രാജസ്ഥാനില്‍ വസുന്ധര രാജ സിന്ധ്യയുടെ സ്വന്തം മണ്ഡലമായ ഝാലവാറില് കണ്ണുവച്ച് കോണ്‍ഗ്രസ്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരിന്ന ജസ്വന്ത് സിങ്ങിന്റെ മകന് മാനവേന്ദ്ര സിങ് വസുന്ധര രാജയുടെ മണ്ഡലത്തില്‍ അവര്‍ക്കെതിരേ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കും.
സെപ്റ്റംബറിലാണ് മാനവേന്ദ്ര സിങ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഇതോടെ, ഡിസംബര്‍ ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍ച്ചയായി മൂന്ന് തവണ വസുന്ധര രാജയെ വിജയിപ്പിച്ച മണ്ഡലത്തില്‍ ബിജെപിയെ അടിപതറിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് മാനവേന്ദ്ര സിങ്ങിലൂടെ നടത്തുന്നത്.
2014ല്‍ ജസ്വന്ത് സിംഗിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് മാനവേന്ദ്ര സിംഗ് ബിജെപിയുമായി ഇടഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് തോറ്റിരുന്നു.