CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 1 Seconds Ago
Breaking Now

മെഡിക്കല്‍ കോളേജില്‍ കുരുന്നുകളുടെ കൂട്ടമരണം; ഒരാഴ്ച കൊണ്ട് മരിച്ചത് 15 നവജാതശിശുക്കള്‍; കുഞ്ഞുങ്ങള്‍ മരിക്കുന്നതൊക്കെ വെറും സ്വാഭാവികമെന്ന് അധികൃതര്‍!

കൂട്ടമരണം പുറത്തുവന്നതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കേരളത്തിലെ ആരോഗ്യ മേഖല ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. വിദഗ്ധരായ ഡോക്ടര്‍മാരും, നവീനമായ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളും, അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്. എന്നാല്‍ കേരളത്തിന് പുറത്തെ സ്ഥിതി ഇതില്‍ നിന്നും ഏറെ വിഭിന്നമാണ്. സര്‍ക്കാര്‍ സൗകര്യങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പലകുറി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ചികിത്സ സാധാരണക്കാരന് സ്വപ്‌നം പോലും കാണാന്‍ കഴിയാത്തതുമാണ്. ഇതിനിടെയാണ് ആസാമിലെ ജോര്‍ഹാത് മെഡിക്കല്‍ കോളേജ് & ഹോസ്പിറ്റലില്‍ നിന്നും ഒരാഴ്ചയ്ക്കിടെ 15 നവജാതശിശുക്കള്‍ മരിച്ചതായി വിവരം പുറത്തുവരുന്നത്. 

കൂട്ടമരണം പുറത്തുവന്നതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിലെ നവജാതശിശുക്കള്‍ക്കായുള്ള സ്‌പെഷ്യല്‍ കെയര്‍ യൂണിറ്റില്‍ നവംബര്‍ 1 മുതല്‍ 6 വരെയായിരുന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രശ്‌നത്തെക്കുറിച്ച് വിശദമായ ആഭ്യന്തര അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചതായി ജെഎംസിഎച്ച് സൂപ്രണ്ട് സൗരവ് ബൊര്‍കാകൊടി വ്യക്തമാക്കി. എന്നാല്‍ മരണങ്ങള്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച കൊണ്ടല്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 

'ആശുപത്രിയിലേക്ക് ചിലപ്പോഴെല്ലാം എത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാകും. ഇങ്ങനെ വരുമ്പോഴാണ് നവജാതശിശുക്കള്‍ വന്‍തോതില്‍ മരിക്കുന്നത്. രോഗികള്‍ ഏത് അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത് എന്നതാണ് ഇക്കാര്യത്തില്‍ ശ്രദ്ധേയം. പ്രസവവേദന ഉണ്ടായിട്ടും വൈകി ആശുപത്രിയില്‍ എത്തുന്നതും, കുഞ്ഞുങ്ങളിലെ ഭാരക്കുറവുമെല്ലാം കാരണങ്ങളാണ്. ഈ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള സാധ്യത കൂടുതലാണ്', ബൊര്‍കാകൊടി പറയുന്നു. 

അതേസമയം സംഭവം വളരെ ഗുരുതരമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. യൂണിസെഫിന്റെ സഹായത്തോടെ വിദഗ്ധ സംഘത്തെയാണ് സര്‍ക്കാര്‍ അന്വേഷണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളതെന്ന് ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.