ക്രിസ്ത്യന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടുന്നു. യുദ്ധവിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ആംസ്റ്റൈസ് കണ്‍സേര്‍ട്ട് നടക്കുന്നു. നാനൂറിലേറെ വിശ്വാസികള്‍ ഇതില്‍ മുഴുകി ഇരിക്കുമ്പോള്‍ ബെഞ്ചില്‍ കയറി നില്ക്കുന്ന ഒരു മുസ്ലീം ഇമാം തങ്ങളുടെ പ്രാര്‍ത്ഥനയ്ക്കായി വാങ്ക് കൊടുക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? അത്തരമൊരു സംഭവമാണ് റിമംബ്രന്‍സ് ഡേയ്ക്ക് തലേദിവസം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കത്തീഡ്രലില്‍ അരങ്ങേറിയത്. ബ്ലാക്ബേണ്‍ കത്തീഡ്രലില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ വെച്ചാണ് ഇമാം പ്രാര്‍ത്ഥന നടത്തിയത്.
'അള്ളാ മഹാനാണ്. അള്ളായല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഞാന്‍ സാക്ഷ്യം പറയുന്നു. മുഹമ്മദ് അള്ളായുടെ സന്ദേശവാഹകനാണെന്ന് ഞാന്‍ സാക്ഷ്യം പറയുന്നു', എന്ന് അറബിയില്‍ ഇമാം പ്രഖ്യാപനം നടത്തി. കണ്‍സേര്‍ട്ടിന്റെ ഭാഗമായി നടന്ന ഈ പരിപാടിയ്ക്ക് പള്ളിയുടെ അനുവാദം ഉണ്ടായിരുന്നില്ല. സംഭവത്തെത്തുടര്‍ന്ന് ബ്ലാക്ബേണ്‍ കത്തീഡ്രല്‍ ഡീന്‍ സ്ഥാനത്ത് നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങുകയാണ് പീറ്റര്‍ ഹൊവല്‍ ജോണ്‍സ്. 'അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ആളുകള്‍ എന്റെ രാജി ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ഒന്നും പറയാനില്ല. അവരെ സമാധാനിപ്പിക്കാനും കഴിയില്ല. അവരുടെ വാദങ്ങളോട് ഞാനും യോജിക്കുന്നു', ഡീന്‍ പ്രതികരിച്ചു.
ബ്ലാക്ബേണ്‍ മ്യൂസിക് സൊസൈറ്റി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ കുര്‍ബാനയിലാണ് വെല്‍ഷ് സംഗീതജ്ഞനായ കാള്‍ ജെന്‍കിന്‍സിന്റെ ദി ആംഡ് മാന്‍ എന്ന പരിപാടി നടന്നത്. ഇതിന്റെ ഭാഗമായിരുന്നു വാങ്ക് വിളിയും. പരിപാടി ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് കണ്സേര്ട്ടില് മുസ്ലീം പ്രാര്‍ത്ഥനയും ഉണ്ടെന്ന് തിരിച്ചറിയുന്നത്. പൊടുന്നനെ ഇത് മാറ്റി ബുദ്ധിമുട്ടിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബ്ലാക്ബേണ്‍ മ്യൂസിക് സൊസൈറ്റി പലപ്പോഴായി ചര്‍ച്ചില്‍ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതിനാലാണ് കൂടുതല്‍ ജാഗ്രത പാലിക്കാതെ പോയതെന്ന് ഹൊവല്‍ ജോണ്‍സ് പറയുന്നു. അതേസമയം വിവിധ വിശ്വാസങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മ്യൂസിക് സൊസൈറ്റി ഈ പരിപാടി നടത്തിയതെന്നാണ് ന്യായീകരണം.
അതേസമയം കത്തീഡ്രലിനെ വിശ്വാസികള്‍ക്കുള്ള സ്ഥലമാക്കുന്നതിന് പകരം സാംസ്കാരിക പരിപാടിക്കുള്ള സ്ഥലമാക്കുന്നതിന് എതിരെ വിമര്‍ശനം ഉയരുകയാണ്.