CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 17 Seconds Ago
Breaking Now

തലസ്ഥാനത്ത് വീണ്ടും വെടിപൊട്ടി; ഇരട്ട വെടിവെപ്പില്‍ പരുക്കേറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍; ക്രിസ്മസ് ഷോപ്പിംഗിന് ഇറങ്ങിയ ആളുകള്‍ പരിഭ്രാന്തരായി; ഒരാളുടെ കണ്ണില്‍ നിന്നും ചോരയൊലിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍; അന്തംവിട്ട് പോലീസ്

തലസ്ഥാന നഗരത്തില്‍ അക്രമസംഭവങ്ങള്‍ വ്യാപകമായതോടെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും നിശബ്ദനാണ്

പോലീസ് സേന നോക്കുകുത്തിയാണ്. ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കത്തിക്കുത്തും, അക്രമങ്ങളും കഴിഞ്ഞ് ഇരകളെ ആശുപത്രിയില്‍ എത്തിക്കുന്ന ജോലി മാത്രം ചെയ്യുന്ന ദുരവസ്ഥയിലാണ് ഇപ്പോള്‍ മെറ്റ് പോലീസ്. ഈ വര്‍ഷം ഇതിനകം കൊലപാതകങ്ങള്‍ 250 പിന്നിട്ടിട്ടും അക്രമങ്ങള്‍ തടയാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് അധികൃതര്‍. തലസ്ഥാന നഗരത്തിലെ ഒടുവിലെ അക്രമസംഭവമായി ഇന്നലെ നോര്‍ത്ത് ലണ്ടനിലെ എഡ്മണ്ടനിലാണ് ഇരട്ട വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചതായി മെറ്റ് പോലീസ് സ്ഥിരീകരിച്ചു. 

വലിയ വെടിയൊച്ചയും, പിന്നാലെ ഒരു യുവാവ് ചോരയൊലിപ്പിച്ച് ഓടിവരുന്നതും കണ്ടതായി പ്രദേശത്തെ ഒരു കടയുടമ വെളിപ്പെടുത്തി. കണ്ണില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു, ഭാഗ്യം കൊണ്ടാണ് വെടിയുണ്ട കണ്ണ് തകര്‍ക്കാതെ പോയത്, ദൃക്‌സാക്ഷിയായ അബ്ദുള്‍ മിറര്‍ പത്രത്തോട് പറഞ്ഞു. പ്രദേശത്തെ ബിസിനസ്സുകള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു അക്രമം. ആംബുലന്‍സ് വിളിക്കാന്‍ ഇയാള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. വൈകുന്നേരം 6 മണിയോടെയാണ് 999-ലേക്ക് വിളിയെത്തുന്നത്. ട്രെയിന്‍ സ്‌റ്റേഷന് സമീപമുള്ള ഗോര്‍ഡണ്‍ റോഡില്‍ ജനങ്ങള്‍ ക്രിസ്മസ് ഷോപ്പിംഗ് നടത്താന്‍ ഇറങ്ങിയ സമയത്താണ് അക്രമം. 

സ്ഥലത്തെത്തിയ ഓഫീസര്‍മാരും, ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും നാല് പുരുഷന്‍മാരെയാണ് സ്ഥലത്ത് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് പേര്‍ക്കാണ് വെടിയേറ്റിരിക്കുന്നത്. ഒരാളുടെ നില ഗുരുതരമല്ലെന്ന് മാത്രമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാക്കി രണ്ട് പേരുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അക്രമത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമത്തിനായി ഏത് തരത്തിലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നും വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിക്കുന്നു. പ്രദേശത്ത് പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തലസ്ഥാന നഗരത്തില്‍ അക്രമസംഭവങ്ങള്‍ വ്യാപകമായതോടെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും നിശബ്ദനാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റ് പോലീസ് സേനയ്ക്ക് നല്‍കുന്ന ഫണ്ട് കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതെന്നായിരുന്നു മേയറുടെ മറുപടി. കുട്ടികള്‍ മുതലുള്ളവരുടെ ചോര വീണ് തെരുവുകള്‍ ചുവക്കുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. 




കൂടുതല്‍വാര്‍ത്തകള്‍.