CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 3 Seconds Ago
Breaking Now

എന്‍എച്ച്എസിനെ ഒരുപാട് ബുദ്ധിമുട്ടിച്ചാല്‍ ഇതുപോലെ ജയിലില്‍ കിടക്കാം; ആരോഗ്യവാനായിരുന്നിട്ടും അഞ്ച് വര്‍ഷത്തിനിടെ 314 തവണ പാരാമെഡിക്കുകളെ വിളിച്ച് വരുത്തിയ പെന്‍ഷണര്‍ക്ക് 20 മാസം തടവ്; വരുത്തിവെച്ച ചെലവ് 46,383 പൗണ്ട്

തിരക്ക് മൂലം പാരാമെഡിക്കുകള്‍ക്ക് കൃത്യസമയത്ത് സ്ഥലത്ത് എത്താന്‍ കഴിയാതെ വരുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഹാര്‍വി ഈ തമാശ കാണിച്ചത്

ചിലര്‍ അങ്ങനെയാണ്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതില്‍ രസം കണ്ടെത്തും. പക്ഷെ ഈ 73-കാരന്‍ ബുദ്ധിമുട്ടിച്ചത് എന്‍എച്ച്എസിനെ ആയത് കൊണ്ട് ആ രസം ജയിലിലാണ് അവസാനിച്ചത്. ആരോഗ്യവാനായ ഒരു പെന്‍ഷണര്‍ അഞ്ച് വര്‍ഷം കൊണ്ട് ആംബുലന്‍സിനായി വിളിച്ചത് 314 തവണയാണ്. ഏകദേശം 50,000 പൗണ്ട് ആംബുലന്‍സ് യാത്രകള്‍ക്കായി ചെലവഴിക്കപ്പെടുകയും ചെയ്തു. സ്വാന്‍സിയില്‍ നിന്നുമുള്ള ജോണ്‍ ഹാര്‍വിയെ ഇത്തരത്തില്‍ 149 തവണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാതൊരു ചികിത്സയും ഇയാള്‍ക്ക് വേണ്ടിവന്നില്ല. തന്റെ വിനോദം നടപ്പാക്കാന്‍ 999-ല്‍ വിളിക്കാന്‍ അപരിചിതരെ പോലും വിഡ്ഢികളാക്കിയെന്ന് വ്യക്തമായതോടെ ഇയാളുടെ രോഗം മാറ്റാന്‍ കോടതി ജയില്‍ശിക്ഷ വിധിച്ചു. 

തന്റെ മുഖത്ത് രക്തം തേച്ചുപിടിപ്പിച്ച ശേഷം ഹാര്‍വി വീടിന് പുറത്ത് വെച്ച് രണ്ട് അപരിചിതരെയാണ് പറ്റിച്ചത്. എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന് കരുതി ഇവര്‍ 999-ല്‍ ബന്ധപ്പെട്ടു. എന്നാല്‍ പാരാമെഡിക്ക് സ്ഥലത്തെത്തുമ്പോള്‍ ഹാര്‍വി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇവിടുത്തെ ലോഞ്ചില്‍ ഇരുന്ന് വിസ്‌കി നുണയുകയായിരുന്നു ഇയാള്‍. പാരാമെഡിക്ക് ജെയിംസ് ഡേവിസ് ഏതാനും ടെസ്റ്റുകള്‍ നടത്തി നോക്കിയെങ്കിലും യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്ന് തിരിച്ചറിഞ്ഞു. ഇതുപോലെ ഹാര്‍വിയുടെ തമാശ കവര്‍ന്നത് പാരാമെഡിക്കുകളുടെ 302 മണിക്കൂറാണ്. പലപ്പോഴും ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് പോലും കാത്തുനില്‍ക്കാതെ ഇയാള്‍ മുങ്ങുന്നതും പതിവായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

999-ല്‍ വിളിച്ച് ശല്യപ്പെടുത്തുന്നതില്‍ നിന്നും ഹാര്‍വിയെ തടയാന്‍ ക്രിമിനല്‍ ബിഹേവിയര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും ഇയാള്‍ ഇത് അനുസരിച്ചില്ല. ഇതോടെയാണ് ജഡ്ജ് പോള്‍ തോമസ് 20 മാസത്തെ ജയില്‍ശിക്ഷ വിധിച്ചത്. 'എന്ത് കൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ല. സമൂഹത്തിന് തന്നെ നിങ്ങളൊരു ശല്യമാണ്. ഇതിന് ശേഷം മദ്യപിച്ച് ഇരിക്കുന്നത് ശുദ്ധമായ ക്രൂരതയാണ്. ചെലവ് ചുരുക്കല്‍ നടപടികള്‍ നേരിടുന്ന എന്‍എച്ച്എസിന്റെ 50000-ത്തോളം പൗണ്ടാണ് പാഴാക്കിയത്. ആരോഗ്യ സേവനങ്ങള്‍ക്കായി ആവശ്യക്കാര്‍ കാത്തിരിക്കുമ്പോള്‍ ആംബുലന്‍സ് വഴിതിരിച്ച് വിട്ട് മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ചെയ്തത്', ജഡ്ജ് വിമര്‍ശിച്ചു. 

തിരക്ക് മൂലം പാരാമെഡിക്കുകള്‍ക്ക് കൃത്യസമയത്ത് സ്ഥലത്ത് എത്താന്‍ കഴിയാതെ വരുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഹാര്‍വി ഈ തമാശ കാണിച്ചത്. എന്തായാലും എല്ലാക്കാലത്തും തമാശകള്‍ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. 




കൂടുതല്‍വാര്‍ത്തകള്‍.