാന്‍ കഴിയുമെന്നും, കരിയര്‍ വളരുമെന്നും, അവസരം കളയുന്നത് മണ്ടത്തരമാണെന്നുമായിരുന്നു അക്ബറിന്റെ ഓര്‍മ്മപ്പെടുത്തല്‍. റൂത്ത് അനുഭവങ്ങള്‍ തന്റെ ബ്ലോഗിലാണ് വിശദീകരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.