CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 5 Seconds Ago
Breaking Now

ബ്രിട്ടനെ ഞെട്ടിച്ച് സോഷ്യല്‍ മീഡിയയില്‍ പുതിയ ഭ്രാന്തന്‍ ചലഞ്ച്; ഓണ്‍ലൈന്‍ ലൈക്കുകള്‍ക്കായി കൗമാരക്കാര്‍ സ്വയം ശരീരത്തിന് തീകൊളുത്തുന്നു; ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണമേറുന്നു; ഫയര്‍ ചലഞ്ച് ഇനി ആരുടെയൊക്കെ ജീവനെടുക്കും?

വെയില്‍സില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മെഡിക്കല്‍ വിദഗ്ധര്‍

സോഷ്യല്‍ മീഡിയ നമ്മുടെയൊക്കെ മനസ്സിനെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് പലപ്പോഴും നമ്മള്‍ തിരിച്ചറിയാറില്ല. എന്നാല്‍ ആശങ്കാജനകമായ സ്ഥിതിയാണ് ഇക്കാര്യത്തില്‍ ഉള്ളതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലൈക്കും, വ്യൂകള്‍ കിട്ടാനും, കമന്റ് നേടാനും എന്തും ചെയ്യുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. ഒപ്പം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഒരു പത്ത് പേരെ കാണിച്ച് സംതൃപ്തി അടയുന്നവരാണ് പലരും. പക്ഷെ ഇത്തരം ഓണ്‍ലൈന്‍ ലൈക്കുകള്‍ക്കായി സ്വന്തം ശരീരത്തിന് തീയിടാന്‍ പോലും മടിയില്ലാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ സ്ഥിതി അത്യന്തം ഗുരുതരം എന്നേ പറയേണ്ടൂ!

ഇന്റര്‍നെറ്റില്‍ പ്രശസ്തി നേടാനാണ് കൗമാരക്കാര്‍ തങ്ങളുടെ ശരീരത്തിന് തീകൊളുത്തുന്നത്. സോഷ്യല്‍ മീഡിയ വഴി വ്യാപകമാകുന്ന ഈ ഫയര്‍ ചലഞ്ചിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. തീപിടിക്കുന്ന വസ്തുക്കള്‍ ശരീരത്തിലേക്ക് ഒഴിച്ച ശേഷം തീകൊളുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. 2014-ല്‍ തുടങ്ങിയ ചലഞ്ച് ആണെങ്കിലും ഇതിന്റെ അപകടം മൂലം വലിയ ഹിറ്റ് ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫയര്‍ ചലഞ്ച് വീണ്ടും തലപൊക്കുകയാണ്. വെയില്‍സില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ സ്ഥിരീകരിക്കുന്നു. 

ശരീരത്തിന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് സ്വാന്‍സിയിലെ മോര്‍ടിസണ്‍ ഹോസ്പിറ്റല്‍ സ്‌പെഷ്യലിസ്റ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നു. ശരീരത്തില്‍ സ്വയം തീപിടിക്കുന്ന വസ്തുക്കള്‍ ഒഴിച്ച് തീകൊളുത്താനാണ് ഫയര്‍ ചലഞ്ച് പ്രോത്സാഹിപ്പിക്കുന്നത്. ഗുരുതരമായി പൊള്ളലേല്‍ക്കുന്നതോടെ സര്‍ജറിയും, ജീവന്‍രക്ഷാ ചികിത്സയും ലഭ്യമാക്കേണ്ടി വരും. ആളുകള്‍ക്കിടയില്‍ സ്വീകാര്യത കിട്ടാനും, ഓണ്‍ലൈനില്‍ ഹിറ്റാകാനും ചെറുപ്പക്കാര്‍ക്കിടയില്‍ സമ്മര്‍ദമുണ്ടെന്ന് മോര്‍ടിസണ്‍ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജന്‍ ജെറെമി യാരോ പറഞ്ഞു. 

ഇതിനായി ഏറ്റെടുക്കുന്ന ചലഞ്ചുകള്‍ പലപ്പോഴും ജീവന് ഭീഷണിയാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ജീവിതകാലം മുഴുവന്‍ ഈ മുറിപ്പാടുകളില്‍ നിന്നും രക്ഷയുണ്ടാകില്ല, ദീര്‍ഘമായ ആശുപത്രിവാസവും വേണ്ടിവരും, ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.